അഖിലേഷിനെയും രാം ഗോപാല്‍ യാദവിനെയും സമാജ്‌വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു

ലക്‌നൗ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഭൂരിഭാഗം പാര്‍ട്ടി എംഎല്‍എമാരും അഖിലേഷ് യാദവിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. എംഎല്‍എമാരുടെ യോഗത്തിനു ശേഷം ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി അഖിലേഷ് യാദവ് മുലായത്തിന്റെ വസതിയിലെത്തിയിരുന്നു.

പാര്‍ട്ടി നേതാവായ അസം ഖാന്റെയും മഹാരാഷ്ട്രയിലെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അബു ആസ്മിയുടെയും സാന്നിധ്യത്തിലാണ് മുലായവും അഖിലേഷും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത്. അഖിലേഷിനെയും മുലയത്തെയും അനുനയിപ്പിക്കാനായി മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ മുതല്‍ ശ്രമം നടത്തിവരികയായിരുന്നു. ഇന്നുരാവിലെ അസം ഖാന്‍ മുലായം സിങ്ങുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളും സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെട്ടിരുന്നു. വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ സമാജ്!വാദി പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ലാലു, മുലായം സിങ്ങിനോട് ആവശ്യപ്പെട്ടു.

You must be logged in to post a comment Login