അംഗങ്ങളുടെ ക്വാട്ട തികയ്ക്കാൻ സ്കൂൾ കുട്ടികൾക്ക് മെമ്പർഷിപ്പ്; ബിജെപി എംഎൽഎയുടെ നടപടി വിവാദത്തിൽ

പാർട്ടി അംഗത്വത്തിലേക്കുള്ള അളുകളുടെ ക്വാട്ട തികയ്ക്കാനായി സ്കൂളിൽ അംഗത്വ വിതരണം നടത്തിയ ബിജെപി എംഎൽഎയുടെ നടപടി വിവാദത്തിൽ. ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍നിന്നുള്ള എംഎല്‍എ സുശീല്‍ സിങ് ആണ് അംഗത്വം തികയ്ക്കാന്‍ എളുപ്പ വഴി കണ്ടെത്തി വിവാദത്തിലായത്.

അംഗത്വ ഫോം പൂരിപ്പിച്ചു തരാനും പാര്‍ട്ടി ചിഹ്നം പതിപ്പിച്ച ഷാള്‍ പുതയ്ക്കാനുമാണ് കുട്ടികളോട് സുശീൽ സിങ് ആവശ്യപ്പെട്ടത്. ക്ലാസ് മുറിയിലെത്തി കുട്ടികളെ ബിജെപിയിലേക്കു സ്വാഗതം ചെയ്യുന്ന സുശീല്‍ സിങ്ങിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളെക്കൊണ്ട് പാര്‍ട്ടി പ്രതിജ്ഞ ചൊല്ലിക്കുന്ന ഇയാൾ ക്ലാസ് നടക്കുന്ന സമയത്താണ് അംഗത്വ പരിപാടി സംഘടിപ്പിച്ചത്.

സുശീല്‍ സിങ് ഈ പ്രദേശത്തെ ശക്തനാണെന്നും അതുകൊണ്ട് ആരും ചോദ്യം ചെയ്യാന്‍ നില്‍ക്കില്ലെന്നുമാണ് ഇതിനെക്കുറിച്ച് അധ്യാപകരുടെ പ്രതികരണം. ഓരോ നേതാക്കളും പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ട അംഗങ്ങളുടെ ക്വാട്ട ബിജെപി നിശ്ചയിച്ചുനല്‍കിയിട്ടുണ്ട്. ഇതു തികയ്ക്കാന്‍ നേതാക്കള്‍ ഇത്തരം ചെപ്പടിവിദ്യകള്‍ കാണിക്കുകയാണെന്നാണ് വിമര്‍ശനം.

You must be logged in to post a comment Login