അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും

ന്യൂഡല്‍ഹി: 2020 ലെ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടക്കും. വനിത ലോകകപ്പിനുള്ള വേദിയായി ഇന്ത്യയെ ഫിഫ പ്രഖ്യാപിച്ചു. ലോകകപ്പ് വേദിയായി അവസാന നിമിഷം വരെ ഫ്രാന്‍സും ഇന്ത്യയ്‌ക്കൊപ്പം മത്സരിച്ചുവെങ്കിലും ഫിഫ ഇന്ത്യയെ ആണ് തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്.

മുന്‍പ്, അണ്ടര്‍ 17 പുരുഷ ലോകകപ്പും ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ സംഘാടനത്തിന്റെ മികവാണ് രണ്ടാമത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് വിലയിരുത്തല്‍. ഇതോടെ അണ്ടര്‍ 17 ആണ്‍കുട്ടികളെ കൂടാതെ ഇന്ത്യന്‍ പെണ്‍കുട്ടികളും ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കും.

ലോകകപ്പിനായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2018ല്‍ ശ്രമം ആരംഭിച്ചിരുന്നു. ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ഇന്ത്യക്ക് നേരിട്ട് യോഗ്യത ലഭിച്ചു. നേരത്തെ യോഗ്യതാ റൗണ്ടായ അണ്ടര്‍ 16 എഎഫ്‌സി ചാമ്പ്യന്‍ഷിപ്പില്‍ മികവ് കാട്ടാന്‍ കഴിയാതിരുന്ന ഇന്ത്യക്ക് ലോകകപ്പ് ടിക്കറ്റ് ലഭിച്ചിരുന്നില്ല. സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്‍മാര്‍. രണ്ട് കിരീടങ്ങളുമായി ഉത്തര കൊറിയയാണ് അണ്ടര്‍ 17 വനിതാ ലോകകപ്പിലെ ശ്രദ്ധേയമായ രാജ്യം.

You must be logged in to post a comment Login