അജയ്യനായി മലയാളത്തിന്റെ സ്വന്തം ജയന്‍

ലിന്‍സി ഫിലിപ്പ്


മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ ഹീറോ ആരാകുമെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു.അത് ജയന്‍ എന്ന മൂന്നക്ഷരമാണ്. എഴുപതുകളില്‍ മലയാളി പ്രേക്ഷകന്റെ സിരകളില്‍ ഒരു ‘അഡ്രിനാലിന്‍ റഷ്’ ഇഫക്ട് ഉണ്ടക്കിയ അനശ്വര പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് മുപ്പത്തിയൊന്‍പത് വര്‍ഷം തികയുകയാണ്.മറക്കാനാവാത്ത ജീവനും തേജസ്സും ഓജസ്സും നിറഞ്ഞ കഥാപാത്രങ്ങള്‍ നിറഴഞ്ഞാടിയ അതുല്യ പ്രതിഭയെന്നാണ് മലയാള ചലച്ചിത്ര ലോകം ഇന്നും അദ്ദേഹത്തെ വാഴ്ത്തുന്നത്. അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്. ജയഭാരതി മലയാലത്തിന് സമ്മാനിച്ച മാണിക്യ കല്ലായിരുന്നു അദ്ദേഹം. ഏതാണ്ട് 15 വര്‍ഷത്തിലധികം നാവിക സേനയില്‍ പ്രവര്‍ത്തിച്ചു വന്ന അദ്ദേഹം പിന്നീട് മലയാള സിനിമാ ലോകത്ത് മായാത്ത കഥാപാത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. മരണ ശേഷവും അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ തിയറ്ററുകളിലെത്തി. 1983ല്‍ അഹങ്കാരമാണ് ജയന്റേതായി അവസാനം തിയറ്ററിലെത്തിയ ചലച്ചിത്രം.

ശരപഞ്ചരം, മൂര്‍ഖന്‍, മനുഷ്യമൃഗം, ഗര്‍ജ്ജനം അങ്ങനെ ജയന്‍ അവിസ്മരണീയമാക്കിയ ഒട്ടനവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. വി ആര്‍ നോട്ട് ബെഗേഴ്സ് എന്ന ഡയലോഗ് മലയാളത്തിന് എക്കാലവും പ്രിയപ്പെട്ടതാണ്. 120-ലധികം മലയാള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 1939 ജൂലൈ 25ന് കൊല്ലം ജില്ലയില്‍ തേവള്ളി എന്ന സ്ഥലത്താണ് ജയന്‍ ജനിച്ചത്. സത്രം മാധവന്‍പിള്ള എന്നും കൊട്ടാരക്കര മാധവന്‍പിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയില്‍ ഭാരതിയമ്മ. സോമന്‍ നായര്‍ അനുജനായിരുന്നു.

ജയന്റെ ശബ്ദം ഗാംഭീര്യമുള്ളതായിരുന്നു. തുടക്കത്തില്‍ അദ്ദേഹത്തിന് ചെറിയ വേഷങ്ങളായിരുന്നു ലഭിച്ചത്. വില്ലന്‍ വേഷങ്ങളിലും അദ്ദേഹം നന്നായി തിളങ്ങി. ചെറിയ വേഷങ്ങളില്‍ ചലച്ചിത്ര ലോകത്തേക്ക് കാല്‍വെയ്പ്പ് നടത്തിയ അദ്ദേഹം പിന്നീട് വില്ലനായി വേറിട്ട കാഴ്ചാനുഭവം നല്‍കുകയായിരുന്നു. അതുവഴി അദ്ദേഹം അനശ്വരനായ നായക നടനുമായി. ജയനെ ജനകീയ നടനാക്കിത്തീര്‍ത്തത് അങ്ങാടി ആയിരുന്നു.

എഐ.വി ശശിയുടെ കോളിളക്കം എന്ന സിനിമയിലെ സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് അദ്ദേഹം വിടവാങ്ങിയത്. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്തു വച്ചായിരുന്നു അപകടം നടന്നത്. മരിക്കുമ്പോള്‍ 41 വയസ്സേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. കസ്തൂരി മാന്‍ മിഴി എന്ന ഗാനം മലയാളിക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്. ആ ഗാന രംഗത്തിലെ ജയനെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. കോളിളക്കത്തിലെ ചിത്രീകരണത്തിനിടെയില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയപ്പോള്‍ ആ വിടവാങ്ങല്‍ മലയാളത്തിന് തികച്ചും ആകസ്മികമായിരുന്നു. സത്യത്തില്‍ അദ്ദേഹത്തിന്റെ മരണം പോലും പിന്നീട് വലിയ കോളിളക്കം സൃഷ്ടിച്ചു എന്നു വേണം പറയുവാന്‍…

 

 

You must be logged in to post a comment Login