അങ്കം നിശ്ചയിച്ചു; കേരളത്തില്‍ തിരഞ്ഞെടുപ്പ് മേയ് 16ന്, ഫലപ്രഖ്യാപനം 19ന്

കേരളത്തില്‍ 2.56 കോടി വോട്ടര്‍മാരാണുള്ളത്. 21,498 പോളിങ് ബൂത്തുകള്‍ തയാറാക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. വോട്ടിന് രസീത് കിട്ടുന്ന 18,000 മെഷീനുകള്‍ ഉപയോഗിക്കും.

nazim

ന്യൂഡല്‍ഹി: കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 16ന്, ഫലപ്രഖ്യാപനം 19ന്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികളാണ് പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ 77 ദിവസം നീണ്ടുനില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ഏപ്രില്‍ 29 മുതല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഒരു മാസത്തിന് ശേഷം മെയ് 13നാണ് ഫലം പ്രഖ്യാപിച്ചത്.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇങ്ങനെ: വിജ്ഞാപനം ഏപ്രില്‍ 22ന്, പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 29, സൂക്ഷ്മ പരിശോധന ഏപ്രില്‍ 30, പിന്‍വലിക്കാനുള്ള അവസാന ദിവസം മെയ് രണ്ട്, വോട്ടെടുപ്പ് മെയ് 16, വോട്ടെണ്ണല്‍ മെയ് 19.

പശ്ചിമ ബംഗാളില്‍ ആറ് ഘട്ടമായും അസമില്‍ രണ്ട് ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. ഏപ്രില്‍ നാലിനും ഏപ്രില്‍ 11നുമായി ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ ആദ്യഘട്ടത്തില്‍ രണ്ട് ദിവസങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാള്‍ 294, തമിഴ്‌നാട് 234, പുതുച്ചേരി 30, അസം 126 എന്നിങ്ങനെ 824 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പ് മറ്റ് സംസ്ഥാനങ്ങളില്‍: അസ്സമില്‍ വോട്ടെടുപ്പ് രണ്ടു ഘട്ടമായി ഏപ്രില്‍ നാലിനും ഏപ്രില്‍ 11നും, ബംഗാള്‍ ആറ് ഘട്ടങ്ങളിലായി. ഇതില്‍ ആദ്യഘട്ടത്തില്‍ രണ്ട് വോട്ടെടുപ്പ് ദിവസങ്ങള്‍: ആദ്യഘട്ടംഏപ്രില്‍ 4,11, രണ്ടാം ഘട്ടം ഏപ്രില്‍ 17, മൂന്നാം ഘട്ടം ഏപ്രില്‍ 21, നാലാം ഘട്ടം ഏപ്രില്‍ 25, അഞ്ചാം ഘട്ടം ഏപ്രില്‍ 30, ആറാം ഘട്ടം മെയ് 5. തമിഴ്‌നാട് ഒറ്റദിവസം പോളിങ് മെയ് 16. പുതുച്ചേരി  ഒറ്റ ദിവസം പോളിങ് മെയ് 16. വോട്ടെണ്ണല്‍ എല്ലായിടത്തും മെയ് 19.

അഞ്ച് സംസ്ഥാനങ്ങളും സന്ദര്‍ശിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയിരുന്നു. സേനാവിന്യാസത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി പ്രാഥമിക ചര്‍ച്ചകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വോട്ടര്‍മാരുടെ നിഷേധ വോട്ടായ നോട്ടയ്ക്ക് ചിഹ്നം ഏര്‍പ്പെടുത്തിയതാതും കമ്മിഷന്‍ അറിയിച്ചു. ഓരോ ജില്ലയിലും അഞ്ച് നിരീക്ഷകരെ വീതം ഏര്‍പ്പെടുത്തും. നിരീക്ഷണ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനവും ഒരുക്കും.

പത്രിക സമര്‍പ്പിക്കുന്നതിന് പത്തു ദിവസം മുന്‍പുവരെ വോട്ടര്‍മാരാകാം. വോട്ടര്‍മാരുടെ ചിത്രം പതിപ്പിച്ച സ്ലിപ്പുകള്‍ ലഭ്യമാക്കും. കേരളത്തില്‍ 2.56 കോടി വോട്ടര്‍മാരാണുള്ളത്. 21,498 പോളിങ് ബൂത്തുകള്‍ തയാറാക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. വോട്ടിന് രസീത് കിട്ടുന്ന 18,000 മെഷീനുകള്‍ ഉപയോഗിക്കും. സ്ഥാനാര്‍ഥികളുടെ ചിഹ്നത്തിനൊപ്പം ചിത്രവും വോട്ടിങ് മെഷീനില്‍ നല്‍കും. കേന്ദ്രസേനയെ നിശ്ചയിക്കുന്നതും വിന്യസിക്കുന്നതും കമ്മിഷനായിരിക്കും.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ സര്‍ക്കാരിന് ഇനി ക്ഷേമപദ്ധതികളൊന്നും പ്രഖ്യാപിക്കാനാവില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതിനകം തന്നെ പാര്‍ട്ടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനും സിപിഐഎമ്മിലും ബിജെപിയിലുമുള്‍പ്പെടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാകും കേരളം സാക്ഷ്യം വഹിക്കുക.

You must be logged in to post a comment Login