അതിജീവനത്തിന്റെ രസതന്ത്രം


ഡോ.അമാനുല്ല വടക്കാങ്ങര

ജീവിതത്തിലെ വെല്ലുവിളികളെ അവസരങ്ങളായും തിരിച്ചടികളെ പുഞ്ചിരിയോടെ നേരിട്ടും ആയിരക്കണക്കിന് സഹജീവികള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന മുസ്തഫ തോരപ്പയുടെ അതിജീവനത്തിന്റെ രസതന്ത്രം ഏവരേയും പ്രചോദിപ്പിക്കുന്നതാണ്. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട്, കൈതാങ്ങില്ലാതെ ജീവച്ഛവമായി കിടന്നേടത്തുനിന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ കര്‍മ രംഗത്ത് സജീവമാകുന്ന അദ്ദേഹം മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപ്രദേശത്തല്ലായിരുന്നെങ്കില്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധേയനാകുമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അത്രക്കും ഉജ്വലമായ മാതൃകയാണ് അദ്ദേഹം അടയാളപ്പെടുത്തുന്നത്.
പുരാണേതിഹാസങ്ങളില്‍ കാണാവുന്ന ഒരു പക്ഷിയുണ്ട്, ഐതിഹ്യവുമായി ബന്ധപെട്ട പക്ഷി, വര്‍ണ്ണക്കൂട്ടുള്ള തൂവല്‍പ്പൂടയും കനകം പോലെ വാല്‍ഭാഗവുമുള്ള ഈ പക്ഷിയുടെ പ്രത്യേകത സെഞ്ച്വറികള്‍ ജീവിക്കും, പ്രായമാകുന്നതോടെ സ്വന്തമായി കൂട് നിര്‍മ്മിച്ച് അതിനു തീപിടിപ്പിക്കും. കൂടും പക്ഷിയും ചാരമായിതീര്‍ന്നാല്‍ ചാരം ഒരു പുതിയ പക്ഷിയുടെ മുട്ടയായിമാറുകയും യൗവ്വനത്തോടെ പക്ഷി പുനര്‍ജനിക്കുകയും ചെയ്യും. ഈ പൗരാണിക പ്രതീകാത്മക പക്ഷിയെ കുറിച്ച് പറയുന്ന, ‘ചാരങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫിനിക്‌സ് പക്ഷിയെപോലെ’ എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്നതാണ് മലപ്പുറം ജില്ലയിലെ കോഡൂര്‍ ചെമ്മംകടവിലെ മുസ്തഫ തോരപ്പയുടെ ജീവിതം.
കറുത്ത തിങ്കള്‍
1994 മാര്‍ച്ച് 27 തിങ്കളാഴ്ച മുസ്തഫയുടെ ജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായമായിരുന്നു. സാഹസികമായി വണ്ടി ഓടിച്ചും നിറഞ്ഞ പുഴകള്‍ നീന്തിക്കടന്നും യൗവ്വനത്തിന്റെ തുടിപ്പും പ്രസരിപ്പും ആഘോഷമാക്കിയും കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്നും കഴിഞ്ഞ മുസ്തഫയുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നതായിരുന്നു ഓര്‍ക്കാപ്പുറത്ത് വന്ന ആ വാഹനാപകടം. മലപ്പുറത്തെ നൂറാടിപ്പാലത്തിനടുത്ത് വെച്ച് താന്‍ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷ എതിരെ വന്ന മറ്റൊരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് റോഡില്‍ തെറിച്ചുവീണ മുസ്തഫ ആധുനിക വൈദ്യശാസ്ത്രത്തിന് പരിഹരിക്കാന്‍ കഴിയാവുന്നതിലും വലിയ അംഗവൈകല്യത്തിനാണ് ഇരയായത്.
സുഷുമ്‌ന നാഡിക്ക് മുറിവേറ്റ് 95 ശതമാനവും അംഗവൈകല്യം ബാധിച്ച മുസ്തഫയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും മണിപ്പാല്‍ മെഡിക്കല്‍ കോളേജിലേയും വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് സാധിക്കുമായിരുന്നില്ല. ജീവിതകാലം മുഴുവന്‍ പരസഹായം കൂടാതെ കിടപ്പിലാകുമെന്ന വെല്ലുവിളിയെ അപാരമായ ഇച്ഛാ ശക്തിയിലൂടെ തകര്‍ത്തെറിഞ്ഞാണ് ഒരുനല്ല സംരംഭകനായും, ഔഷധ സസ്യങ്ങളുടെ തോഴനായും സമൂഹത്തിലെ അവശതയനുഭവിക്കുന്ന സഹജീവികളുടെ കണ്ണീരൊപ്പുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായും മുസ്തഫ തോരപ്പ ചരിത്രം സൃഷ്ടിച്ചത്. ചട്ടിപ്പറമ്പ് പൊന്നാരം പള്ളിയാലിലെ ലൈഫ് ലൈന്‍ എന്ന തന്റെ ഔഷധസസ്യ തോട്ടത്തിലിരുന്ന് അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സായൂജ്യം. ഒരിക്കലും വിധിയെ പഴിക്കാതെ, സംഭവങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കുകയും ജീവിതം ധന്യമാക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രചനാത്മകവും ക്രിയാത്മകവുമായ സമീപനവും പ്രതീക്ഷാനിര്‍ഭരമായ വാക്കുകളും ഏറെ സന്ദേശ പ്രധാനമായിരുന്നു. ഇത്രയും കഠിനമായ പരീക്ഷണങ്ങള്‍ നേരിട്ടപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ അവയെ അഭിമുഖീകരിച്ച്, തന്നെപ്പോലെ ജീവിത യാത്രയില്‍ അപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്കായി പ്രത്യേകം വാഹനങ്ങള്‍ ഡിസൈന്‍ ചെയ്തും വീല്‍ ചെയറില്‍ കഴിയുന്നവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയും അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്‌ളാഘനീയമാണ്. കൂടാതെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും തന്റെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍ മോട്ടിവേഷണല്‍ ക്‌ളാസുകള്‍ നടത്തുമ്പോള്‍ വിദ്യാര്‍ഥികളിലുണ്ടാകുന്ന സ്വീധീനം വളരെ വലുതാണ്.
ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഓടി നടന്നിരുന്ന മുസ്തഫ അപകടം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വീല്‍ചെയറിലാണ് വീട്ടിലെത്തിയത്. ഇനി എന്ത് എന്നത് ഒരു ചോദ്യ ചിഹ്നമായി ഭയപ്പെടുത്താന്‍ നോക്കിയ നാളുകള്‍. പ്രായമായ മാതാപിതാക്കള്‍, ഭാര്യ, മൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകന്‍. ഇവരെ എങ്ങനെ സംരക്ഷിക്കുമെന്നതായിരുന്നു പ്രധാന ചോദ്യം. അഞ്ചു വര്‍ഷത്തോളം സൗദി അറേബ്യയിലും ബാക്കി കാലം നാട്ടിലും അധ്വാനിച്ചുണ്ടാക്കിയ മുഴുവന്‍ സമ്പാദ്യത്തിനും പുറമേ ചികില്‍സയുടൈ വലിയ സാമ്പത്തിക കട ബാധ്യത ഉറക്കം കെടുത്തിയപ്പോഴും അദ്ദേഹം പതറിയില്ല എന്നതാണ് വിജയത്തിന്റെ വഴികളിലെത്താന്‍ സഹായകമായത്.
ഒന്നര വര്‍ഷത്തോളം വീട്ടിലെ ഏകാന്തതയില്‍ ശരീരം തളച്ചിടപ്പെട്ടപ്പോഴും അദ്ദേഹത്തിന് മനസ്സ് തളര്‍ന്നില്ല. എല്ലാ പ്രതിസന്ധിയിലും താങ്ങും തണലുമായി നിഴലിനെപ്പോലെ തന്നെ പിന്തുടര്‍ന്ന സഹധര്‍മിണി സഫിയയുടെ സ്‌നേഹമസൃണമായ പരിചരണവും പിന്തുണയുമാണ് തനിക്ക് ഏറ്റവും ആശ്വസമായതെന്ന് അദ്ദേഹം സന്തോഷത്തോടെ ഓര്‍ക്കുന്നു. ലോകത്ത് തന്നെ ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് ചരിത്രം സൃഷ്ടിച്ച പലരുടേയും അനുഭവം വായിക്കാനും അവയില്‍ നിന്നും പ്രചോദനമുള്‍കൊള്ളാനുമാണ് കിടപ്പിലായ തന്നെ പ്രിയതമ പ്രോല്‍സാഹിപ്പിച്ചത്. സ്റ്റീഫല്‍ ഹോക്കിന്‍സിനെക്കുറിച്ചുള്ള വായന വല്ലാത്ത പ്രചോദനമായി. തനിക്ക് ജീവിതത്തില്‍ പലതും ചെയ്യാന്‍ കഴിയുമെന്നും കൂടുതല്‍ കരുത്തോടെ കര്‍മപഥത്തില്‍ സജീവമാകുമെന്നും മനസ്സില്‍ കുറിച്ചിട്ട മുസ്തഫ വീട്ടില്‍ നിന്നും പുറത്തിറങ്ങിയത് വര്‍ദ്ധിത വീര്യത്തോടെയായിരുന്നു.
അതിജീവനം
മലപ്പുറത്ത് ചെറിയ തോതില്‍ ഒരു ബേക്കറി തുടങ്ങിയാണ് മുസ്തഫ ജീവിതത്തിലേക്ക് തിരിച്ചു നടക്കാന്‍ തുടങ്ങിയത്. ബേക്കറി തരക്കേടില്ലാതെ നടന്നു വന്നപ്പോള്‍ പ്രതീക്ഷകള്‍ക്ക് നിറം വെച്ചു തുടങ്ങി. ബേക്കറിയിലേക്ക് പോകാനും കാര്യങ്ങള്‍ നോക്കാനും എന്താണ് വഴി എന്നന്വേഷണമാണ് കൈനറ്റിക് ഹോണ്ട സ്‌ക്കൂട്ടറിന് മൂന്നാമതൊരു ചക്രം കൂടി ഘടിപ്പിച്ച സംവിധാനത്തിലെത്തിച്ചത്. അരക്ക് താഴെ ചലന ശേഷിയില്ലാത്ത അദ്ദേഹം കൈകൊണ്ട് സ്‌കൂട്ടര്‍ നിയന്ത്രിച്ച് നിത്യവും ബേക്കറിയില്‍ പോകാനും കാര്യങ്ങള്‍ നടത്താനും തുടങ്ങി. തുടക്കത്തില്‍ സ്‌ക്കൂട്ടറിലേക്ക് കയറാനും ഇറങ്ങാനും ഭാര്യയും സുഹൃത്തുക്കളും സഹായിക്കും. ബാക്കി കാര്യങ്ങളൊക്കെ മുസ്തഫ തന്നെയാണ് ചെയ്തിരുന്നത്. അങ്ങനെയൊരു ദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കാലിലെ സോക്‌സ് മുഴുവന്‍ ചോര കണ്ട് വീട്ടുകാരൊക്കെ അമ്പരന്നു. സ്‌ക്കൂട്ടര്‍ യാത്രക്കിടെ പെഡലില്‍ നിന്നും തെന്നിപ്പോയ കാല്‍ റോഡിലുരഞ്ഞ് ചോരവാര്‍ന്നുപോയതെന്നും കാലിന് സ്പര്‍ശന ശേഷിയില്ലാത്തതിനാല്‍ മുസ്തഫ അറിഞ്ഞിരുന്നില്ല.
അതോടെ സ്‌ക്ൂട്ടര്‍ യാത്ര നിര്‍ത്തി. അവിടെയും പ്രതിസന്ധിയെ അവസരമാക്കി പ്രയോജനപ്പെടുത്തിയാണ് മുസ്തഫ ലോകത്തെ വിസ്മയിപ്പിച്ചത്. അംഗവൈകല്യങ്ങളൊക്കെ നിലനിര്‍ത്തികൊണ്ട് തന്നെ എങ്ങനെ കാറോടിക്കാമെന്നാണ് അദ്ദേഹം ആലോചിച്ചത്. പൗലോ കോഹ്‌ലോ പറഞ്ഞപോലെ ജീവിതത്തില്‍ അദമ്യമായ ആഗ്രഹമുണ്ടെങ്കില്‍ ലോകം മുഴുവന്‍ ഗൂഡാലോചന ചെയ്തും അത് നടത്തി തരുമെന്ന് മുസ്തഫ തെളിയിച്ചു. സൗദി അറേബ്യയിലെ ജീവിത കാലത്ത് ലോകോത്തര കാറുകള്‍ വികലാംഗരായ സൗദികള്‍ ഓടിച്ചിരുന്നത് മുസ്തഫ ശ്രദ്ധിച്ചിരുന്നു. തനിക്കും അങ്ങനെ ചെയ്യാമെന്ന മോഹത്തോടെയുള്ള നിരന്തര പരിശ്രമമായി. അദ്ദേഹത്തിന്റെ ശ്രമങ്ങളൊന്നും പാഴായില്ല. 1999 ജനുവരി 1 വെള്ളിയാഴ്ച മുസ്തഫ തോരപ്പ തന്റെ ജീവിത യാത്രയില്‍ മറ്റൊരു നാഴികകല്ലുകൂടി നാട്ടി. തന്റെ മാരുതി 800 കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ബ്രേക്കും ആക്‌സിലറേറ്ററും ക്‌ളച്ചും ഗിയറുകളുമൊക്കെ സംവിധാനിച്ച് അദ്ദേഹം നിരത്തിലിറങ്ങി. ആദ്യം പള്ളിയിലേക്കും പിന്നെ വീട്ടിലേക്കും സ്വന്തമായി കാറോടിച്ചട് നാട്ടുകാരുടേയും വീട്ടുകാരുടേയും മാത്രമല്ല മനുഷ്യകുലത്തിന്റെ മൊത്തം മുഖങ്ങളിലാണ് സന്തോഷം പ്രസരിപ്പിച്ചത്. ഓട്ടോമാറ്റിക് കാറുകളില്‍ ഈ സംവിധാനം ചില ഇന്ത്യന്‍ കമ്പനികള്‍ നേരത്തെ പരീക്ഷിച്ചിരുന്നെങ്കിലും മാന്വല്‍ വാഹനങ്ങളില്‍ ആദ്യത്തെതെന്ന് വിശേഷിപ്പിക്കാവുന്ന ഉദ്യമമാണ് മുസ്തഫ വിജയകരമായി നടപ്പാക്കിയത്.
അംഗീകാരം
2001 ല്‍ സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ക്ഷണപ്രകാരം ഡല്‍ഹിയില്‍ നടന്ന നാഷണല്‍ ടെക്‌നേളജി എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് മുസ്തഫയുടെ ജൈത്രയാത്രയില്‍ മറ്റൊരു വഴിത്തിരിവായി. രണ്ടായിരത്തി എഴുനൂറോളം കിലോമീറ്ററുകള്‍ വാഹനമോടിച്ച് ഡല്‍ഹിയെത്തിയപ്പോള്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ചുറ്റുപാടുള്ളവരിലേക്കൊക്കെ പ്രതീക്ഷയുടെ കിരണങ്ങള്‍ പ്രസരിപ്പിച്ചാണ് മുസ്തഫ മടങ്ങിയത്. ഈ പ്രദര്‍ശനത്തില്‍ തെക്കേ ഇന്ത്യയില്‍ നിന്നും ക്ഷണിക്കപ്പെട്ട ഏക വ്യക്തി അദ്ദേഹമായിരുന്നു.
കടന്നമണ്ണയിലെ വിജയന്‍ എന്ന മെക്കനിക്കിന്റെ സഹായവും സ്വന്തം സഹധര്‍മിണിയുടേയും സുഹൃത്തുക്കളുടേയും പൂര്‍ണപിന്തുണയുമാണ് ഈ നേട്ടം കൈവരിക്കുവാന്‍ തന്നെ സഹായിച്ചതെന്ന് മുസ്തഫ നന്ദിപൂര്‍വം ഓര്‍ക്കുന്നു. വിജയന്‍ ഇന്നും മുസ്തഫയോടൊപ്പം അംഗവൈകല്യം ബാധിച്ചവര്‍ക്കുള്ള വാഹനങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന തിരക്കിലാണ്.
തന്റെ പഴയ മാരുതി കാറില്‍ തുടങ്ങിയ പരീക്ഷണം വിജയിച്ചതോടെ മുസ്തഫക്ക് ആവേശമായി. പുതിയ ആഡംബര കാറുകളിലും ഈ സംവിധാനം വിജയിപ്പിക്കാനായി പിന്നീട് ശ്രമം. ബെന്‍സ്, ബി. എം. ഡബ്‌ളിയോ, ഓഡി, വോള്‍വോ തുടങ്ങി ആയിരത്തി മുന്നൂറ്റി അറുപതോളം വാഹനങ്ങളാണ് മുസ്തഫ ഇതിനകം ഡിസൈന്‍ ചെയ്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിത്യവും ആളുകളെത്തുന്നതും ഇതേരൂപത്തിലുള്ള വാഹനങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിന് തന്നെയാണ്.
മലപ്പുറത്തെ കോഡൂരില്‍ പെര്‍ഫെക്ട് വെഹിക്കിള്‍ കാര്‍ സെന്റര്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നൂറ് കണക്കിനാളുകള്‍ക്ക് അവരുടെ വൈകല്യവും ശാരീരിക ക്ഷമതയുമനുസരിച്ചുള്ള കാറുകളാണ് അദ്ദേഹം ഡിസൈന്‍ ചെയ്ത് നല്‍കുന്നത്. ഇങ്ങനെ വാഹനമോടിക്കുന്നവരുടെ മുഖത്തെ പുഞ്ചിരിയും പ്രതീക്ഷയുടെ തിളക്കവുമാണ് താന്‍ ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്നതെന്ന് മുസ്തഫ പറയുന്നു.
ഭിന്ന ശേഷിക്കാരുടെ ആവശ്യവും കഴിവുകളും പരിഗണിച്ച് ലോകത്തിലെ ഒ8 കമ്പനികളുടെ 46 തരം കാറുകളില്‍ വേണ്ട മോഡിഫിക്കേഷന്‍സ് വരുത്തുവാന്‍ മുസ്തഫയുടെ സ്ഥാപനത്തിന് അംഗീകാരമുണ്ട്. 2016 ല്‍ കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഈ അംഗീകാരം നല്‍കിയത്. കൂടാതെ കേരള മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അംഗീകാരവും മുസ്തഫയുടെ സ്ഥാപനത്തിനുണ്ട്. ഈ അംഗീകാരങ്ങളൊന്നും തനിക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗമായല്ല മറിച്ച് ജീവിതത്തില്‍ ആശയറ്റ മനുഷ്യ മനസുകളില്‍ പ്രതീക്ഷകളുടെ നാമ്പുകള്‍ വളര്‍ത്തുന്നതിനാണ് മുസ്തഫ പ്രയോജനപ്പെടുത്തുന്നത് എന്നതാണ് ഏറ്റവും പ്രധാനം. മുസ്തഫയും വിജയനും ചേര്‍ന്ന് രൂപകല്‍പന ചെയ്ത കാറുകള്‍ ഇന്ന് കേരളത്തിന്റെ നിരത്തുകളില്‍ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ധാരാളമായി ഓടുന്നുണ്ട്.
ഔഷധത്തോട്ടം
പൂക്കളോടും ചെടികളോടും മുസ്തഫക്ക് എന്നും കമ്പമായിരുന്നു. 1994 ലെ അപകടത്തിന്റെ നഷ്ടപരിഹാരമായി ലഭിച്ച ഇന്‍ഷ്യൂര്‍ തുക ഉപയോഗിച്ച് ചട്ടിപ്പറമ്പിനടുത്ത് പൊന്നാരം പള്ളിയാലില്‍ ഒരു ഏക്കര്‍ 18 സൈന്റ സ്ഥലം വാങ്ങി മനോഹരമായ ഔഷധ സസ്യതോട്ടമൊരുക്കിയും മുസ്തഫ മാതൃകയാവുകയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നാട്ട് മരുന്നുകളും ചെടികളും സംരക്ഷിക്കുന്നതോടൊപ്പം പരിസ്ഥി സംരക്ഷണത്തിന്റെ സന്ദേശവും മുസ്തഫയുടെ ഈ ഉദ്യമത്തിന് പിന്നിലുണ്ട്.
വംശനാശം സംഭവിക്കുന്ന പല വൈദ്യ ചെടികളും കണ്ടെത്തി വളര്‍ത്തിയും അമൂല്യങ്ങളായ നിരവധി മരുന്നുകളുടെ ചേരുവകളൊരുക്കിയും മുസ്തഫ വ്യത്യസ്തനാവുമ്പോള്‍ ആയിരക്കിനാളുകളാണ് അതിന്റെ ഫലങ്ങള്‍ ആസ്വദിക്കുന്നത്.
കേരളത്തില്‍ നിന്നങ്ങളോളമിങ്ങോളം നിരവധിപേര്‍ മരുന്നു ചെടികള്‍ തേടി ഇവിടെയെത്താറുണ്ട്. അത്തരക്കാരില്‍ നിന്നും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് മുസ്തഫ അവര്‍ക്ക് ആവശ്യമായ ചെടികളും മരുന്നിലകളുമൊക്കെ നല്‍കുന്നത്. എന്നാല്‍ മരുന്നു കമ്പനികളില്‍ നിന്നും താന്‍ ന്യായമായ വില ഈടാക്കിയാണ് ഇവ നല്‍കാറുള്ളതെന്നും മുസ്തഫ പറഞ്ഞു.
അണലി വേഗം, ഏകനായകം, മരമഞ്ഞള്‍, നാഗഗന്ധി, സര്‍പ്പഗന്ധി, കരിമഞ്ഞള്‍, നാഗപൂമരം, ഊദ്, ദന്തപ്പാല, കരിങ്ങോട്ട തുടങ്ങി മുന്നൂറിലധികം ഔഷധ ചെടികളുള്ള ലൈഫ് ലൈന്‍ ഔഷധ സസ്യതോട്ടത്തില്‍ വേനല്‍കാലം ചിലവഴിക്കുന്നത് സവിശേഷമായ അനുഭവമാണ്. പ്രകൃതിയുടെ സൗന്ദര്യവും ഔഷധ ചെടികളുടെ കാറ്റുമൊക്കെ വേണ്ടുവോളം ആസ്വദിക്കുവാന്‍ വേനലില്‍ ധാരാളമാളുകള്‍ എത്താറുണ്ട്. വീല്‍ ചെയറിലുള്ളവര്‍ക്കും തോട്ടത്തിലുടനീളം സഞ്ചരിക്കുന്ന രീതിയിലാണ് തോട്ടം സംവിധാനിച്ചിരിക്കുന്നത്. വിശേഷപ്പെട്ട അതിഥികള്‍ക്ക് താമസിക്കാനായി ഒരു ഗസ്റ്റ് ഹൗസും തോട്ടത്തില്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. മജീഷ്യന്‍ മുതുകാട് അടക്കമുള്ള പല പ്രമുഖരും മുസ്തഫയുടെ ഔഷധ സസ്യതോട്ടത്തിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിട്ടുണ്ട്.
ഔഷധചെടികളും മരുന്നുകളും നട്ടുവളര്‍ത്തി സംരക്ഷിക്കുന്നതോടൊപ്പം താല്‍പര്യമുള്ളവര്‍ക്ക് ഔഷധ സസ്യതോട്ടം നിര്‍മിച്ചുനല്‍കുവാനും അദ്ദേഹം താല്‍പര്യം കാണിക്കുന്നു. മര്‍ക്കസ് നോളജ് സിറ്റിയിലും മുതുകാടിന്റെ മാജിക് പ്‌ളാനറ്റിലുമൊക്കൈ മുസ്തഫയുടെ ഔഷധ ചെടികളുണ്ട്.
മിതമായ വിലക്ക് ഔഷധ ചെടികള്‍ നല്‍കുന്നതോടൊപ്പം പരിസ്ഥിതി ദിനം പോലുള്ള വിശേഷാവസരങ്ങളില്‍ തികച്ചും സൗജന്യമായും അദ്ദേഹം ചെടികള്‍ നല്‍കാറുണ്ട്. വര്‍ഷം തോറും അയ്യായിരം ചെടികളെങ്കിലുംം സൗജന്യമായി നല്‍കാറുണ്ട്. പരിസ്ഥിതി ബോധവല്‍ക്കരണ രംഗത്തും മുസ്തഫ തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. പ്രാണന് വേണ്ടി ഒരു മരം എന്നതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം.
ഓര്‍ഗാനിക് കൃഷിയാണ് അദ്ദേഹം കൈ വെച്ച മറ്റൊരു രംഗം. വാണിജ്യ താല്‍പര്യങ്ങള്‍ പച്ചക്കറികളും പഴങ്ങളുമൊക്കെ വിഷലിപ്തമാക്കുമ്പോള്‍ ശുദ്ധമായ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി 18 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുകയാണ്.
വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. സിംഗപൂരിലെത്തിയപ്പോഴാണ് വീല്‍ ചെയര്‍ യാത്രക്കാര്‍ക്ക് ലോകം നല്‍കുന്ന സൗകര്യങ്ങള്‍ ബോധ്യമായത്. സിംഗപ്പൂര്‍ വിമാനതാവളത്തില്‍ ചെന്നിറങ്ങിയപ്പോള്‍ തനിക്ക് പുതുതായി രണ്ട് കാലുകള്‍ ലഭിച്ച പ്രതീതിയാണ് അവിടുത്തൈ സൗകര്യങ്ങള്‍ സൃഷ്ടിച്ചത്. ഈ നിയമങ്ങളും ഇന്ത്യന്‍ വ്യവസ്ഥയും അനുശാസിക്കുന്നുണ്ട്. പക്ഷേ പ്രായോഗിക തലത്തില്‍ നടക്കുന്നില്ലെന്ന് മാത്രം. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ എല്ലാ അവകാശങ്ങളും അര്‍ഹരായവര്‍ക്ക് നേടിക്കൊടുക്കണം.
സ്വപ്നപദ്ധതി
സി.എം.സി. വെല്ലൂര്‍ മാതൃകയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു റിഹബിലിറ്റേഷന്‍ സെന്ററാണ് മുസ്തഫയുടെ സ്വപ്‌നം. മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴില്‍ ഈ ഉദ്യമം സാക്ഷാല്‍ക്കരിക്കാനുള്ള പ്രയത്‌നത്തിലാണ് അദ്ദേഹം. സൂര്യ ടി.വി.യില്‍ മുകേഷ് അവതരിപ്പിച്ച ഡീല്‍ ഓര്‍ നോ ഡീല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ കിട്ടിയ മൂന്നര ലക്ഷം രൂപ ഇതിനായി മാറ്റി വെച്ച് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. മനുഷ്യ സ്‌നേഹിയായ ഒരു സുഹൃത്ത് 54 സെന്റ സ്ഥലം നല്‍കി. ഏകദേശം 4 കോടി രൂപയാണ് ഈ പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.
അപകടത്തില്‍ അംഗവൈകല്യം ബാധിക്കുന്നവരെ മാനസികവും ശാരീരികവുമായ പരിചരണങ്ങളിലൂടെ പുതിയ മനുഷ്യരാക്കുകയെന്നതാണ് ഈ സെന്റര്‍ ലക്ഷ്യം വെക്കുന്നത്. മാത്രമല്ല ഓരോരുത്തര്‍ക്കും അവരുടെ ശാരീരിക മാനസിക നിലക്കനുസരിച്ച് കൈതൊഴില്‍ പരിശീലിപ്പിച്ച് മാനമ്യമായ ജീവിതത്തിന് സജ്ജമാക്കാനും സെന്റര്‍ ലക്ഷ്യം വെക്കുന്നു.
സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതും നല്ലതിന്. ഇനി വരാനിരിക്കുന്നതും നല്ലതിന്. ഇതാണ് മുസ്തഫയെന്ന മലപ്പുറത്തുകാരനെ പുതിയ മനുഷ്യനാക്കിയത്. വിധിയെ പഴിച്ച് നിരാശനായ നിമിഷങ്ങളെ ക്രിയാത്മകമായി മാറ്റിയാണ് അദ്ദേഹം തന്റെ ചരിത്രം മാറ്റിയെഴുതിയത്. അപകടം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരു സാധാരണ മനുഷ്യനായി ജീവിച്ചുമരിക്കുമായിരുന്ന താന്‍ ഇന്ന് ആയിരക്കണക്കിനാളുകളുടെ പ്രതീക്ഷയും പ്രത്യാശയുമായി മാറിയതും അപകടം കാരണമാണല്ലോ എന്നോര്‍ക്കുമ്പോള്‍ എല്ലാ അവസ്ഥകളിലും നന്മയുടേയും പുരോഗതിയുടേയും സന്ദര്‍ഭകള്‍ കണ്ടെത്തണമെന്നാണ് ഓര്‍മിപ്പിക്കുന്നത്.
95 ശതമാനവും സ്ഥിരമായ അംഗവൈകല്യം ബാധിച്ച മുസ്തഫ എന്ന മനുഷ്യ സ്‌നേഹിയുടെ വിസ്മയകരമായ ജീവിത യാത്ര സമകാലിക ലോകത്തിന് ഏറെ പ്രചോദനമാണ്. അംഗവൈകല്യം ബാധിച്ചവര്‍ക്ക് പ്രത്യേകമായി കാറുകള്‍ ഡിസൈന്‍ ചെയ്തും അമൂല്യങ്ങളായ പച്ചമരുന്നുകള്‍ നഷ്ടപ്പെടാതിരിക്കാനായി ഔഷധ തോട്ടം നട്ടുവളര്‍ത്തിയും മാതൃകാപരമായി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ഈ മലപ്പുറത്തുകാരന്‍ ചരിതം കുറിക്കുമ്പോള്‍ നാം ഓര്‍ക്കുക. ജീവിതം ധന്യമാകുന്നത് നമ്മെ കൊണ്ട് മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം ലഭിക്കുമ്പോഴാണെന്ന്. ജീവിത യാത്രയില്‍ എന്ത് പ്രതിസന്ധികളുണ്ടായാലും മനക്കരുത്തോടെ മറികടന്നാല്‍ ആര്‍ക്കും ബാധ്യതയാവാതെ കഴിയാനാകുമെന്നും മുസ്തഫയുടെ ജീവിതം നമ്മോട് പറയുന്നുണ്ട്.

 

You must be logged in to post a comment Login