അടിയ്ക്കിടെ അടിപതറി ബാഗ്ലൂര്‍; സണ്‍റൈസേഴ്‌സിന് ഐപിഎല്ലില്‍ കന്നിക്കിരീടം

hyderabad

ബംഗളൂരു: ഐപിഎല്‍ കലാശപ്പോരില്‍ സ്വന്തം തട്ടകത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് അടിതെറ്റി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 8 റണ്‍സിന് തോല്‍പ്പിച്ച് ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ഐപിഎല്ലിന്റെ ഒന്‍പതാം സീസണില്‍ കന്നി കിരീടം സ്വന്തമാക്കി. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ കേവലം 8 റണ്‍സ് അകലെ കീഴടങ്ങി. ഓപ്പണിങ് കൂട്ടുകെട്ടില്‍ 114 റണ്‍സ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടും ബാംഗ്ലൂരിനെ നിര്‍ഭാഗ്യം തോല്‍വിയിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. 38 പന്തില്‍ നിന്നു എട്ടു സിക്‌സറിന്റെ അകമ്പടിയോടെ 76 റണ്‍സ് അടിച്ചുകൂട്ടിയ ക്രിസ് ഗെയ്‌ലും 35 പന്തില്‍ നിന്നു 54 റണ്‍സ് നേടിയ നായകന്‍ വിരാട് കൊഹ്‌ലിയും വീണതോടെ വിജയം കൈപ്പിടിയിലെന്ന് കരുതിയ ബാംഗ്ലൂറിന് അടിപതറി.

എബി ഡിവില്ലിയേഴ്‌സ് (5) രണ്ടക്കം കാണാതെ പുറത്തായി. ലോകേഷ് രാഹുലും വാട്‌സനും 11 റണ്‍സ് മാത്രം സാമ്പാദ്യവുമായി കൂടാരം കയറി. അവസാന ഓവറുകളില്‍ വിജയപ്രതീക്ഷ തെളിച്ച് മലയാളി താരം സച്ചിന്‍ ബേബി പൊരുതിയെങ്കിലും വിധി മാറ്റിയെഴുതാനായില്ല. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയ ഭുവനേശ്വര്‍ കുമാറാണ് സണ്‍റൈസേഴ്‌സിന്റെ വിജയവഴിയിലെ നിര്‍ണായക താരം. സണ്‍റൈസേഴ്‌സിനു വേണ്ടി ബെന്‍ കട്ടിങ് രണ്ടും സ്രാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ബിപുല്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് സണ്‍റൈസേഴ്‌സ് അടിച്ചുകൂട്ടിയത്. നായകന്‍ ഡേവിഡ് വാര്‍ണറുടെയും യുവരാജ് സിങിന്റെയും ബെന്‍ കട്ടിങിന്റെയും തകര്‍പ്പന്‍ ബാറ്റിങാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അവസാന മൂന്ന് ഓവറില്‍ 52 റണ്‍സാണ് കൊഹ്‌ലിയുടെ ബോളര്‍മാര്‍ വഴങ്ങിയത്.

നേരത്തെ, ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ആദ്യ വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും 63 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. വാര്‍ണര്‍ 24 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. ശിഖര്‍ ധവാന്‍ 28 ഉം ഹെന്റികസ് നാലും റണ്‍സെടുത്ത് പുറത്തായി. 38 പന്തില്‍ 69 റണ്‍സെടുത്ത വാര്‍ണറുടെ വിക്കറ്റ് ശ്രീനാഥ് അരവിന്ദിനാണ്. പിന്നീടെത്തിയ യുവരാജ് 23 പന്തില്‍ 38 റണ്‍സ് അടിച്ചെടുത്ത് ഹൈദരാബാദ് സ്‌കോറിങിന് വേഗം നല്‍കി. അവസാന ഓവറുകളില്‍ പന്ത് തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയ ബെന്‍ കട്ടിങിന്റെ വെടിക്കെട്ട് പ്രകടനം റോയല്‍ ചലഞ്ചേഴ്‌സിന്റെ നെഞ്ചിടിപ്പ് കൂട്ടി. 15 പന്തില്‍ നാലു സിക്‌സിന്റെയും മൂന്നു ബൗണ്ടറികളുടെയും അകമ്പടിയോടെ 39 റണ്‍സാണ് കട്ടിങ് അടിച്ചുകൂട്ടിയത്. ബാംഗ്ലൂരിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്നു വിക്കറ്റും ശ്രീനാഥ് അരവിന്ദ് രണ്ടും ചാഹല്‍ ഒന്നും വിക്കറ്റ് നേടി.

You must be logged in to post a comment Login