അട്ടപ്പാടിയിൽ കൊല്ലപ്പെട്ട രണ്ട് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

മഞ്ചിക്കണ്ടിയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. മൃതദേഹം കാണാൻ കർണ്ണാടകയിൽ നിന്നെത്തിയവർ സ്വദേശത്തേക്ക് മടങ്ങി. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നാല് മൃതദേഹങ്ങളിൽ രണ്ടെണ്ണം ആരുടേത് എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് കർണാടക സ്വദേശിനി ശോഭയാണെന്ന നിഗമനത്തിലാണ് സഹോദരനും സംഘവും തൃശൂർ മെഡിക്കൽ കോളജിൽ എത്തിയത്. മൃതദേഹം ആദ്യഘട്ടത്തിൽ തിരിച്ചറിയാനാകാതായതോടെ ഇവർക്ക് ഇൻക്വസ്റ്റ് നടപടി സമയത്തെ ചിത്രം പൊലീസ് എത്തിച്ചു നൽകി. എന്നാൽ മരിച്ചത് ശോഭയല്ലെന്ന് ബന്ധുക്കൾ ഉറപ്പുവരുത്തി.

കൊല്ലപ്പെട്ട നാല് മാവോയ്സ്റ്റുകളിൽ മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മറ്റുള്ള രണ്ടുപേർ ആരെന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നാല് മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിൽ മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം കാണാൻ അനുവദിക്കണമെന്നവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ ഹർജി പാലക്കാട് കോടതി നാളെ പരിഗണിക്കും. മഞ്ചിക്കണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയാണെന്ന് പൊലീസ് ഇന്നലെ കോടതിയിൽ റിപ്പോർട്ട് നൽകിയതോടെയാണ് കേസ് നാളെ പരിഗണിക്കാൻ കോടതി മാറ്റിയത്.
അതേസമയം മഞ്ചിക്കണ്ടി വനമേഖലയിൽ കൂടുതൽ മാവോയിസ്റ്റുകൾ ഉണ്ടെന്ന കണക്കുകൂട്ടലിൽ തണ്ടർ ബോൾട്ടും പൊലീസും സംയുക്ത പരിശോധന തുടരുകയാണ്. ഇന്നലെ വനത്തിന് മുകളിൽ ഡ്രോൺ ഉപയോഗിച്ചടക്കം പരിശോധന നടത്തിയിരുന്നു. .

You must be logged in to post a comment Login