അടുത്ത മാസം നാല് ദിവസം എസ്ബിഐ എടിഎം, ഓണ്‍ലൈന്‍ സേവനങ്ങള്‍ രാജ്യവ്യാപകമായി സ്തംഭിക്കും

തിരുവനന്തപുരം: അടുത്ത മാസം നാല് ദിവസം എസ്ബിഐ എടിഎം, ഓണ്‍ലൈന്‍ സേവനങ്ങള്‍ രാജ്യവ്യാപകമായി സ്തംഭിക്കും. എസ്ബിടി-എസ്ബിഐ ഡേറ്റ ലയനത്തിന് പിന്നാലെ മറ്റ് നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരകൈമാറ്റം നടക്കുന്നതിന്റെ ഭാഗമായാണ് സേവനം തടസപ്പെടുന്നത്. മെയ് 6,13, 20, 27 തീയതികളിലാണ് എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ നിശ്ചലമാകുക.

രാത്രി 11.30 മുതല്‍ പിറ്റേന്ന് രാവിലെ ആറ് വരെയാണ് ഇടപാടുകള്‍ തടസപ്പെടുക. ഡേറ്റ ലയനം ശനിയാഴ്ച രാത്രി തുടങ്ങി ഞായറാഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ ശാഖകളിലെ ഇടപാടുകളെ ബാധിക്കില്ല.

അനുബന്ധ ബാങ്കുകളുമായുള്ള ഡേറ്റ സംയോജനത്തില്‍ ആദ്യം തെരഞ്ഞെടുത്തത് എസ്ബിടിയെ ആയിരുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി. എസ്ബിഐയുടെയും പഴയ എസ്ബിടിയുടെയും ശാഖകളും എടിഎമ്മുകളും ഇന്നലെ മുതല്‍ ഒറ്റ ശൃംഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.

മൊബൈല്‍ ബാങ്കിങ് സംബന്ധിച്ച പരാതികളുമായി ഇന്നലെ ശാഖകളില്‍ ഇടപാടുകാര്‍ എത്തി. ഇവ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login