അഞ്ചാം ഏകദിനം ഇന്ന്;പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

തൂത്തുവാരാന്‍ ഇന്ത്യ ലീഡ്‌സ്: ഏകദിനപരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇറങ്ങുന്നു, മാനക്കേട് ഒഴിവാക്കാന്‍ ജയമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന തിരിച്ചറിവില്‍ ഇംഗ്ലണ്ടും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ പരമ്പരയില്‍ 3-0ന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. ഇന്ന് ജയിച്ചാല്‍ ടെസ്റ്റ് പരമ്പരയിലെ നാണക്കേട് മറക്കാന്‍ പോന്ന ഒരു സമ്പൂര്‍ണ ഏകദിന പരമ്പര വിജയം ഇന്ത്യന്‍ പോക്കറ്റിലാകും.

മത്സരം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. പരമ്പരയിലെ ആദ്യ ഏകദിനം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ 133 റണ്‍സിനും മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിനും നാലാം ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്. 2012 ല്‍ ഓസ്‌ട്രേലിയയോട് 4-0 ന് തോറ്റതിനുശേഷം ഒരു സമ്പൂര്‍ണപരമ്പര നഷ്ടം ഇംഗ്ലണ്ടിനെ തുറിച്ചുനോക്കുന്നത് ഇപ്പോഴാണ്. ഇന്ത്യ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ഏറ്റവും കൂടുതല്‍ ജയങ്ങള്‍ ഇന്ത്യക്കായി സ്വന്തമാക്കിയ ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കിയ ധോണി ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. ആകെയുള്ള ദു:ഖബിന്ദുവായ ശിഖര്‍ ധവാനും ഇപ്പോള്‍ ഫോമിന്റെ പരകോടിയിലാണ്.

പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാറിന് വിശ്രമം നല്‍കി ഉമേഷ് യാദവിനെ ധോണി കളത്തിലിറക്കാന്‍ സാധ്യതയേറെയാണ്. സഞ്ജു സാംസണ്‍ ഇന്നും പവലിയനിലിരുന്ന് കളി കാണാനാണ് സാധ്യത. കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന മോഹിത് ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ ഉമേഷ് യാദവോ ധവാല്‍ കുല്‍ക്കര്‍ണിയോ മോഹിത്തിന് പകരമായെത്തും. ഇംഗ്ലണ്ടിന് ഒന്നുമങ്ങ് ശരിയാകുന്നില്ല. ബാറ്റ്‌സ്മാന്മാരുടെ പരാജയമാണ് ഇംഗ്ലണ്ടിന്റെ പ്രധാന പ്രശ്‌നം. മുന്‍നിരയില്‍ മികച്ച തുടക്കം നല്‍കാനൊരു ബാറ്റ്‌സ്മാനെ അവര്‍ക്ക് ആവശ്യമുണ്ട്. ഇയാന്‍ ബെല്‍ ഇന്നും പുറത്തിരിക്കാനാണ് സാധ്യത. ഹെയ്ല്‍സിനും ബട്‌ലര്‍ക്കും പുറമെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. ഇന്നും തോറ്റാല്‍ അലിസ്റ്റര്‍ കുക്കിന്റെ നായകത്വംതന്നെ അവതാളത്തിലാകും. ഹാരി ഗൂര്‍ണിക്കു പകരമായി ട്രഡ്‌വെല്‍ ടീമിലെത്താന്‍ സാധ്യതയുണ്ട്. മോയിന്‍ അലി ടീമില്‍ സ്ഥാനം നിലനിര്‍ത്തും.
ലീഡ്‌സില്‍ ഇതുവരെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ടുതവണ ജയം ഇന്ത്യക്കൊപ്പം നിന്നു. മൂന്നുതവണ ഇംഗ്ലണ്ടിനൊപ്പവും. സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചായിരുന്നു ഇവിടെ കഴിഞ്ഞ മത്സരത്തിന് ഒരുക്കിയിരുന്നത്. അതിനാല്‍ തന്നെ ഇത്തവണ കൂടുതല്‍ പച്ചപ്പ് നിറഞ്ഞ പിച്ചാകും തയാറാക്കുക. അതിനാല്‍ പേസര്‍മാര്‍ക്ക് തുണയാകും. മഴ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
സാധ്യതാ ടീം  ഇന്ത്യ: ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, മോഹിത് ശര്‍മ.  ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, അലക്‌സ് ഹെയ്ല്‍സ്, ഇയാന്‍ ബെല്‍ ഗ്യാരി ബാലന്‍സ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, മൊയന്‍ അലി ബെന്‍ സ്‌റ്റോക്ക്‌സ്, ക്രിസ് വോക്‌സ്, സ്റ്റീവന്‍ ഫിന്‍, ജെയിംസ് ട്രെഡ്വെല്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

You must be logged in to post a comment Login