അടുത്ത ജന്മദിനം തച്ചങ്കരി പൊതു അവധിയായി പ്രഖ്യാപിച്ചേക്കും: മുരളീധരന്‍


തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ നിയമനത്തെച്ചൊല്ലി നിയമസഭയില്‍ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പരിഹാസം. ഇഷ്ടമില്ലാത്ത ഡിജിപിയെ മാറ്റിയതിന്റെ പേരില്‍ മുഖ്യമന്ത്രി സഭയ്ക്കും നാടിനും അവമതിപ്പുണ്ടാക്കിയെന്നു കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ടിപി വധക്കേസിലെ പ്രതികളെ പിടികൂടിയതിനു പിണറായി വിജയന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ നോട്ടപ്പുള്ളിയാക്കിയെന്നും അതാണ് ഇപ്പോഴത്തെ നാണക്കേടുകള്‍ക്കു വഴിവച്ചതെന്നും മുരളീധരന്‍ ആരോപിച്ചു.

ഏപ്രില്‍ 24ന് ആണ് സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. വിധിയെ ചോദ്യം ചെയ്തു സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി കൊടുത്തു. വിധി പറഞ്ഞ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിധിയിലെ പാളിച്ചകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടാനായില്ല. സുപ്രീം കോടതി വിധി അന്തിമമാണ്. അതു നടപ്പാക്കുകയാണ് വേണ്ടിയിരുന്നത്. സൗമ്യ വധക്കേസില്‍ ഹൈക്കോടതി ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്കു വിധിച്ചു. എന്നാല്‍ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി. സുപ്രീം കോടതി വിധിയല്ലേ സൗമ്യ വധക്കേസില്‍ അന്തിമമായി നടപ്പാക്കുക. ഇതെല്ലാം അറിയാമായിരുന്നിട്ടും സര്‍ക്കാര്‍ ഹര്‍ജിയുമായി പോയി.

മേയ് അഞ്ചിന് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഉത്തരവ് നടപ്പാക്കാത്തതിനു സര്‍ക്കാരിനു കോടതിയലക്ഷ്യ നോട്ടിസ് അയച്ചു. 25000 രൂപ പിഴയും ചുമത്തി. ഇംഗ്ലിഷ്, മലയാളം മാധ്യമങ്ങളെല്ലാം ഒരുപോലെയാണ് സെന്‍കുമാര്‍ കേസിലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാരിനു കിട്ടിയതു മിന്നല്‍ പ്രഹരം ആണെന്നും ചോദിച്ചുവാങ്ങിയ അടിയെന്നും മാധ്യമങ്ങള്‍ പറഞ്ഞു. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി തിരിച്ചുവരുമെന്ന് ഉറപ്പായപ്പോള്‍ സേനയില്‍ ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. ഡിവൈഎസ്പി, ഐജി, എഡിജിപി റാങ്കിലുള്ളവരെ മാറ്റി. ഇങ്ങനെ മാറ്റാനുള്ള സമയം കിട്ടാനാണോ റിവിഷന്‍ ഹര്‍ജിയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയതെന്നും മുരളീധരന്‍ ചോദിച്ചു.

പൊലീസില്‍ മേലെ ശ്രീവാസ്തവ, താഴെ തച്ചങ്കരി എന്നതാണ് ഇപ്പോള്‍. പൊലീസ് തലപ്പത്തുള്ള ശ്രീവാസ്തവയും തച്ചങ്കരിയും മുഖ്യമന്ത്രിക്കു പറ്റിയ ആളുകളാണ്. ശ്രീവാസ്തവയ്ക്കു എന്താണ് കുഴപ്പമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു. നിങ്ങളുടെ കാലത്തും ഞങ്ങളുടെ കാലത്തും ഡിജിപി ആയിരുന്നില്ലെ എന്നാണു മുഖ്യമന്ത്രി വിശദീകരിച്ചത്. പിണറായി വിജയന്‍ സിപിഎം സെക്രട്ടേറിയറ്റ് അംഗമായിരുന്ന കാലത്തു തലപ്പാടി മുതല്‍ കളിയിക്കാവിള പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുണ്ട്. ചാരമുഖ്യന്‍ രാജിവയ്ക്കുക, ശ്രീവാസ്തവയെ അറസ്റ്റു ചെയ്യുക. കെ.കരുണാകരനെയാണ് ചാരമുഖ്യന്‍ എന്നു വിശേഷിപ്പിച്ചത്. അദ്ദേഹം രാജ്യത്തിനെതിരെ ചാരപ്രവര്‍ത്തനം നടത്തി എന്നല്ലായിരുന്നു ആരോപണം. ചാരവൃത്തി നടത്തിയ ഐജിയെ പുറത്താക്കിയില്ല എന്നതും ശ്രീവാസ്തവയെ അറസ്റ്റു ചെയ്തില്ലെന്നതുമായിരുന്നു കരുണാകരനെതിരായ കുറ്റം. ഇപ്പോള്‍ ആ ശ്രീവാസ്തവ ഉപദേശിച്ചില്ലെങ്കില്‍ തനിക്ക് ഉറക്കംവരില്ല എന്നുള്ള സ്ഥിതിയിലേക്കു മുഖ്യമന്ത്രി മാറിയിരിക്കുന്നെന്നു മുരളീധരന്‍ പരിഹസിച്ചു.

സ്വന്തം ജന്മദിനം വകുപ്പിന്റെ ആഘോഷമാക്കിയ ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി. പൊലീസ് ആസ്ഥാനത്തെ എഡിജിപി നിയമനത്തോടെ തച്ചങ്കരി അടുത്ത ജന്മദിനം സംസ്ഥാനത്തിന് പൊതുഅവധി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇഷ്ടമുള്ള ഉദ്യോഗസസ്ഥരെ കയറൂരി വിടുകയും അല്ലാത്തവരെ ദ്രോഹിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ അദ്ദേഹത്തെ കുഴിയില്‍ ചാടിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. നാക്കുപിഴ പറ്റുന്നയാളല്ല പിണറായി. എന്നിട്ടും സഭയില്‍ മുഖ്യമന്ത്രി പപ്പാത്തിച്ചോലക്കു പകരം ചപ്പാത്തിച്ചോലയെന്നാണ് വായിച്ചത്. ഇതു നാക്കുപിഴയല്ല, ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കുഴിയില്‍ ചാടിച്ചതാണ്.

ഉപദേശികളുടെ എണ്ണത്തെക്കുറിച്ചു മുഖ്യമന്ത്രിക്കു ഓര്‍മയില്ല. സഭയില്‍ നല്‍കിയ മൂന്നു മറുപടികളില്‍ ആറു മുതല്‍ എട്ടു വരെ ഉപദേശകരുണ്ടെന്നാണ് പറഞ്ഞത്. ഉപദേശിച്ചു ഉപദേശിച്ചു 25000 രൂപ പിഴ അടയ്‌ക്കേണ്ട നിലയിലെത്തി. കേരള നിയമസഭ അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ആദ്യ മുഖ്യമന്ത്രി ഇഎംഎസിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു. ഈ ആഘോഷവേളയില്‍ വീണ്ടും ഇടതുപക്ഷ സര്‍ക്കാരിനെ കോടതിയലക്ഷ്യത്തിനു ശിക്ഷിച്ച സന്ദര്‍ഭമുണ്ടായി. രണ്ടു സര്‍ക്കാരും തുല്യനിലയില്‍ എത്തിയെന്നു മുഖ്യമന്ത്രിക്കു അഭിമാനിക്കാമെന്നും മുരളീധരന്‍ പറഞ്ഞു.

You must be logged in to post a comment Login