അഗ്‌നി രണ്ട് മിസൈല്‍ പരീക്ഷണം വിജയം

ബാലസോര്‍: ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി രണ്ട് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന മിസൈല്‍ ഒഡിഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നായിരുന്നു പരീക്ഷിച്ചത്. 2000 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി.  അഗ്‌നി മിസൈല്‍ ഇതിനോടകം തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ്. ഇന്നലെ നടന്നത് പതിവ് പരീക്ഷണം മാത്രമാണെന്നും ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ പറഞ്ഞു.  ഇരുപത് മീറ്റര്‍ നീളമുള്ള ബാലിസ്റ്റിക് മിസൈലിന് 17 ടണ്‍ ഭാരമാണുള്ളത്. ആയിരം കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. അഗ്‌നി പരമ്പരയിലെ രണ്ടാമത്തെ മിസൈലാണിത്. അഗ്‌നി  ഒന്നിന് 700 കിലോമീറ്റര്‍ ദൂരപരിധിയും അഗ്‌നി മൂന്നിന് 3000 കിലോമീറ്ററും അഗ്‌നി നാലിന് 4000 കിലോമീറ്ററുമാണ് ദൂരപരിധി. അഗ്‌നി അഞ്ചിന് 5000 കിലോമീറ്റര്‍ വരെ കടന്നുകയറി ആക്രമണം നടത്താന്‍ കഴിയും.

You must be logged in to post a comment Login