അജന്തയിലൂടെ…


സവിതാ സുരേഷ്, പറക്കോട്

”ബുദ്ധം ശരണം ഗച്ഛാമിധര്‍മ്മം ശരണം ഗച്ഛാമിസംഘം ശരണം ഗച്ഛാമി…”ശാക്യമുനിയുടെ ശരണമന്ത്രങ്ങള്‍ ഡക്കാണിലെ ഈ വിജനഭൂവില്‍ നില്‍ക്കുമ്പോള്‍ എന്നോടു മന്ത്രിച്ചതാരാവാം? ബജ്രയും ചോളവും പരുത്തിയും വിളയുന്ന ഈ ഹരിതഭൂവില്‍ ശരണമന്ത്രങ്ങളുരുവിട്ടുകൊണ്ട് നടന്നകലുന്ന ഏതെങ്കിലുമൊരു ബുദ്ധഭിക്ഷു…? ഇല്ല, ഇവിടെ വീശുന്ന കാറ്റുപോലും മൂളിപ്പറക്കുന്നത് ഒരുപാടു കഥകളുമായാണ്. അതില്‍ ബുദ്ധമന്ത്രങ്ങളും യുദ്ധതന്ത്രങ്ങളും അധിനിവേശവും അതിജീവനവും ആത്മസാക്ഷാത്കാരവുമുണ്ട്. ലുംബിനിയിലെ സാലവൃക്ഷത്തോപ്പില്‍ ഉദിച്ചുയര്‍ന്ന ഗൗതമജീവിതം അതിലെ ഒരേടു മാത്രം..മഹാരാഷ്ട്രയിലെ ഔറംഗബാദ് എന്ന ചരിത്രഭൂമികളിലായിരുന്നു ഞാനപ്പോള്‍. ഇതു തന്നെയാണ് ആ വഴി. ബൗധദര്‍ശനങ്ങളുടെ സുവര്‍ണകാന്തിയിലേക്കുള്ള വഴി. പ്രതിഷ്ഠാനം എന്ന അതിപുരാതന ജനപഥത്തില്‍ നിന്നും ഉജ്ജയിനിയും താണ്ടി മഗധയുടെ രാജഗൃഹത്തോളം പടര്‍ന്നുപോകുന്ന പ്രൗഢമാര്‍ന്ന രാജവീഥി. സാര്‍ത്ഥവാഹക സംഘങ്ങളും രാജപ്രമുഖരും ഭിക്ഷാംദേഹികളും സഞ്ചാരികളും, നിറംവച്ച കഥാപാത്രങ്ങളായി നിറഞ്ഞാടി ഒടുവില്‍ കാലയവനികക്കുള്ളില്‍ നടന്നുമറഞ്ഞ ആ പുരാതന പട്ടുപാത. ഈ വീഥി അവസാനിക്കുന്നത് ഗൗതമബുദ്ധനിലേക്കോ മഹാവീരജൈനനിലേക്കോ അതുമല്ലെങ്കില്‍ മഹാരാജാ ഛത്രപതി ശിവജിയിലേക്കോ ഒക്കെ ആവാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ ഒരു സത്യാന്വേഷിയോ ചരിത്രാന്വേഷിയോ കലോപാസകനോ സഞ്ചാരിയോ ആരുമായിക്കൊള്ളട്ടെ. ഇവിടെ എല്ലാത്തിനുമുത്തരം ഉണ്ട്. ആത്മാവിലുണര്‍ന്ന തീവ്രമായ അതീന്ദ്രിയ അനുഭൂതികളെ മറ്റൊരു ഈശ്വര സാക്ഷാത്കാരമായി അനുഭവിച്ചറിഞ്ഞ ഒരുകൂട്ടം ദിവ്യശില്പികളുടെ ഇന്ദ്രജാലം കൂടിയാണ് ഈ അജന്ത-എല്ലോറ വിസ്മയങ്ങള്‍. പ്രപഞ്ചത്തെ അമ്പരപ്പിച്ച വിശ്വകര്‍മ്മാക്കള്‍. അവര്‍ ജീവന്‍ പകര്‍ന്ന അനശ്വര ശിലാചാരുതകള്‍. അതു തേടിയാണ് മകനോടൊപ്പം ഞാനും ഡക്കാണിന്റെ കനകം വിളയുന്ന കറുത്തമണ്ണില്‍ എത്തിച്ചേര്‍ന്നത്. രാജരഥങ്ങള്‍ ഏറെ ഓടിയതും ഒടുങ്ങിയതുമായ മണ്ണ്. ശതവാഹനരും വാകാടകരും ചാലൂക്യരും രാഷ്ട്രകൂടരും വെട്ടിത്തെളിച്ച ഈ പാതയിലൂടെ തന്നെയാണ് ഖില്‍ജിയുടെ പ്രതാപവും തുഗ്ലക്കിന്റെ തമാശയും ശിവജിയുടെ മാറാത്ത വീര്യവും കണ്ട് നാം അദ്ഭുതം കൂറിയത്. കാലം ചിലതെല്ലാം മായ്ച്ചും മറച്ചും വയ്ക്കുമെങ്കിലും കാലത്തെ അതിജീവിക്കാന്‍ ചിലതിനെ നിലനിര്‍ത്തുക തന്നെ ചെയ്യും. അത് പ്രകൃതിയുടെ നിയോഗമാകാം. അതിനെ അജന്തയെന്നോ എല്ലോറയെന്നോ നമുക്ക് പേര്‍ ചൊല്ലി വിളിക്കാം. എന്നാല്‍ ഇന്നിവിടെ ബുദ്ധന്മാരില്ല. അവരുടെ വര്‍ഷകാല തപസിനായി ഗിരികന്ദരങ്ങളൊരുക്കിയ അതീന്ദ്രിയ ശില്പികളുമില്ല. ജൈനരും ശൈവരും മുഗളരും പാശ്ചാത്യരുമില്ല. പകരം ഡക്കാന്‍ മലനിരകളുടെ അതിബ്രഹത്തായ താഴ്‌വരയില്‍ ഹരിതഛായം നിറച്ച് കാറ്റിലാടി നില്‍ക്കുന്ന കരിമ്പും ബജ്രയും ചോളവും വിളയുന്ന കൃഷിഭൂമി കാണാം. ഇടയ്ക്കിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന ചെറിയ കാര്‍ഷിക നാല്‍ക്കവലകളും കാണാം.ഔറംഗബാദില്‍ നിന്നും അജന്തയിലേക്ക് നൂറുകിലോമീറ്ററാണ് ദൂരം. ബൗദ്ധജൈന കഥകളുടെയും ചരിത്രത്തിന്റെയും തുച്ഛമായ അറിവുകള്‍ പരസ്പരം പങ്കുവെച്ച് ടാക്‌സിയില്‍ സുഖകരമായൊരു പ്രഭാതയാത്ര. ഇടയ്ക്ക് നിറംമങ്ങിയ ഒരു ഭക്ഷണശാലയില്‍ നിന്നു തികച്ചും ഗ്രാമീണരുചിയില്‍ തയ്യാറാക്കിയ ‘പോഹ’ എന്ന പ്രഭാതഭക്ഷണം. വിലയും രുചിയും തുച്ഛം. എങ്കിലും സമാധാനിച്ചു വിശപ്പടങ്ങിയില്ലല്ലോ. ഇതു ബുദ്ധമാര്‍ഗമാണ്. കഠിനവൃതവും അമിതാസക്തികളും ഉപേക്ഷിച്ച് മധ്യമ മാര്‍ഗത്തിലൂടെ ആത്മസാക്ഷാത്കാരത്തിലെത്താന്‍ ശിഷ്യരേ ഉദ്‌ബോധിപ്പിച്ച ശാക്യഗുരു. മധ്യപ്രദേശിന്റെ അതിര്‍ത്തിയിലേക്കു നീളുന്ന ദേശീയപാതയിലൂടെയുള്ള തുടര്‍യാത്ര. പുതിയ യുഗത്തിന്റെ സാര്‍ത്ഥവാഹകസംഘങ്ങള്‍ വലിയ ചരക്കുലോറികളായി രൂപാന്തരം പ്രാപിച്ച് തിരക്കിട്ട് ഓടിമറയുന്ന കാഴ്ച. ചെന്നിറങ്ങിയത് ഒരു സംഘം ചൈനീസ് യാത്രികരുടെ ഇടയിലേക്കാണ്. മകന്റെ വിരലില്‍ താങ്ങി കച്ചവടക്കാരേയും വഴികാട്ടികളെയും ഡോളിവാലകളെയും പിന്നിട്ട് ഒരല്പം ബുദ്ധിമുട്ടി കരിങ്കല്‍ പടവുകള്‍ കയറിത്തുടങ്ങി. മറാഠയുടെ വീര്യമേറിയ വെയില്‍ നാളം ഞങ്ങളെ ആശ്ലേഷിക്കാനെത്തി. ആദ്യദര്‍ശനത്തില്‍ കറുത്ത ഗുഹാനിരകള്‍ നമ്മെ സ്തംബ്ധരാക്കുക തന്നെ ചെയ്യും. ഏതോ യുഗത്തില്‍ അഗ്നിപര്‍വ്വത ശിലകളാല്‍ രൂപം കൊണ്ട അര്‍ത്ഥവൃത്താകാരമായ കരിങ്കല്‍ ശൈലം. കാടും കാട്ടാറും കരിമ്പാറകളും സമന്വയിക്കുന്ന കാനനഭംഗി. വന്യമായ ഈ നിഗൂഢതയിലെ മഹാമൗനത്തെ ഉടച്ചകൊണ്ട് ഈ കാടകങ്ങളില്‍ മുഴങ്ങിയ ആദ്യ പ്രതിധ്വനി…ആ ഉളിനാദം മുഴക്കിയത് ആരാവാം? ഈ കരിമ്പാറയുടെ ഏത് ഉദരത്തിലാവാം ആദ്യ ഉളിപ്പാടുകള്‍ പതിഞ്ഞത്? ഒരു കല്ലില്‍ തുടങ്ങി കലയുടെ മഹാകാവ്യം തന്നെ രചിക്കാന്‍ അവര്‍ക്കു പ്രേരണയായത് എന്താവാം? ഒരു മഴയുടെ താളാത്മകമായ സംഗീതംപോലെ ശിലയില്‍ പതിഞ്ഞ ആ ആരോഹണ അവരോഹണങ്ങള്‍ക്കായി ഞാന്‍ കാതോര്‍ത്തു..ഇവിടെ ഒരു ഗൈഡിന്റെ സഹായമില്ലാതെ കാഴ്ചകള്‍ കാണുന്നത് കഥ അറിയാതെ ആട്ടം കാണുന്നവനു തുല്യമാണെന്നു തോന്നി. തുടര്‍ യാത്രയില്‍ ഒരു വഴികാട്ടിയേയും ഞങ്ങള്‍ക്കൊപ്പം കൂട്ടി. ഇപ്പോഴാണ് ചിത്രങ്ങള്‍ വ്യക്തമായിത്തുടങ്ങിയത്.ക്രിസ്തുവിന് മുമ്പ് (ബി.സി-200) ഹീനയാന ബുദ്ധിസത്തിന്റെ സുവര്‍ണകാലഘട്ടത്തില്‍ അതിന്റെ പ്രചാരകരും പ്രണേതാക്കളുമായിരുന്ന ശതവാഹന രാജാക്കന്മാര്‍ ബുദ്ധഭിക്ഷുക്കള്‍ക്ക് വരള്‍ച്ചാകാലങ്ങളില്‍ സ്ഥിരവാസത്തിനൊരുക്കിയ സംഘാരാമങ്ങളാണ് ഈ വനകുടീരങ്ങള്‍. ശതവാഹന കാലഘട്ടത്തിനു ശേഷം എ.ഡി-7ാം നൂറ്റാണ്ടിലെത്തിയ വാകാടക രാജാക്കന്മാര്‍ ഇതിന്റെ രണ്ടാംഘട്ട നിര്‍മ്മിതി നടത്തുകയായിരുന്നു. അവരോ മഹായാന ബുദ്ധിസത്തിന്റെ പ്രയോക്താക്കളും. അങ്ങനെ രണ്ടു വ്യത്യസ്ത കാലങ്ങളിലായി പണിതീര്‍ത്ത ആറുകിലോമീറ്ററോളം നീളത്തിലുള്ള മുപ്പത് ചൈത്യങ്ങളും വിഹാരങ്ങളുമാണിവകളെല്ലാം. ചൈത്യമെന്നാല്‍ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമായുള്ള പ്രാര്‍ത്ഥനാലയങ്ങള്‍. ഇവയില്‍ ഗൗതബുദ്ധന്റെ വലിയ കരിങ്കല്‍ വിഗ്രഹങ്ങളും ചുമര്‍ചിത്രങ്ങളും ഒപ്പം ചിലതില്‍ ഗുരുഭൂതന്മാരുടെ ഭൗതീകാവശിഷ്ടങ്ങള്‍ അടക്കം ചെയ്ത സ്തൂപങ്ങളും ഉള്‍പ്പെടുന്നു. വിഹാരമെന്നാല്‍ ഭിക്ഷുക്കള്‍ക്കായുള്ള അതിവിശാലമായ വാസഗൃഹങ്ങള്‍. ചൈത്യങ്ങളേക്കാള്‍ വലുപ്പമേറിയവയാണ് വിഹാരങ്ങള്‍. ഇവയ്‌ക്കെല്ലാം ശില്പാലംകൃതമായ പൂമുഖങ്ങള്‍, ചിത്രത്തൂണുകള്‍, കല്‍ ഇടനാഴികകള്‍, ബുദ്ധശ്രീകോവിലുകള്‍, സഭാമണ്ഡലങ്ങള്‍ ഇവ കൂടാതെ ചിലതില്‍ ഇരുനില മട്ടുപ്പാവുകള്‍, ചുറ്റു ഗോവണികള്‍, കല്‍ഉത്തരങ്ങള്‍ തുടങ്ങിയ സവിശേഷ നിര്‍മ്മിതികള്‍ നമുക്കുത്തരം തരാത്ത സമസ്യകളായി മാറുന്നു. ഒന്നു മുതല്‍ 30 വരെ സംഖ്യകള്‍ കുറിക്കുന്ന ഈ ശിലാഭവനങ്ങള്‍ എല്ലാം തന്നെ അവിടെ നിന്ന് തന്നെ ഉറവ പൊട്ടുന്ന ‘വഗോറ’ എന്ന ജീവധാരയ്ക്ക് അഭിമുഖമായി പൂര്‍വ്വദിക്കിലേക്ക് ദര്‍ശനമാകത്തക്കവണ്ണം പണിതിരിക്കുന്നു. എന്നാല്‍ ഇതിനപ്പുറമായി എന്നെ ആകര്‍ഷിച്ചത് ഇരുളും വെളിച്ചവും സമന്വയിക്കുന്ന ഗുഹാന്തരങ്ങളാണ്. കാടിന്റെ പച്ചപ്പും വഗോരയുടെ കാല്‍ചിലമ്പും കരിമ്പാറയുടെ തണുപ്പും ഇരുണ്ട നിഗൂഢതയും അതിലേക്ക് അലിഞ്ഞുചേരുന്ന ഒത്തിരി വെട്ടവും… ഏതൊരു സത്യാന്വേഷിയുടെയും ആത്മാവില്‍ നിന്നുണരുന്ന ബീജമന്ത്രത്തെ ഈ പ്രപഞ്ചത്തോളമെത്തിക്കാന്‍ ഇവിടുത്തെ പ്രതിധ്വനിക്കു കഴിയും എന്നെനിക്കു തോന്നി.  ഒന്നാം നമ്പര്‍ ഗുഹയില്‍ തന്നെയാണ് ആദ്യം ഞങ്ങള്‍ പ്രവേശിച്ചത്. പാതി അടഞ്ഞ മിഴികളും വലംകയ്യില്‍ പദ്മവുമേന്തി ഒരല്പം സ്‌ത്രൈഭാവത്തോടെ നിലകൊള്ളുന്ന പത്മപാണിബോധിസത്വരൂപം. പഴയ ചരിത്രപുസ്തകത്തിന്റെ പുറംതാളിലെ ചിത്രത്തെ തിരിച്ചറിഞ്ഞുകൊണ്ട് മകന്‍ അവിടതന്നെ നിലകൊണ്ടു. കനകകിരീടവും കാരുണ്യനേത്രങ്ങളും ജ്ഞാനപ്രകാശത്തിന്റെ പ്രതീകമായ താമരയും അനുഗ്രഹമുദ്രയും എല്ലാമായി നില്‍ക്കുന്ന ബൗദ്ധന്മാരുടെ പൂര്‍വ്വബുദ്ധനായ അവലോകിതേശ്വര പദ്മപാണിബോധിസത്വന്‍. കാലപ്പഴക്കത്താല്‍ വര്‍ണങ്ങളും വരകളും മാഞ്ഞുതുടങ്ങിയെങ്കിലും ചൈതന്യത്തിന് ഒരു പോറലുമേല്‍ക്കാതെ പ്രകൃതി കാത്തുസൂക്ഷിക്കുന്ന ബുദ്ധദേവന്‍. ഇത് ഒരു ചുവര്‍ചിത്രമാണ്… ഇവിടെ തുടങ്ങുകയാണ് അജന്ത എന്ന കാഴ്ചയും അനുഭവവും ആനന്ദവും..കാലപ്പഴക്കത്താല്‍ നിറം മാഞ്ഞുതുടങ്ങിയ ചിത്രങ്ങളും അംഗഭാഗം വന്നുപോയ വിഗ്രഹങ്ങളും ധാരാളം ഉണ്ടെങ്കിലും ആ അഭംഗി അജന്തയുടെ പൗരാണിക ഭാവത്തിനും പ്രൗഢിക്കും മാറ്റുകൂട്ടുകയാണെന്നു തോന്നി.ഒന്നും രണ്ടും ഗുഹകള്‍ ഏകദേശം ഒരേ മാതൃകകള്‍ തന്നെയെന്നു പറയാം. ബുദ്ധചരിതവും ബൗദ്ധദര്‍ശനങ്ങളും മുഖ്യപ്രമേയങ്ങളാണ്. ബുദ്ധചരിതമായ ജാതകകഥകളില്‍ തുടങ്ങി ശതവാഹന വാകാടക രാജകാലഘട്ടം വരെയുള്ള ജനപഥങ്ങള്‍. ജീവിതം, നാട്, നഗരങ്ങള്‍ എന്നു തുടങ്ങി മൃഗ-പക്ഷി-വൃക്ഷ ലതാദികള്‍ ആഭരണ അലങ്കാരങ്ങള്‍, മനുഷ്യവികാര വിചാരഭാവങ്ങള്‍, ഒരു കാലഘട്ടത്തിന്റെ സമ്പ്രദായങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എല്ലാം വരച്ചുചേര്‍ത്തിരിക്കുന്നു. പുരാണവും ചരിത്രവും മിത്തും യഥാര്‍ത്ഥ്യവും ഇഴചേര്‍ന്നുകിടക്കുന്ന ഒരു മഹേന്ദ്രജാലം.ഇതിനു നാം കടപ്പെട്ടിരിക്കേണ്ടത് ആ സാഹസികനോടാണെന്നെനിക്കു തോന്നി. ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ജോണ്‍ സ്മിത്ത്(1819). ഹീനയാന ചൈത്യഗൃഹമായിരുന്ന 10-ാം നമ്പര്‍ ക്ഷേത്രചുവരിലെ നിറം മങ്ങിയ കല്‍ഭിത്തികളിലൊന്നില്‍ കോറിയിട്ട ആ പഴയ കൈയൊപ്പ്, മൊബൈല്‍ വെളിച്ചത്തില്‍ ഗൈഡ് കാട്ടിത്തന്നപ്പോള്‍ ചരിത്രത്തിന്റെ മൗലിയില്‍ തൊട്ടുവച്ച ഒരു തിലകക്കുറിപോലെ അതു ശോഭിക്കുന്നതായി അനുഭവപ്പെട്ടു. അതെ, സാഹസികര്‍ അങ്ങനെയാണ്. പ്രകൃതി ഒളിപ്പിക്കുന്ന കാണാകാഴ്ചകള്‍ സ്വന്തമാക്കുന്നവരാണ് അവര്‍. ഇദ്ദേഹമില്ലായിരുന്നുവെങ്കില്‍ 16-ാം നമ്പര്‍ ഗുഹ ഒരുക്കിയ വരാഹദേവനെയും  17-ാം നമ്പര്‍ ക്ഷേത്രം പണികഴിപ്പിച്ച ബുദ്ധഭദ്രനെയും 26-ലെ ആചാര്യന്‍ സ്ഥവിര അചലയേയും പിന്നെ എണ്ണമറ്റ ശില്പികളെയും ബൗദ്ധന്മാരേയും നമ്മള്‍ അറിയപ്പെടാതെ പോകുമായിരുന്നുവെന്നു മാത്രമല്ല കഥയറിയാത്ത കാട്ടുകുരങ്ങന്മാരുടെയും കടവാവലുകളുടെയും മൃതകുടീരങ്ങളായി അജന്ത മണ്‍മറയുകയും ചെയ്യുമായിരുന്നു. ഓരോ ചൈത്യങ്ങളും വിഹാരങ്ങളും എടുത്തു പഠിക്കാന്‍ ഏറെയാണുള്ളത്. ചരിത്രാന്വേഷിയായോ സന്യാസിയായോ യാത്രികനായോ എത്തുകയേ വേണ്ടൂ. കാലം മായ്ച്ച ചിത്രങ്ങളും കഥകള്‍ മന്ത്രിക്കുന്ന ശില്പങ്ങളും അവരുടെ ഏകാഗ്രമായ മൗനം വെടിഞ്ഞ് നമ്മോടു വാചാലരാകും. പ്രൗഢമാര്‍ന്ന പൂമുഖങ്ങളിലൂടെ ശ്രേഷ്ഠമാര്‍ന്ന മട്ടുപ്പാവുകളിലൂടെ ഇരുളിമയാര്‍ന്ന ഇടനാഴികളിലൂടെ നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും അലയാം. ആചാര്യഭാവത്തിലും അനുഗ്രഹരൂപത്തിലും അര്‍ത്ഥനീമിലിത നേത്രങ്ങളിലും നമുക്ക് സ്വയം കണ്ടെത്താനാകും. സിദ്ധാര്‍ത്ഥ രാജകുമാരന്റെ ശാക്യമുനിയിലേക്കുള്ള പരിവര്‍ത്തന യാത്ര.അത് 26-ാം നമ്പര്‍ ഗുഹയോളം എത്തുന്നു. അവിടെയാണ് തഥാഗതന്റെ നിര്‍വ്വാണ വിഗ്രഹം. ഏഴു മീറ്ററോളം നീളത്തില്‍ അനന്തശയന രൂപത്തില്‍ ഇരുളിലും അത് പ്രകാശിക്കുന്നതായി തോന്നി. അനന്തകോടി ദീപങ്ങള്‍ക്കുമുപരിയുള്ള ദിവ്യവെളിച്ചം. ക്യാപ്റ്റന്‍ സ്മിത്തും കൈകള്‍ കൂപ്പിപ്പോയ ഡിവൈന്‍ ലൈറ്റ്. ഭ്രമത്താല്‍ മത്തരായി കഴിഞ്ഞിരുന്നു ഞങ്ങള്‍. ഗൗതമ ബുദ്ധനിലൂടെയുള്ളൊരു തീര്‍ത്ഥയാത്ര. ലുംബിനിയിലൂടെ, കപിലവസ്തുവിലെ വിരഹിയായ യശോധയിലൂടെ നിരജ്ഞനാ നദിയുടെ നിറഞ്ഞ തീരങ്ങളിലൂടെ സിദ്ധാര്‍ത്ഥന് പാല്‍ നിവേദ്യം നല്‍കിയ സുജാതതയുടെ ഉരുവേല ഗ്രാമത്തിലൂടെ രാജാബിംബസാരനും അജാതശത്രുവും അടക്കിവാണ മഗധയിലൂടെ, ഗൗതമപാദങ്ങള്‍ നടന്നു മറഞ്ഞ സാരാനാഥം, വാരണാസി, കോസലം, ശ്രാവസ്തി, അമ്രപാലിയുടെ വൈശാലി..ഒടുവില്‍ കുശിനാരയില്‍ എരിഞ്ഞടങ്ങിയിടത്തോളം അലയുകയായിരുന്നു, ഞാനും…ബുദ്ധനിലെത്താന്‍.എന്നാല്‍ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് നിര്‍വ്വാണ വിഗ്രഹത്തിന്റെ പാദകമലത്തിലെ ചിത്രത്തൂണില്‍ ചാരി പാതിയടഞ്ഞ മിഴികളോടെ ‘മാതംഗി’ ഇരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. മറാഠാ മണ്ണിന്റെ ഏതോ ഉള്‍നാടന്‍ തീര്‍ത്ഥാടക സംഘത്തിനൊപ്പം എത്തിയവളെങ്കിലും ആരവത്തോടെ വട്ടംകൂടിയിരുന്നു വിശ്രമിക്കുന്ന സംഘാംഗങ്ങളില്‍ നിന്നും ഒറ്റതിരിഞ്ഞ് മാതംഗി, ഇവിടെ ഈ ഇരുട്ടില്‍ തനിച്ചിരിക്കുകയാണ്. ശാന്തമായ നിര്‍വ്വികാരമായ ആ ഇരുപ്പ് കണ്ടിട്ടാണ് ഞാനവളെ ‘മാതംഗി’ എന്നു വിളിച്ചത്. ഗൗതമ ശിഷ്യനായ ആനന്ദന്‍ ”ജാതി ചോദിക്കുന്നില്ലാ ഞാന്‍ സോദരീ… ചോദിക്കുന്നൂ നീര്‍ നാവു വരണ്ടഹോ…” എന്നു പറഞ്ഞ് മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് ബൗദ്ധശിഷ്യഗണത്തിലേക്ക് കൈപിടിച്ചകൊണ്ടുവന്ന ചണ്ഡാല പെണ്‍കുട്ടി.”ഗ്രാമത്തിന്‍ പുറത്തങ്ങു വസിക്കുന്നചാമര്‍ നായകന്‍ തന്റെ കിടാത്തി…” ബുദ്ധ ചരിതത്തില്‍ നിന്നും കുമാരനാശാന്‍ അടര്‍ത്തിയെടുത്ത് അമൃതകൈരളിക്കു കാഴ്ചവച്ച ‘ചണ്ഢാലഭിക്ഷുകി’. അവളിലെ ശാന്തമായ ആത്മീയഭാവം കണ്ടപ്പോള്‍ അങ്ങനെ സങ്കല്പിക്കാനാണ് എനിക്കു തോന്നിയത്. മാതംഗി അവിടെതന്നെ ഇരുപ്പാണ്. ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. 27,28,29,30…ശിലാഭവനങ്ങള്‍ ഇനിയുമുണ്ട്. പാതി പണിത് ഉപേക്ഷിച്ചവ, പൂര്‍ണതയോടെ നിലനില്‍ക്കുന്നത്, തുടക്കത്തിലേ ഉപേക്ഷിച്ചുകളഞ്ഞത്. ഇവിടെ പൂര്‍ണവിരാമമില്ല…കമാന പൂമുഖങ്ങളോടുകൂടിയ 1,9,10,19,26 ഗുഹകള്‍, ആചാര്യ ബുദ്ധന്റെ 16-ാം നമ്പര്‍ വിഹാരം. സ്തൂപത്താല്‍ അലംകൃതമായ 9-ാം നമ്പര്‍ ചൈത്യം..ബി.സിയില്‍ പണിതവ എ.ഡിയില്‍ പണിതവ..മഹായാന ഹീനയാന ചൈത്യങ്ങള്‍, വിഹാരങ്ങള്‍… ഇല്ല ഇവിടെ കാലത്തിന്റെ കൂടിച്ചേരലുകള്‍ ഇല്ല. എല്ലാം ഒരു കരവിരുതില്‍ വിരിഞ്ഞപോലെ ബി.സിയും എ.ഡിയും ഹീനയായ മഹായാനങ്ങളെല്ലാം ഇവിടെ ഒന്നായി സ്പന്ദിക്കുന്നു.കല്‍പ്പടവുകള്‍ കയറിയിറങ്ങി ഞാന്‍ തിരികെ നടക്കുമ്പോള്‍ തളര്‍ന്നു തുടങ്ങിയിരുന്നു. കല്ലില്‍ തട്ടാതെയും വെയിലേറ്റു വാടാതെയും നാവു വരളാതെയും മകനെന്നേ കാത്തു. അവന്റെ വിരലില്‍ തൂങ്ങി ഞാനൊരു കുട്ടിയായി മാറി.ശാക്യമുനിയായി വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ കൊട്ടാരത്തിലെത്തി അച്ഛനോടു ഭിക്ഷയാചിക്കുന്ന സിദ്ധാര്‍ത്ഥകുമാരനെയും തൊട്ടടുത്ത് രാഹുലനെ ചേര്‍ത്തുനിര്‍ത്തി തീക്ഷ്ണമായ വേദന ഉള്ളിലൊതുക്കുന്ന വിരഹിയായ യശോദയുടെയും മുഖം വല്ലാത്ത നൊമ്പരമായി മനസിലവശേഷിച്ചു.അസ്തമയത്തോടെ അജന്ത വിജനമാകും. ആരവങ്ങള്‍ ഒഴിയുമ്പോള്‍ അന്ധകാരം നിറയുമ്പോള്‍ ആത്മജ്ഞാനം തേടി, മാതംഗി അവിടെ തന്നെ ഉണ്ടാകുമോ? ബുദ്ധന്റെ ആത്മബോധവും ആശാന്റെ കാല്പനികതയും ചേര്‍ന്ന ഒരഭൗമകാന്തിയില്‍ മാതംഗി ഏകയായി തപം ചെയ്യുന്നത് ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി. എന്തുകൊണ്ടോ അവള്‍ അവിടെത്തന്നെ ഉണ്ടാകണേ എന്നു പ്രാര്‍ത്ഥിക്കുവാന്‍ എനിക്കു തോന്നി. അജന്തയിലെ ഇരുള്‍വെളിച്ചങ്ങളുടെ സമന്വയത്തില്‍ സ്വയം ഒലിച്ചുചേരുന്ന മാതംഗി.

You must be logged in to post a comment Login