അംജദ് അലിഖാന് വിസ നിഷേധിച്ചത് എമിഗ്രേഷന്‍ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍

Amjad
ന്യൂഡല്‍ഹി: ഉസ്താദ് അംജദ് അലിഖാന് വിസ നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി ബ്രിട്ടന്‍ രംഗത്ത്. ബ്രിട്ടന്റെ എമിഗ്രേഷന്‍ നിയമങ്ങള്‍ പാലിക്കാത്തതിനാലാണ് അംജദ് അലിഖാന്റെ വിസ അപേക്ഷ നിരസിച്ചതെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

എല്ലാ വിസാ അപേക്ഷകളും വ്യക്തികളുടെ പ്രാധാന്യം അനുസരിച്ചാണ് പരിഗണിക്കുന്നതെന്നും എമിഗ്രേഷന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ അപേക്ഷകര്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം പറഞ്ഞു. എന്നാല്‍ അംജദ് അലിഖാന്റെ അപേക്ഷയില്‍ ഉദ്യോഗസ്ഥര്‍ തൃപ്തരായിരുന്നില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം വിസാ നിഷേധിച്ച വിഷയത്തില്‍ അംജദ് അലിഖാനുമായി സംസാരിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി. സെപ്തംബറില്‍ ബ്രിട്ടനിലെ റോയല്‍ ഫെസ്റ്റിവെല്‍ ഹാളില്‍ നടക്കുന്ന പരിപാടിയ്ക്ക് വേണ്ടിയായിരുന്നു അംജദ് അലിഖാന്‍ വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ ബ്രിട്ടന്‍ അപേക്ഷ നിരസിക്കുകയായിരുന്നു. അംജദ് അലിഖാന്റെ പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവതത്തെ ആസ്പദമാക്കി കൊണ്ടാണ് സെപ്റ്റംബര്‍ 17 ലെ പരിപാടി തയ്യാറാക്കിയിരിക്കുന്നത്.

1970 മുതല്‍ മുടങ്ങാതെ ബ്രിട്ടനില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ടെന്നും വിസ നിഷേധിച്ചത് തന്നെ ഞെട്ടിച്ചെന്നുമായിരുന്നു സംഭവത്തോടുള്ള അംജദ് അലിഖാന്റെ പ്രതികരണം.

You must be logged in to post a comment Login