അടുക്കളത്തോട്ടത്തില്‍ വാഴും വഴുതന

NCRP0136537

വീടായാല്‍ ഒരു അടുക്കളത്തോട്ടം വേണം, തോട്ടത്തില്‍ വഴുതനയും. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടു വര്‍ഷം വരെ വിളവെടുക്കാം. വിത്തു പാകി ആണ് സാധാരണയായി കത്തിരി തൈകള്‍ മുളപ്പിക്കുക. മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്ത് അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുകയും ചെയ്യണം. വിത്തുകള്‍ പാകുന്ന വിധം മെയ്, ജൂണ്‍ മാസമാണ് വഴുതന കൃഷിക്ക് ഏറ്റവും ഉചിതം.

പാകേണ്ട വിത്തുകള്‍ എടുക്കുക, ഒരുപാടു എടുക്കണ്ട, നമുക്ക് ഒരു പത്തു ചെടികള്‍ നടാന്‍ ആണ് എങ്കില്‍ ഒരു അമ്പതുഅറുപതു വിത്തുകള്‍ എടുക്കാം. വിതയ്ക്കുന്ന വിത്തുകള്‍ എല്ലാം മുളക്കില്ല. വളര്‍ന്നു വരുന്നവയില്‍ തന്നെ ആരോഗ്യമുള്ളവ മാത്രം എടുക്കുക. ടെറസ്സിലെ ഗ്രോ ബാഗ്, ചെടിചട്ടി അല്ലെങ്കില്‍ തറയില്‍ വിരിച്ച മണലിലോ വിത്ത് വിതക്കാം. രാവിലെയും വൈകിട്ടും മിതമായി നനക്കാം. ശ്വേത (വെളുത്ത കളര്‍ , ഇടത്തരം നീളം), ഹരിത (ഇളം പച്ച, നല്ല നീളമുള്ളത്), നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) ഇവയാണ് പ്രധാനപ്പെട്ട ചില വഴുതന ഇനങ്ങള്‍.

വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു വെള്ളത്തുണിയില്‍ വിത്തുകള്‍ കെട്ടി, മുക്കി വെക്കാം. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോഴും ശ്രദ്ധിക്കുക, വെള്ളം ഒഴിച്ചു കൊടുക്കാതെ കൈയ്യില്‍ എടുത്തു കുടയുക. വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകള്‍ അല്ലെങ്കില്‍ തൈകള്‍ പത്ത് സെന്റീമീറ്റര്‍ ഉയരത്തിലാവുകയാണെങ്കില്‍ ഇളക്കി മാറ്റാം.

ആരോഗ്യമുള്ളവ വേണം തിരഞ്ഞെടുക്കാന്‍. വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കി എടുക്കാം. വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗോ, പ്ലാസ്റ്റിക്ക് കവറോ ഉപയോഗിക്കാം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലര്‍ത്തിയ നടീല്‍ മിശ്രിതം ഉപയോഗിക്കാം. നടുമ്പോള്‍ വേറെ വളം ഒന്നും പാടില്ല. അടിവളമായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് ജൈവവളം ഇട്ടു കൊടുക്കാം. സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്.

You must be logged in to post a comment Login