അച്ഛനെ കൊന്നവരോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഐഎഎസ് സ്വന്തമാക്കിയ മകള്‍

രണ്ടര വയസ്സ് പ്രായമുള്ളപ്പോള്‍, പോലീസ് സൂപ്രണ്ടായ അച്ഛന്‍ കൊല ചെയ്യപ്പെടുക, പിന്നീട് അദ്ദേഹത്തിന്റെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായി ‘അമ്മ അഹോരാത്രം പോരാടുന്നതിനു സാക്ഷിയാകുക, കൂടെ ഒരു വയസുകാരി അനുജത്തിയും. ഐഎഎസ് ഓഫീസറായ കിഞ്ചല്‍ സിങിന്റെ കഥ ഒരു ആക്ഷന്‍ സിനിമ പോലെയാണ് തോന്നുന്നത്. അച്ഛന്റെ ഘാതകരെ കണ്ടെത്താന്‍ ‘അമ്മ നടത്തിയ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ കുട്ടിക്ക്, അച്ഛനോടുള്ള ആദരസൂചകമായി ഐ എ എസില്‍ കുറഞ്ഞ ലക്ഷ്യങ്ങള്‍ ഒന്നുമില്ലായിരുന്നു. ഒടുവില്‍ നീണ്ട 31 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ അച്ഛന്റെ ഘാതകരെ അവള്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു. കിഞ്ചലിന്റെ കഥയെക്കുറിച്ച് കേള്‍ക്കാം

രാജ്യത്തിന്റെ പലഭാഗങ്ങളിലും പോലീസ് നേതൃത്വത്തില്‍ തീവ്രവാദികള്‍ക്കും മറ്റു ആക്രമികള്‍ക്കും എതിരെ ഏറ്റുമുട്ടലുകള്‍ നടന്നിരുന്ന സമയത്താണ് കിഞ്ചലിന്റെ അച്ഛന്‍ കൊലചെയ്യപ്പെടുന്നത്. എന്നാല്‍ അത്, പൊലീസിലെ ചില ഉന്നതര്‍ നേതൃത്വം നല്‍കിയ വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നു. സത്യസന്ധനായ പോലീസ് ഓഫീസറായിരുന്ന ഡിഎസ്പി കെപി സിങിന്റെ കൊലപാതകം ആയിരുന്നു അതിന്റെ ഏക ഉദ്ദേശം.

35 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഒരു വ്യാജ ഏറ്റുമുട്ടല്‍ ഉത്തര്‍പ്രദേശിലെ ഗോന്‍ഡ ജില്ലയില്‍ നടക്കുന്നത്. ആ ഏറ്റുമുട്ടലില്‍ 13 ആള്‍ക്കാരുടെ ജീവന്‍ നഷ്ടമായി. അഴിമതി, കൈക്കൂലി കേസുകള്‍ ചുമത്തപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സിങിന്റെ മേലുദ്യോഗസ്ഥനായ സരോജ്. താന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ സത്യസന്ധനായ സിങ് വെളിച്ചത്തു കൊണ്ടുവരുമോ എന്ന സരോജിന്റെ ആശങ്കയാണ്, വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് സിങിനെ വകവരുത്താനുള്ള തീരുമാനത്തില്‍ സരോജ് എത്തിയത്. കുറ്റവാളികള്‍ ഒളിഞ്ഞിരിക്കുന്നു എന്ന വിവരം ലഭിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കിയായിരുന്നു ആക്രമണം. അങ്ങനെ നിരപരാധികളായ 12 ഗ്രാമവാസികളും ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

സിങിന്റെ മരണത്തോടെ ഭാര്യ വിഭയും രണ്ടര വയസുകാരി മകള്‍ കിഞ്ചലും ഒരു വയസ് പ്രായമുള്ള മകള്‍ പ്രന്‍ജാലും ഒറ്റപ്പെട്ടു. എന്നാലും ഭര്‍ത്താവിന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായി ഭാര്യ വിഭ പോരാടി. വരാണസിയിലെ ഒരു ട്രഷറിയില്‍ വിഭ ജോലി നേടിയെടുത്തു. ഭര്‍ത്താവിന്റെ മരണശേഷം നീതി നേടിയെടുക്കുന്നതിനു വേണ്ടി അവര്‍ കോടതികള്‍ കയറിയിറങ്ങി. ഇതിനിടയ്ക്ക് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി.

കിഞ്ചലിന് രണ്ടര വയസ് പ്രായമുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതുകൊണ്ട് അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ രണ്ടു മക്കള്‍ക്കും ഇല്ല. നല്ലവനായ അച്ഛന്റെ മരണകാരണവും പ്രതികളെയും കണ്ടെത്താന്‍ ‘അമ്മ നടത്തിയ പോരാട്ടം കണ്ടാണ് ഇരുവരും വളര്‍ന്നത്. അങ്ങനെ ഏതു വിധേനയും പ്രതികളെ കണ്ടെത്തണം എന്ന ആഗ്രഹം ഇരുവര്‍ക്കും ഉണ്ടായി. അച്ഛന്റെ ആഗ്രഹപ്രകാരം സിവില്‍ സര്‍വീസിന്റെ ഭാഗമാകാന്‍ ആ മക്കള്‍ ആഗ്രഹിച്ചു.

ഇതിനിടെ അമ്മയ്ക്കു കാന്‍സര്‍ ബാധിച്ചത് ഇരുവരെയും മാനസികമായി തളര്‍ത്തി. 2004 ല്‍ വിഭ മരണപ്പെടുന്നത് വരെ തന്റെ ഭര്‍ത്താവിനായുള്ള പോരാട്ടം തുടര്‍ന്നു. അമ്മയുടെ മരണശേഷം കിഞ്ചല്‍ പഠനം തുടര്‍ന്നു. അനുജത്തിയെയും കൂടെകൂട്ടി ഡല്‍ഹിയിലേക്ക് പോയി സിവില്‍ സര്‍വീസില്‍ ശ്രദ്ധ പതിപ്പിച്ചു. അങ്ങനെ 2007ല്‍ ഇരുവരും യുപിഎസ്‌സി എന്ന കടമ്പ കടന്നു. കിഞ്ചല്‍ 25ാം റാങ്കും പ്രന്‍ജാല്‍ 252ാം റാങ്കും കരസ്ഥമാക്കി.

കിഞ്ചല്‍ നേടിയ ഐ എ എസ് പദവിക്കു പിന്നില്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, അച്ഛന്റെ ഘാതകരെ കണ്ടെത്തണം, അമ്മയുടെയും അച്ഛന്റെയും ആത്മാവിനു ശാന്തി ലഭിക്കണം. ഐ എ എസ് നേടിയ ഉടന്‍ കിഞ്ചല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കേസ് വീണ്ടും അന്വേഷിച്ചു. കുറ്റവാളികളായവരെ കണ്ടെത്തി. ഡിഎസ്പി സിങിന്റെ മരണത്തിനു കാരണക്കാരായ 18 കുറ്റവാളികളെയും ലക്‌നൗവിലെ സിബിഐ സ്‌പെഷല്‍ കോടതി കുറ്റക്കാരായി വിധിച്ചു. 31 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കെ പി സിങിന് നീതി ലഭിച്ചു. 2013 ലാണ് കേസിന്റെ വിധി വന്നത്. അച്ഛന്റെ ആഗ്രഹപ്രകാരം ഐ എ എസ് നേടിയ കിഞ്ചല്‍ ബെഹ്രൈച്ചിലെ ജില്ലാ മജിസ്‌ട്രേറ്റാണ്. അനുജത്തി പ്രന്‍ജാല്‍ സിങ് അംബാല കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മീഷണറും.

You must be logged in to post a comment Login