അഞ്ച് സുന്ദരികളിലെ “കുഞ്ഞുസുന്ദരി”

മഞ്ചേരി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ബാലതാരത്തിന്‍െറ പ്രകടനത്തിനുള്ള മികച്ച അംഗീകാരത്തിന്‍െറ മധുരം നുണഞ്ഞ് കൊച്ചു അനിഖ. എറണാകുളം പനമ്പള്ളി നഗറിന് സമീപം വിദ്യാനഗറില്‍ സുരേന്ദ്രന്‍െറയും മഞ്ചേരി രജിതാമെറ്റല്‍സ് ഉടമ രജിതയുടെയും മകളായ അനിഖ ഇതിനകം 13 സിനിമകളിലാണ് ബാലതാരമായി വേഷമിട്ടത്.


അഞ്ചുസുന്ദരികള്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ ഒമ്പതുകാരിക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. സേതുലക്ഷ്മി എന്ന സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രേക്ഷക ഹൃദയങ്ങളില്‍ ഉറപ്പിക്കാന്‍ അനിഖക്ക് കഴിഞ്ഞു.
അന്‍വര്‍ റഷീദിന്‍െറ ഛോട്ടാമുംബൈ എന്ന സിനിമയില്‍ ഒന്നരവയസ്സില്‍ കാമറക്ക് മുന്നില്‍ വന്നകൊച്ചുതാരത്തിന് ഈ വേനലവധിയില്‍ കിട്ടിയ മികച്ച സമ്മാനവും പ്രോല്‍സാഹനവുമായി അവാര്‍ഡ്.കഥ തുടരുന്നു, റേസ്, ഫോര്‍ഫ്രന്‍ഡ്‌സ്, ലാസ്റ്റ് വിഷന്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളിലും ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മൂന്നാഴ്ച മുമ്പ് പുറത്തിറങ്ങിയ ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. എറണാകുളം ചോയ്‌സ് സ്കൂളില്‍ പഠിക്കുന്നഅനിഖ പുതുവര്‍ഷത്തില്‍ അഞ്ചാം ക്ലാസിലേക്ക് കടക്കാനിരിക്കുകയാണ്.

You must be logged in to post a comment Login