അണ്ടര്‍ 17 ലോകകപ്പ്; സ്പാനിഷ് ടീം കൊച്ചിയിലെത്തി

അണ്ടര്‍ 17 ലോകകപ്പിനായി സ്‌പെയിന്‍ ടീം കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് ടീം നെടുമ്പാശേരിയിലെത്തിയത്. ഫിഫ ലോകകപ്പിനായി കൊച്ചിയില്‍ എത്തുന്ന ആദ്യ ടീമാണ് സ്‌പെയിന്‍. ഫിഫ പ്രതിനിധികളും ജനപ്രതിനിധികളും ചേര്‍ന്ന് ടീമിനെ സ്വീകരിച്ചു. ഗ്രൂപ്പ് ഡിയില്‍ കരുത്തരായ ബ്രസീലിനും നൈജറിനും ഉത്തരകൊറിയക്കും ഒപ്പമാണ് സ്‌പെയിന്‍. ഗ്രൂപ്പിലെ മറ്റ് ടീമുകളും ഉച്ചയോടെ കൊച്ചിയിലെത്തും.

ഈ മാസം ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം. മത്സരത്തിന്റെ ആവേശം ടിക്കറ്റ് വില്‍പ്പനയിലും പ്രകടമാണ്. സ്‌പെയിനും ബ്രസീലും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു.

അതേസമയം ബ്രസീല്‍ ടീം വേളി പരേഡ് ഗ്രൗണ്ടിലാകും പരിശീലനത്തിനെത്തുകയെന്നാണ് അറിയുന്നത്. പരിശീലന സ്ഥലത്തേക്കുള്ള യാത്രയിലും കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്. താരങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ട്രാഫിക് നിയന്ത്രണവും ഉണ്ടാകും.

മത്സര വേദിയായ നെഹ്‌റു സ്റ്റേഡിയമടക്കം അവസാനവട്ട മിനുക്ക് പണി നടത്തി പൂര്‍ണ്ണ സജ്ജമാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് പെയിന്റിങ് ജോലി നടത്താന്‍ സാവകാശം ലഭിക്കാത്തതിനാല്‍ ഫ്‌ളെക്‌സ് ഷീറ്റുകള്‍കൊണ്ട് കടകളുടെ ബോര്‍ഡുകള്‍ മറച്ചുകഴിഞ്ഞു.

You must be logged in to post a comment Login