അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം; നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍; ആറ് പേര്‍ മരിച്ചു

നയ്പിറ്റോ: അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം. ആറുപേര്‍ മരിച്ചു. ഒരാളെ കാണാതായി. നൂറോളം ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്. അമ്പതിനായിരം പേര്‍ വീടുകള്‍ ഒഴിഞ്ഞു പോയി.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മാസം മുതല്‍ പെയ്യുന്ന കനത്ത മണ്‍സൂണ്‍ മഴയില്‍ വ്യാപകമായ വെള്ളപൊക്കവും ഉരുള്‍പൊട്ടലുകളും മ്യാന്‍മറിനെ വലയ്ക്കുകയാണ്. ഏകദേശം രണ്ടുലക്ഷത്തോളം പേര്‍ ഭവനരഹിതരായി.

തിങ്കളാഴ്ച മുതല്‍ സംഭരണശേഷി കവിഞ്ഞതിനെ തുടര്‍ന്ന് ബാഗോ പ്രവിശ്യയിലെ സ്വര്‍ ഷൗങ് അണക്കെട്ട് നിറഞ്ഞൊഴുകിയിരുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വീടുകളില്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടെ സ്പില്‍വേ തകര്‍ന്ന് ഒഴുകിയെത്തിയ വെള്ളത്തില്‍ പാടങ്ങളും വീടുകളും മുങ്ങുകയായിരുന്നു. 2001 ലാണ് അണക്കെട്ടിന്റെ പണി പൂര്‍ത്തിയായത്.

രാജ്യത്തെ പ്രധാന നഗരങ്ങളായ യാംഗൂണിനെയും മാണ്ഡലേയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇരു നഗരങ്ങളിലേക്കുമുള്ള ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. തലസ്ഥാനനഗരമായ നയ്പിറ്റോവിലേക്കുള്ള ഗതാഗതവും മുടങ്ങി.

You must be logged in to post a comment Login