അക്ഷയ് കുമാർ ചിത്രം ‘ലക്ഷ്മി ബോംബി’ൽ നിന്നും രാഘവ ലോറൻസ് പിന്മാറിയതിന് പിന്നിൽ

തമിഴ് നടൻ രാഘവാ ലോറൻസ് തൻ്റെ ഹിറ്റ് ചിത്രം കാഞ്ചന 2 ബോളിവുഡിലേക്ക് ഒരുക്കുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികളെല്ലാം വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ ഈ ചിത്രത്തിൽ നിന്നും രാഘവ ലോറൻസ് പിന്മാറിയതായാണ് പുതിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ലക്ഷ്മി ബോംബ് എന്ന് പേരിട്ടിരുന്ന ചിത്രത്തിൽ നിന്ന് താൻ പിന്മാറേണ്ടി വന്ന സാഹചര്യവും രാഘവ വെളിപ്പെടുത്തുന്നുണ്ട്.

അനാദരവ് നേരിടേണ്ടി വന്നതിനാലാണ് ചിത്രത്തിൻ്റെ സംവിധായകൻ്റെ റോളിൽ നിന്നും താൻ പിന്മാറുന്നതെന്ന് രാഘവ ലോറൻസ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് രാഘവ് ലോറൻസ് ഈ വിഷയത്തിലെ തൻ്റെ നിലപാട് വ്യക്തമാക്കിയത്.

ആദരവ് ലഭിക്കാത്ത ഒരു വീട്ടിലേക്കും പ്രവേശിക്കാൻ പാടില്ലെന്ന് തമിഴിലൊരു ചൊല്ലുണ്ട്. ഈ ലോകത്ത് പണത്തേക്കാളും പ്രശസ്തിയേക്കാളും പ്രധാനമാണ് ആത്മാഭിമാനം. ‘കാഞ്ചന’യുടെ ഹിന്ദി റീമേക്ക് ചിത്രമായ ‘ലക്ഷ്മി ബോബി’ൽ നിന്നും ഞാൻ പിന്മാറുകയാണ്. രാഘവ കുറിച്ചു.

രാഘവയുടെ വാക്കുകൾ ഇങ്ങനെ

“ഈ തീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല, ഒന്നിൽ കൂടുതൽ കാരണങ്ങൾ ഉള്ളതു കൊണ്ടുതന്നെ. ഒന്നു മാത്രം പറയാം, ചിത്രത്തിൻ്റെ ഇന്ന് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ എൻ്റെ അറിവോടെയോ എന്നോട് സംസാരിച്ചതിനു ശേഷമോ അല്ല റിലീസ് ചെയ്തിരിക്കുന്നത്. മൂന്നാമതൊരാൾ പറഞ്ഞാണ് ഞാൻ ഇതറിഞ്ഞത്. ഒരു സംവിധായകനെ സംബന്ധിച്ച് സ്വന്തം ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത കാര്യം മറ്റുള്ളവർ പറഞ്ഞ് അറിയുക എന്നത് ഏറെ വേദനാകരമായ ഒരനുഭവമാണ്.

അപമാനിക്കപ്പെട്ടതിൽ നിരാശയുണ്ട്. ഒരു സൃഷ്ടാവ് എന്ന രീതിയിൽ ആ പോസ്റ്ററിൻ്റെ ഡിസൈനിലും അതൃപ്തിയുള്ളതായി രാഘവ വ്യക്തമാക്കി. ഒരു സംവിധായകനും ഇതുപോലെ സംഭവിക്കരുത്. ചിത്രത്തിൻ്റെ തിരക്കഥ പിൻവലിക്കാൻ തനിക്ക് അധികാരമുണ്ടെങ്കിലും പ്രൊഫഷണലിസത്തെ കരുതി താനതു ചെയ്യുന്നില്ല. അക്ഷയ് കുമാർ സാറിനോട് തനിക്ക് ആദരവുണ്ട്. വൈകാതെ അക്ഷയ് കുമാറിനെ കണ്ട് തിരക്കഥ കൈമാറും. “

ബോളിവുഡിൻ്റെ ബിഗ് ബി ആദ്യമായി ട്രാൻസ്ജെൻഡര്‍ കഥാപാത്രം ചെയ്യാൻ ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ടും ഈ ചിത്രത്തോട് ചേര്‍ത്തുവെച്ചുണ്ടായിരുന്നു. ചിത്രത്തില്‍ കൈറ അദ്വാനിയാണ് നായിക. കാഞ്ചന സീരീസിലെ തന്നെ ഏറെ ശ്രദ്ധ ആകര്‍ഷിച്ച കാഞ്ചന 2 ആണ് ഹിന്ദിയിലേക്ക് ഒരുക്കുന്നത്. കാഞ്ചനയില്‍ ശരത്കുമാര്‍ അവതരിപ്പിച്ച ട്രാന്‍സ് കഥാപാത്രത്തിൻ്റെ മികച്ച പ്രകടനം ഏറെ കൈയ്യടി വാങ്ങിയിരുന്നു. ഈ കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നതെന്നാണ് വിവരം.

റിപ്പോര്‍ട്ട് യാഥാര്‍ഥ്യമാകുകയാണെങ്കിൽ അമിതാഭ് ബച്ചൻ തൻ്റെ അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ ആദ്യമായാകും ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറാണ് നായകന്‍. സംവിധായകനും എഴുത്തുകാരനുമായ ഫര്‍ഹാദ് സാംജിയാണ് കാഞ്ചനയുടെ പുതിയ പതിപ്പിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

You must be logged in to post a comment Login