അതിജീവനത്തിന്റെ ആഘോഷങ്ങള്‍

  • ഡോ. എസ്. രാജശേഖരന്‍


ഞായറാഴ്ചയെയും ഒരനുഭവമാക്കുകയെന്ന് ഉദ്ദേശ്യത്തോടെയാണ് രാവിലെ ഞങ്ങള്‍ സ്റ്റെയ്‌ന്‌സീലേക്ക് (ടലേശിലെല) പോയത്. ഞായറഴ്ചയെന്നത് ജര്‍മ്മനിയെ സംബന്ധിച്ചിടത്തോളം നിശ്ചലതയുടെ ദിനമാണ്. കടകമ്പോളങ്ങള്‍ തുടങ്ങിയവ ഒന്നൊഴിയാതെ അടഞ്ഞുകിടക്കുമെന്ന് മാത്രമല്ല, ആളുകളെല്ലാം പ്രവൃത്തികളില്‍നിന്ന് തീര്‍ത്തും നിവൃത്തമാകുന്ന സമയം കൂടിയാണത്. ആറ് ദിവസത്തെ നിരന്തരമായ പ്രവൃത്തികള്‍ കൊണ്ട് വലഞ്ഞ് യഹോവ വിശ്രമിക്കുകയും സൃഷ്ടികളെയെല്ലാം വിശ്രമിക്കാന്‍ വിടുകയും ചെയ്ത ആ ഏഴാം ദിവസം തീര്‍ത്തും നിവൃത്തിക്ക് (പ്രവൃത്തിതനിവൃത്തി) വിട്ടുകൊടുക്കുന്നു. നീണ്ടുനിന്ന ശൈത്യകാലം മാറിക്കിട്ടിയതിന്റെ ആശ്വാസത്തില്‍ ശനിയാഴ്ച വൈകിട്ട് വാങ്ങിവെച്ച ചില പൂച്ചെടികള്‍ എങ്ങനെ നാളെ ഞായറഴ്ചയായിട്ട് നടും എന്ന് ഇന്നലെ വിഷണ്ണനായ ക്ലമെന്റ് എന്ന സുഹൃത്തിന്റെ നെടുവീര്‍പ്പ് വന്നുവീണത് ഇവിടത്തെ ഈ ഞായറാഴ്ചാസമീപനത്തിന്റെ പുറത്താണ്.
ഏതായാലും ഞാനും സീതയും മകന്‍ അതുലിന്റെ നേതൃത്വത്തില്‍രാവിലെ സ്റ്റെയ്ന്‍സീയിലേക്ക് പുറപ്പെട്ടു. ജര്‍മ്മനിയിലെ ജീവിതസുഭഗതയുടെ പ്രമുഖനിദാനങ്ങളിലൊന്നായ ഇവിടത്തെ പൊതുവാഹനങ്ങള്‍ (ബസ്, ട്രാം, ട്രെയിന്‍) സൌകര്യപ്രദമായി തെരഞ്ഞെടുക്കാമായിരുന്നെങ്കിലും ഞങ്ങളുടെ യാത്ര കാറിലായിരുന്നു. വിചാരിക്കുന്നിടത്തൊക്കെ പോകാനും ആവശ്യമുള്ളിടത്തൊക്കെ നിര്‍ത്തി ഇറങ്ങാനും യാത്ര തുടരാനുമുള്ള സൌകര്യം വച്ചാണ് യാത്ര കാറില്‍ത്തന്നെയാക്കുന്നത്. ഇവിടത്തെ റോഡ് സൌകര്യങ്ങളുടെ മികവും മറ്റൊരു കാരണമാണ്. നഗരം വിട്ട് നാട്ടിന്‍പുറങ്ങളിലൂടെയും വനങ്ങള്‍ക്കിടയിലൂടെയുമുള്ള യാത്ര നല്ലൊരനുഭവമായിരുന്നു. ജര്‍മ്മനിയില്‍ ഇത്തവണ ക്രമം തെറ്റിയും നീണ്ടുനിന്ന ശൈത്യകാലം ഒന്നു മാറിയിട്ട് ഒരാഴ്ചയാകുന്നതേയുള്ളു. അതിന്റെ ആമോദവും ആര്‍പ്പും തെല്ലും മറയ്ക്കാതെ പ്രകൃതി ആഘോഷിക്കുകയാണ്. ഏതാണ്ട് അസ്ഥിമാത്രമായി നിന്നിരുന്ന മരങ്ങളിലും ചെടികളിലും നിറയെ പുതിയ പൊടിപ്പുകള്‍. ചില വൃക്ഷങ്ങള്‍ നിറയെ തളിരിട്ടു നില്‍ക്കുന്നത് തന്നെ കാണാന്‍ ഏറിയ ചേലാണ്. ഇത്തിരി മഞ്ഞ കലര്‍ന്ന പുതിയ തളിരുകള്‍കൊണ്ട് ആകെ മൂടിയ ചിലമരങ്ങള്‍. ചിലത് ആകെ വൈലറ്റ് തളിരുകള്‍ നിറഞ്ഞവ. ഇലയില്ലാതെ നിറഞ്ഞ മഞ്ഞപ്പൂക്കള്‍ മാത്രം കാട്ടിക്കൊണ്ട്, നമ്മുടെ കണിക്കൊന്നയെ ഓര്‍മ്മിപ്പിച്ചു നില്‍ക്കുന്ന ഫോര്‍ത്തിയെ ചെടികള്‍. (ഇവിടെ മലയാളികള്‍ വിഷുക്കണിയൊരുക്കാനെടുക്കുന്നത് ആ പൂക്കള്‍ തന്നെ; ഈസ്റ്ററിലും അതിന് പ്രധാന സ്ഥാനമുണ്ട്.) വെള്ളയും ഇളം ചുവപ്പും മഞ്ഞയും വൈലറ്റും മറ്റുമായി അനേകം നിറങ്ങളിലുള്ള പൂക്കള്‍ നിറഞ്ഞവ. ഇല വരുന്നതിനു മുന്നേതന്നെ ആപ്പിളുകളും ചെറികളും ചുവപ്പും വെള്ളയും നിറങ്ങളില്‍ ആകെമൂടി പൂത്തു നില്‍ക്കുന്നു. ഇലകളില്ലാതെ പൂക്കള്‍ കൊണ്ട് മൂടി നില്‍ക്കുന്ന ഈ ചെടികളും മരങ്ങളും നല്‍കുന്ന ദര്‍ശനസൌഭാഗ്യം,  പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ്. പുറംലോകത്തേക്ക് ആവേശത്തോടെ ആര്‍ത്തുവരുന്ന പച്ചപ്പുകളാണേറെയും. പുല്‍ച്ചെടി മുതല്‍ വന്‍മരങ്ങള്‍ വരെ  ഇതില്‍ അണി ചേരുന്നു. ഇതെല്ലാം കാണുമ്പോള്‍, ശൈത്യത്തില്‍ ഇത്ര നാള്‍ പുറത്തിറങ്ങാന്‍ തോന്നാതെയും തണുത്തു മരവിച്ചും കഴിയേണ്ടി വന്നതിന്റെ ഖേദം പാടേ മറഞ്ഞ്, പ്രകൃതിയില്‍ നിറന്നുവരുന്ന ഉല്ലാസം തുള്ളിത്തുളുമ്പിയെത്തുന്നു.
സ്റ്റെയ്ന്‍സീയിലേക്ക് ഞങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട 26 കിലോമീറ്ററില്‍ കുറെ ദൂരം വനങ്ങളിലൂടെയാണ്. വനത്തിനുള്ളിലൂടെയെങ്കിലും നല്ല വീതിയുള്ള സുഗമമായ പാത. ഇരു വശവും നിബിഡമായ വനങ്ങള്‍. കുറുനരി, മുയല്‍ തുടങ്ങിയ മൃഗങ്ങളെ ചുരുക്കമായി കാണാം. മുമ്പ് പലതവണ സൂചിപ്പിച്ചിട്ടുള്ളതു പോലെ, നമ്മുടെ നാട്ടിലെ വനങ്ങളെപ്പോലെ അത്ര ‘വന്യമല്ല’ ഇവിടത്തെ വനങ്ങള്‍. സര്‍ക്കാരിന്റേതാണെന്നു മാത്രമല്ല, അവ ഇടയ്ക്കിടെ വെട്ടിമാറ്റുകയും അവിടെയെല്ലാം പുതുത് വച്ചു പിടിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഓരോ കാട്ടിലെയും മരങ്ങളെല്ലാം വണ്ണത്തിലും പൊക്കത്തിലുമൊക്കെ ഏതാണ്ട് ഒരേ തരമായിരിക്കും. അതിലൂടെയൊക്കെ നമുക്കൊന്ന് കയറിപ്പോകാന്‍ തോന്നുകയും ചെയ്യും.
വനങ്ങള്‍ കഴിഞ്ഞാല്‍ പാടങ്ങളാണ്. കനോല പാടം (കടുക് പോലൊരു ധാന്യം; ഇവിടെ എണ്ണയുണ്ടാക്കാനുപയോഗിക്കുന്നു), ഗോതമ്പ് പാടം തുടങ്ങിയവ. കനോല പൂത്ത് അവിടമാകെ മഞ്ഞ പുതച്ചിട്ടുണ്ട്. ഗോതമ്പാണെങ്കില്‍ കിളിര്‍ത്തു വരുന്നതേയുള്ളു. ശൈത്യകാലം കഴിഞ്ഞ് പുതുതായി വിത്തിറക്കാന്‍ പാകത്തില്‍ ഉഴുതിട്ടിരിക്കുന്ന പാടങ്ങളാണ് ഏറെയും. അങ്ങനെ, ഞങ്ങള്‍ മൂസാഹിലുള്ള(Moosach) സ്റ്റെയ്ന്‍സീയിലെത്തി. മ്യൂണിക്കിന്റെ കിഴക്ക് ഭാഗത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണിത്. അമ്പത്തിരണ്ടേക്കര്‍ വിസ്തൃതി വരുന്ന ശുദ്ധജലതടാകമാണ് സ്റ്റെയ്ന്‍സീ (ടലല  ജലാശയം, തടാകം). ടൂറിസ്റ്റുകള്‍ക്ക്  ഏറെ ഉല്ലാസം പകരാനുതകുന്നതാണ് ഈ തടാകവും ചുറ്റുമുള്ള വനങ്ങളും. കണ്ണാടി പോലെ തെളിഞ്ഞ വെള്ളം നിറഞ്ഞ ജലാശയം. വെള്ളത്തിനുള്ളില്‍ കാണുന്ന സുതാര്യത മാത്രമല്ല, പ്രകൃതിയെയാകെ പൂര്‍ണമായി പ്രതിബിംബിപ്പിക്കുന്ന  അതിന്റെ മുകള്‍പ്പരപ്പും കണ്ണാടിയെ വെല്ലുന്നതാണ്. ഉള്ളില്‍ ഓടിക്കളിക്കുന്ന വിവിധ തരം മീനുകള്‍. തീരത്ത് കുളിക്കുന്നവരുണ്ട് അവിടവിടെ, സ്ത്രീകളും പുരുഷന്‍മാരും. മുമ്പൊരിക്കല്‍ മഞ്ഞുകാലത്ത് അതുല്‍ ഇവിടെ വന്നപ്പോള്‍ തടാകപ്പരപ്പാകെ ഐസ് കട്ടയായിരുന്നത്രേ; അതിന്റെ ഒരു ഭാഗം പൊട്ടിച്ച് ആളുകള്‍ അവിടെ കുളിക്കുന്നുണ്ടായിരുന്നെന്നും. വിസ്തൃതമായ ജലപ്പരപ്പാകെ ആളുകള്‍ക്ക് നടന്നു പോകാവുന്ന വിധത്തില്‍ മഞ്ഞുപാളികള്‍ മൂടിക്കിടക്കുന്നത് ജര്‍മ്മനിയില്‍ത്തന്നെ നോയ്‌സ്വാന്‍ സ്റ്റെയിനില്‍ പോയപ്പോള്‍ മുമ്പ് കണ്ടിട്ടുമുണ്ട്(ഋതുഭേദങ്ങളില്‍ യൂറോപ്പിലൂടെ).
ചിലര്‍ ചെറുകളിവള്ളങ്ങളില്‍ തുഴഞ്ഞുരസിക്കുന്നു. സര്‍ഫിങ് നടത്തുന്നവരുമുണ്ട്. വള്ളംകളിയുള്‍പ്പെടെയുള്ള വിനോദങ്ങള്‍ക്കുമെല്ലാം ഏറെ ഉപയുക്തമായ ചെറുകായലാണ് സ്റ്റെയ്ന്‍സീ. തടാകക്കരയില്‍ വാച്ച് സ്റ്റേഷനുണ്ട്. ടൂറിസ്റ്റുകള്‍ക്ക് താമസിക്കുന്നതിന് സൗകര്യപ്രദമായ ഹോട്ടലുകളും. ഇന്റര്‍നെറ്റ് നിറയെ കാണാം അവിടത്തെ ഹോട്ടലുകളുടെ വിവരങ്ങള്‍.ആധുനികജീവിതത്തിന്റെ മുഖമുദ്രയാണല്ലോ കച്ചവടം. ദര്‍ശന-പര്യടനാനുഭവങ്ങള്‍ക്ക് നല്ലവണ്ണം വക നല്‍കുന്നവയാണ് തടാകത്തിന് ചുറ്റുമുള്ള വനങ്ങള്‍. പരിസരവനങ്ങളെ കണ്ട് തടാകത്തിനുള്ളിലൂടെ ബോട്ട് സഞ്ചാരം നടത്താം. അതല്ലെങ്കില്‍ വനത്തിനുള്ളിലൂടെ ഒരു തടാകപര്യടനവും ആകാവുന്നതാണ്. തടാകക്കരയിലൂടെയും വനത്തിനുള്ളിലൂടെയും കുറെ നടന്ന് തടാക  വന സൌഭാഗ്യങ്ങള്‍ നുകരാനാണ് ഞങ്ങള്‍ ശ്രമിച്ചത്.
തിരിച്ചുള്ള ഞങ്ങളുടെ യാത്ര മൂസാഹില്‍ നിന്ന് ഹാര്‍ വഴിയായിരുന്നു.മൂസാഹില്‍ നിന്ന് കടന്നതുതന്നെ ഒരു മലമ്പാതയിലേക്ക്. അത് ഏറെ ദൂരമില്ലെങ്കിലും തികഞ്ഞൊരു വനയാത്രാനുഭവമുണര്‍ത്തി. നമ്മുടെ തേക്കടി, വയനാട് പാതകളിലൂടെയുള്ള യാത്രാനുഭവത്തിന്റെ ഒരു ചീള്. പിന്നീട് അത് ഗ്രാമങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയും കടന്നു പോകുന്ന വിസ്തൃതമായ പാതയായി. ആ പാതയിലേക്ക് കയറും മുമ്പാണ് ഒരു കാര്‍ റാലി ഞങ്ങള്‍ക്കെതിരെ കടന്നുപോയത്. ഒരു കാര്‍ കമ്പനി(എീൃറ ങൗേെമിഴ) നടത്തുന്ന റാലിയാണ്. ഒരേ കമ്പനിയുടെ ഏതാണ്ട് ഒരേ തരത്തിലുള്ള ഒട്ടനേകം വാഹനങ്ങളുടെ നിര. അവയുടെ നീണ്ട നിര ഞങ്ങളെയൊന്ന് കടന്നു പോകാന്‍ തന്നെ ഏറെ സമയമെടുത്തു.
ഹാര്‍ നഗരത്തിലേക്കോ അതിന്റെ തിരക്കുകളിലേക്കോ (ഞായറാഴ്ചയായതിനാല്‍ നഗരവും നിശ്ചലമായിരിക്കും) ഞങ്ങള്‍ പോയില്ല. അവിടെയൊരു പൂക്കൃഷിപ്പാടമായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. കാറൊരിടത്ത് നിര്‍ത്തി ഞങ്ങളാ പാടത്തേക്ക് നടന്നു. വിസ്തൃതമായ പാടത്തിന്റെ മിക്ക ഭാഗങ്ങളും ശൂന്യമാണ്. ശൈത്യത്തില്‍ നിന്ന് ഉണര്‍ന്നു വരുന്ന പാടങ്ങള്‍ അടുത്ത വിളവിറക്കലിനായി ഉഴുത് പാകപ്പെടുത്തിയിട്ടിരിക്കുന്നു. അതിന്നിടെ ഒരിടത്താണ് പൂച്ചെടികള്‍. തുലിപ്‌സ് ചെടികള്‍ പൂത്തു നില്‍ക്കുന്നു. നിരനിരയായി, കൃത്യമായ വരിയകലങ്ങളില്‍. ചുവപ്പും മഞ്ഞയും വൈലറ്റും അങ്ങനെയങ്ങനെ വ്യത്യസ്ത വര്‍ണങ്ങളിലുള്ള തുലിപ്‌സ് പൂക്കള്‍. അടുത്തെത്തി നോക്കുമ്പോഴാണ് ആ വര്‍ണഭേദങ്ങള്‍ക്കുള്ളില്‍ത്തന്നെ ഓരോ ചെടിയിലെയും പൂക്കള്‍ക്കുള്ള വിഭേദങ്ങള്‍ മനസ്സിലായത്. ഒരേ വര്‍ണത്തില്‍ അനേകതരം ഉള്‍ച്ചിത്രഭേദങ്ങളോടെയുള്ള പൂക്കള്‍/ അവയുടെ ദര്‍ശനഭംഗിയും വ്യത്യസ്തതകളുമാസ്വദിച്ച് കുറച്ചു നേരം ഞങ്ങളവിടെ ചെലവഴിച്ചു.
ആ പൂപ്പാടത്തിലെ പൂക്കള്‍ വില്പനയ്ക്ക് നിര്‍ത്തിയിരിക്കുകയാണ്. അത് സംബന്ധിച്ച വിവരങ്ങള്‍ കാണിക്കുന്ന ഒരു കോണ്‍ക്രീറ്റ് പെട്ടിയും അതിലെഴുതിയ ബോര്‍ഡും അവിടെ വഴിയരികില്‍ത്തന്നെയുണ്ട്. പത്ത് തുലിപ്‌സ് (ജര്‍മ്മന്‍ ഭാഷയില്‍, ഠൗഹുലി) പൂക്കള്‍ക്ക് അഞ്ച് യൂറോ. ഡാഫൊഡില്‍ (ചമൃ്വശലൈി) പൂക്കള്‍ക്കാണെങ്കില്‍ മൂന്ന് യൂറോ. ആവശ്യക്കാര്‍ക്ക് പൂക്കള്‍ അവിടെനിന്ന് അറുത്തെടുക്കാം, അതിനുള്ള ചെറു കത്തികളും അവിടെ തൂക്കിയിട്ടിട്ടുണ്ട്. ആവശ്യത്തിന് പൂക്കളെടുക്കുക, അതിന്റെ വിലയെത്രയാണെന്ന് കണക്കാക്കി ആ പെട്ടിയിലിട്ട് പോവുക. ഇതാണ് രീതി. അവിടെ എന്ത് നടക്കുന്നു എന്ന് നോക്കാന്‍ കണ്ണെത്തുന്ന ആ പരിസരത്തെങ്ങും ആരുമില്ല. എന്നിരുന്നാലും ഈ സ്വാതന്ത്ര്യം ഇവിടെയാരും ദുരുപയോഗം ചെയ്യാറില്ല. അതാണ് യഥാര്‍ഥത്തില്‍ സംസ്‌ക്കാരത്തിന്റെ വികാസമെന്ന് പറയുന്നത്; അവനവനോട് തന്നെ സത്യസന്ധമായിരിക്കുകയെന്നത്. ഓസ്‌ട്രേലിയയില്‍ ഒരു യാത്രയ്ക്കിടെ വഴിയരികില്‍ ആപ്പിള്‍ക്കൂടകള്‍ കണ്ടത് ഓര്‍ത്തു. ഒരു കൂടയ്ക്ക് രണ്ട് ഡോളര്‍ എന്ന് എഴുതി വെച്ചിരുന്നു. ഞങ്ങളന്ന് ഒരു കൂടയെടുത്ത് രണ്ട് ഡോളര്‍ പെട്ടിയിലിട്ടു. കുറെ ഡോളറുകള്‍ ആരോ അവിടെ ബെഞ്ചില്‍ വെച്ചിരുന്നതും കൂടി എടുത്ത് പെട്ടിയിലിട്ടിട്ടാണ് ഞങ്ങളന്ന് പോന്നത്. ഇത് നമ്മുടെ നാട്ടിലാണെങ്കിലോ!
തൊട്ടടുത്തു തന്നെ ഹാര്‍ വനങ്ങളാണ്. കഴിഞ്ഞ വരവില്‍ ആ കാട്ടിലൂടെ ഞങ്ങള്‍ ഏറെ നേരം നടന്നത് ഓര്‍ത്തു. വനങ്ങളോട് ചേര്‍ന്നുള്ള റോഡിന്റെ മറുവശം ആധുനികരീതിയിലുള്ള ഗൃഹസമുച്ചയങ്ങളാണ്. ആ ഭാഗത്തിന് കാട്ടുകോളനി (ണമഹറ ഇീഹീി്യ;ംമഹറഎന്നാല്‍,വനം) എന്ന പേര് കണ്ട് മനസ്സ് നല്ലൊരു ചിരി ചിരിച്ചു. വന്യതയെയും അത്യാധുനികതയെയും ഒരേ പോലെ സമാന്തരമായി നിലനിര്‍ത്താന്‍ കഴിയുക ജര്‍മ്മനിയുടെ സംസ്‌ക്കാരത്തിന്റെ മാത്രമല്ല, പാരിസ്ഥിതികസന്തുലതയുടെയും ജീവിതവിജയത്തിന്റെയുംരഹസ്യങ്ങളിലൊന്നാണ്. ഞായറാഴ്ചകളങ്ങനെ വെറും ശൂന്യപാത്രങ്ങളല്ല എന്ന നിറവോടെയാണ് ഞങ്ങള്‍ അന്നുച്ചയ്ക്ക് തിരിച്ചെത്തിയത്.

 

You must be logged in to post a comment Login