അടുത്ത 50 ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ റിലീസിനെത്തുന്നത് ഇരുപതോളം ചിത്രങ്ങള്‍; പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഇവയാണ്

അടുത്ത 50 ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ റിലീസിനെത്തുന്നത് 20 മുതല്‍ 25 ചിത്രങ്ങള്‍. സെപ്തംബര്‍ 13ന് ഗണേശചതുര്‍ത്ഥിയോടനുബന്ധിച്ചും ഒക്ടോബര്‍ 18ന് ആയുധ പൂജയോടനുബന്ധിച്ചും ഉള്ള അവധിക്കാലത്ത് ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള നിര്‍മ്മാതാക്കളുടെ തീരുമാനമാണ് ഇത്രയും എണ്ണത്തിന് കാരണം.

സൂപ്പര്‍താരങ്ങളായ വിക്രം, ധനുഷ്, ശിവകാര്‍ത്തികേയന്‍, വിശാല്‍, സമന്ത, ജ്യോതിക എന്നിവരുടെ ചിത്രങ്ങള്‍ ഈ കാലയളവില്‍ റിലീസ് ചെയ്യും. ആഗസ്ത് 30ന് നയന്‍താരയും അനുരാഗ് കശ്യപും ഒന്നിക്കുന്ന ഇമൈക്കാ നൊടികള്‍, വിജയ് സംവിധാനം ചെയ്ത ആറുത്ര, പ്രകാശ് രാജിന്റെ 60 വയത് മനിതന്‍, വെട്രിമാരന്‍ നിര്‍മ്മിച്ച് അട്ടക്കത്തി ദിനേശ് നായകനായ അണ്ണനുക്ക് ജയ് എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തു.

സെപ്തംബര്‍ ആറിന് റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പേരന്‍പ് റിലീസ് ചെയ്‌തേക്കും. ഗണേശചതുര്‍ത്ഥി അവധിക്കാലത്ത് നാല് ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. സെപ്തംബര്‍ 13ന് വിജയ് സേതുപതി-തൃഷ ടീമിന്റെ 96, ശിവകാര്‍ത്തികേയന്റെ സീമ രാജ, കാര്‍ത്തിക് നരേന്റെ നരഗാസുരന്‍, സമന്തയുടെ യു ടേണ്‍ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യും.

ഒരാഴ്ചക്ക് ശേഷം സെപ്തംബര്‍ 20ന് വിക്രം ചിത്രം സാമി സ്‌ക്വയര്‍ റിലീസ് ചെയ്യും. മണി രത്‌നം ചിത്രം ചെക്ക ചിവന്ത വാനം സെപ്തംബര്‍ 27നാണ് റിലീസ് ചെയ്യുക. അരവിന്ദ് സ്വാമി-തൃഷ അഭിനയിക്കുന്ന ചതുരംഗ വേട്ടൈ2, കണ്ണന്‍ സംവിധാനം ചെയ്ത ബൂമറാംഗ് എന്നിവ സെപ്തബര്‍ അവസാന വാരമോ ഒക്ടോബര്‍ ആദ്യമോ റിലീസ് ചെയ്യും.

അര്‍ജുന്‍ റെഡ്ഡിയിലൂടെ തെലുങ്ക് സിനിമയില്‍ താരപ്പട്ടം നേടിയ വിജയ് ദേവരക്കൊണ്ട തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന നോട്ട ഒക്ടോബര്‍ 4ന് റിലീസ് ചെയ്യും. നിവിന്‍ പോളി നായകനാവുന്ന കായംകുളം കൊച്ചുണ്ണി മലയാളത്തിലും തമിഴിലും ഒക്ടോബര്‍ 11ന് റിലീസ് ചെയ്‌തേക്കും.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന വെട്രിമാരന്‍-ധനുഷ് ചിത്രം വടാ ചെന്നൈ ഒക്ടോബര്‍ 17ന് തിയ്യേറ്ററുകളിലെത്തും. ഒക്ടോബര്‍ 18ന് വിശാലിന്റെ ചണ്ടക്കോഴി 2, ജ്യോതിക നായികയായെത്തുന്ന കാട്രിന്‍ മൊഴി എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യും.

You must be logged in to post a comment Login