‘അങ്കമാലി ഡയറീസ്’ അഭിനേതാക്കള്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് അതിക്രമം കാട്ടിയെന്ന പരാതിയുമായി സംവിധായകന്‍ (വീഡിയോ)

കൊച്ചി: ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് അതിക്രമം കാട്ടിയതായി പരാതി. അഭിനേതാക്കളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി സംവിധായകന്‍ തന്നെയാണ് രംഗത്തെത്തിയത്. ചലച്ചിത്ര താരം ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ എണ്‍പതിലധികം പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി അണിയിച്ചൊരുക്കിയ അങ്കമാലി ഡയറീസ്, ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിക്കഴിഞ്ഞു.

സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പൊലീസ് അതിക്രമത്തിനെതിരെ സംവിധായകന്‍ രംഗത്തെത്തിയത്. ചിത്രത്തിന്റെ പ്രചാരണാര്‍ഥം താരങ്ങളടങ്ങിയ സംഘം മൂവാറ്റുപുഴ ഭാഗത്തെത്തിയപ്പോഴായിരുന്നു സംഭവമത്രെ. ചിത്രം പ്രദര്‍ശിപ്പിക്കുന്ന ഇവിടുത്തെ തിയറ്ററിന് മുന്നില്‍വച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അപമര്യാദയായി പെരുമാറിയതെന്നാണ് ആക്ഷേപം.

ലിജോ ജോസ് പെല്ലിശേരി വീഡിയോയില്‍ പറയുന്നതിങ്ങനെ:

നടീനടന്‍മാര്‍ അടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് കുറുകെ പൊലീസ് വാഹനം കൊണ്ടുവന്നു നിര്‍ത്തി എല്ലാവരെയും പൊലീസുകാര്‍ പുറത്തിറക്കി. തുടര്‍ന്ന് വളരെ മോശമായി പൊലീസ് ഇവരോട് സംസാരിച്ചു. മൂവാറ്റുപഴ ഡിവൈഎസ്പിയാണ് ഇതിനു നേതൃത്വം നല്‍കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞാനിപ്പോള്‍ നാട്ടിലില്ല. സംരക്ഷണം തരേണ്ടവര്‍ ഇത്തരത്തില്‍ പെരുമാറാന്‍ തുടങ്ങിയാല്‍ ഈ നാട്ടിലെങ്ങനെ ക്രമസമാധാന പാലനം നടക്കുമെന്ന് എനിക്കറിയില്ല. വളരെ വളരെ മോശമാണ് ഇത്. നാട്ടിലാകെ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്നും സമാന നടപടി ഉണ്ടായാല്‍ എന്തു മറുപടിയാണ് നാം പറയേണ്ടത്?

അവര്‍ അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നിലാണ് സംഭവം. ഒന്നു തിരിഞ്ഞുനോക്കിയാല്‍ അതില്‍ അഭിനയിച്ചവരാണ് ഈ ആളുകളെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. എന്നിട്ടും എന്താണ് വാഹനത്തിനുള്ളില്‍ നടക്കുന്നതെന്ന് ചോദിക്കുകയും പേരു മാറ്റി പള്‍സര്‍ ഡിറ്റോ എന്നാക്കണോ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയാല്‍ എന്തു തരത്തിലാണ് ഇതിനെ നോക്കിക്കാണേണ്ടത്. നാട്ടിലെ ആളുകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഡിപ്പാര്‍ട്‌മെന്റല്ലേ പൊലീസ്?

അതേസമയം സിനിമാ പ്രചാരണത്തിന്റെ ഭാഗമായി ഗ്ലാസുള്‍പ്പെടെ സ്റ്റിക്കര്‍ പതിച്ച വാഹനം കണ്ടപ്പോള്‍ കാര്യങ്ങള്‍ തിരക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം. ഗ്ലാസുള്‍പ്പെടെ പൂര്‍ണമായും നിയമവിരുദ്ധമായി അടച്ചുപൂട്ടിയ വാഹനത്തില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് വാഹനം നിര്‍ത്തി കാറിലുള്ളവരോട് പുറത്തിറങ്ങാന്‍ പറഞ്ഞപ്പോഴാണ് സിനിമയിലെ അഭിനേതാക്കളാണെന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ അവരെ വിട്ടയച്ചതായും മൂവാറ്റുപുഴ ഡിവൈഎസ്പി വ്യക്തമാക്കി.

You must be logged in to post a comment Login