അടുത്തമാസം ആദ്യം ബലേനൊ ആര്‍എസ് വിപണിയിലെത്തും

മാരുതിയുടെ ആദ്യ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് ബലേനൊ ആര്‍ എസ് അടുത്തമാസം വിപണിയിലെത്തും. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ് നെക്‌സ വഴി വില്‍ക്കുന്ന നാലാമത്തെ വാഹനത്തിന്റെ പുറത്തിറക്കല്‍ മാര്‍ച്ച് ആദ്യ ആഴ്ച തന്നെയുണ്ടാകുമെന്നും ഫെബ്രുവരി 27 ന് ബുക്കിങ് ആരംഭിക്കുമെന്നുമാണ് സൂചന. പോളോ ജിടി ടിഎസ്‌ഐ, പുന്തോ അബാര്‍ത്ത് തുടങ്ങിയ കാറുകളുമായി ഏറ്റുമുട്ടാനെത്തുന്ന കാറിന്റെ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ബുസ്റ്റര്‍ജെറ്റ് എന്‍ജിന് 5500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി കരുത്തുണ്ടാകും. മാരുതിയുടെ ഏറ്റവും കരുത്തു കൂടിയ ഹാച്ച്ബാക്കായിരിക്കും ബലേനൊ ആര്‍ എസ്.

പ്രീമിയം ഹാച്ച്ബാക് ബലേനൊയുടെ രൂപം തന്നെയായിരിക്കും ആര്‍എസിനും. കൂടുതല്‍ സ്‌റ്റൈലിഷ് ലുക്ക് ലഭിക്കുന്നതിനായി ബംബറില്‍ ചെറിയൊരു മാറ്റവും കറുത്ത അലോയ് വീലും നല്‍കിയെന്നൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. പൂജ്യത്തില്‍ നിന്ന് 100 കീമി വേഗത കൈവരിക്കാന്‍ 12 സെക്കഡുകള്‍ മാത്രം മതി ഇതിന്. 1700 മുതല്‍ 4500 വരെ ആര്‍പിഎമ്മില്‍ 150 എന്‍എമ്മാണ് ടോര്‍ക്ക്. കഴിഞ്ഞ ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പൊയില്‍ പ്രദര്‍ശിപ്പിച്ച ബലേനൊ ആര്‍എസിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

നിലവിലുള്ള ബലേനൊയുടെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുണ്ട്. 1.2 ലീറ്റര്‍, വി വി ടി പെട്രോള്‍, 1.3 ലീറ്റര്‍, ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനുകളാണു കാറിന് കരുത്തേകുന്നത്. സ്വിഫ്റ്റിലെ പെട്രോള്‍ എന്‍ജിന്റെ ട്യൂണിങ് പരിഷ്‌കരിച്ച് ബലേനൊയിലെത്തുമ്പോള്‍ പരമാവധി 83 ബി എച്ച് പി കരുത്തും 115 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുന്നത്. പലകുറി മികവു തെളിയിച്ച 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. പെട്രോള്‍ എന്‍ജിനൊപ്പം അഞ്ചു സ്പീഡ് മാനുവല്‍, കണ്ടിന്വസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സി വി ടി) ഗീയര്‍ബോക്‌സുകളാണുള്ളത്. ഡീസല്‍ എന്‍ജിനു കൂട്ട് മാനുവല്‍ ഗീയര്‍ബോക്‌സ് മാത്രം.

You must be logged in to post a comment Login