അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ…കടല്‍ കടന്നൊരു മാത്തുക്കുട്ടി പൊട്ടിയതിന് സംവിധായകന്റെ പഴി കേള്‍ക്കുക

പുതിയ ചിത്രമായ കടല്‍ കടന്നൊരു മാത്തുക്കുട്ടി എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ അതിന്റെ പഴി മുഴുവന്‍ സംവിധായകന്‍ രഞ്ജിത്ത് വക മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്. ഫാന്‍സുകാര്‍ ഈ ചിത്രം ഏറ്റെടുക്കാത്തതുകൊണ്ടാണ് ചിത്രം പരാജയപ്പെട്ടതെന്നാണ് സംവിധായകന്റെ പുതിയ കണ്ടെത്തല്‍. സംവിധായകന്‍ എന്ന നിലയില്‍ താന്‍ ചെയ്ത നല്ല ചിത്രമാണെന്നും എന്നാല്‍ റംസാന്‍ കഴിഞ്ഞുള്ള ദിവസം തിയറ്ററിലെത്തിയപ്പോള്‍ ഫാന്‍സുകാര്‍ ചിത്രത്തിനു വേണ്ട പിന്‍തുണ നല്‍കിയില്ലെന്നും ഒരു അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞു. പക്ഷേ ഒരിക്കല്‍ ഫാന്‍സുകാരെ തള്ളിപ്പറഞ്ഞ സംവിധായകനാണ് രഞ്ജിത്ത്.

 

മോഹന്‍ലാലും മമ്മൂട്ടിയും ഫാന്‍സുകാര്‍ക്കു വേണ്ടിയാണ് ചിത്രമുണ്ടാക്കുന്നതെന്നും അതുകൊണ്ടാണ് ലാലിന്റെയൊക്കെ മീശപിരിയന്‍ ചിത്രങ്ങള്‍ സ്ഥിരമായി ഉണ്ടാകുന്നതെന്നും പറഞ്ഞ രഞ്ജിത്തു തന്നെയാണ് ഇപ്പോള്‍ ഫാന്‍സുകാര്‍ക്കെതിരെ തിരിഞ്ഞത്. എന്നാല്‍ ഫാന്‍സുകാര്‍ക്കു പോലും ഏറ്റെടുക്കാന്‍ തോന്നാത്ത ചിത്രമാണിതെന്ന കാര്യം മാത്രം അദ്ദേഹം പറയുന്നില്ല.

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു കടല്‍ കടന്നൊരു മാത്തുക്കുട്ടി. മോഹന്‍ലാലും ദിലീപും ജയറാമുമൊക്കെ അതിഥി താരങ്ങളായി അഭിനയിച്ചിട്ടും ചിത്രം പരാജയപ്പെടാന്‍ കാരണം തിരക്കഥയുടെ പോരായ്മ തന്നെയായിരുന്നു. തിരക്കഥയൊരുക്കിയത് സംവിധായകനും. പ്രേക്ഷകരെ രണ്ടുമണിക്കൂര്‍ തിയറ്ററില്‍ പിടിച്ചിരുത്താന്‍ പറ്റിയ കഥാമുഹൂര്‍ത്തങ്ങളില്ലാത്തതാണ് മാത്തുക്കുട്ടിക്കു തിരിച്ചടിയായത്. കണ്ടു മടുത്ത കുറേ കഥാപാത്രങ്ങളും മമ്മുട്ടിയുടെ നന്മ മാത്രം ആഗ്രഹിക്കുന്ന കഥാപാത്രവും പ്രേക്ഷകനില്‍ ഒരു ഇഷ്ടവും ഉണ്ടാക്കിയില്ല. ആദ്യദിനം തന്നെ മാത്തുക്കുട്ടിയുടെ പരാജയ ജാതകം എഴുതിയിരുന്നു. എന്നാല്‍ സിനിമ പരാജയപ്പെട്ടത് തന്റെ കാരണം കൊണ്ടല്ല എന്നു സമര്‍ഥിക്കാനാണ് സംവിധായകന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

You must be logged in to post a comment Login