അതിരപ്പിള്ളിയില്‍ സിപിഐക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം.മണി; ‘പദ്ധതിയെ സിപിഐ എതിര്‍ക്കുന്നത് വിവരക്കേട് കൊണ്ട്; കാനം ജില്ലാ സെക്രട്ടറിമാരെ കൊണ്ട് സര്‍ക്കാരിനെതിരെ പറയിപ്പിക്കുന്നു’

തിരുവനന്തപുരം: സിപിഐക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം.മണി. അതിരപ്പിള്ളി പദ്ധതിയെ സിപിഐ എതിക്കുന്നത് വിവരക്കേട് കൊണ്ടാണ്. കാനം രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിമാരെ കൊണ്ട് സര്‍ക്കാരിനെതിരെ പറയിപ്പിക്കുകയാണ്. ഇത് പിന്നീട് പാര്‍ട്ടി നിലപാടല്ലെന്ന് പറഞ്ഞ് കൈകഴുകുകയാണെന്നും മണി പറഞ്ഞു. സിപിഐ സമ്മര്‍ദ്ദം തുടര്‍ന്നാല്‍ പദ്ധതി ഉപേക്ഷിച്ച് ജനങ്ങളോട് പറയും. പദ്ധതി നടപ്പാക്കണമെന്നാണ് സിപിഐഎമ്മിന്റെയും കെഎസ്ഇബിയുടെയും തീരുമാനം. പദ്ധതിക്കെതിരെ നിയമനടപടി ഉണ്ടായാല്‍ നേരിടും.

എതിര്‍ക്കുന്നവര്‍ ഭരണത്തിലുണ്ടായിരുന്നപ്പോള്‍ വേണ്ടെന്ന് വെച്ചില്ല. ഇപ്പോള്‍ പദ്ധതിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.

അതേസമയം കാനം പറയുന്നത് സിപിഐയുടെ നിലപാട് തന്നെയെന്ന് പ്രകാശ് ബാബു പറഞ്ഞു. നാവുദോഷം കൊണ്ടാണ് വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്താത്തതെന്നും പ്രകാശ് ബാബു പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി അശാസ്ത്രീയമാണെന്നായിരുന്നു കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. ഇക്കാര്യം കൂട്ടമായി പുനരാലോചിക്കണം.ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യമാണ് അതിരപ്പിള്ളി പദ്ധതി.മൂലധനം വായിക്കാത്തവരാണ് പരിസ്ഥിതി വാദികളെന്ന് തങ്ങളെ പരിഹസിക്കുന്നതെന്നും കാനം പറഞ്ഞിരുന്നു. ലോകത്ത് ഇപ്പോള്‍ ഡാമുകള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ്. കേരളത്തില്‍ സംവാദങ്ങള്‍ കുറവും വിവാദങ്ങള്‍ കൂടുതലുമാണെന്നും കാനം ആരോപിച്ചിരുന്നു.

അതേസമയം അതിരപ്പിള്ളി പദ്ധതി നടപ്പാക്കേണ്ടെന്ന് രമേശ് ചെന്നിത്തല ഇന്നും ആവര്‍ത്തിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായാണ് പദ്ധതിക്കെതിരെ നിലപാട് എടുത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതി നടപ്പാക്കേണ്ടത് സമവായ ചര്‍ച്ചകളിലൂടെ ആകണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടത്. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചര്‍ച്ച നടത്തി അഭിപ്രായ സമന്വയത്തോടെ മുന്നോട്ടു പോകണം. പ്രകൃതി സംരക്ഷണം അനിവാര്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് സമവായ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരനും ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ പിന്തുണച്ചിരുന്നു.

അതിരപ്പിള്ളി പദ്ധതിയ്ക്ക് എതിരാണ് കോണ്‍ഗ്രസ് എന്നായിരുന്നു നേരത്തെ ചെന്നിത്തല നിയമസഭയില്‍ അടക്കം വ്യക്തമാക്കിയിരുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതമന്ത്രിയുമായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് പദ്ധതി അങ്ങേയറ്റം ഗുണകരമാണെന്നാണ് അന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നത്.

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ യു ഡി എഫിന്റെ നിലപാടില്‍ വ്യത്യാസം വരുന്നത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനെ തുടര്‍ന്നാണ്. പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി സഭയെ അറിയിച്ചപ്പോള്‍ തന്നെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ച് സി പി ഐയും രംഗത്തെത്തിയിരുന്നു.

ഇതിനിടെ അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി എം.എം. മണി വീണ്ടും രംഗത്തെത്തി. ഇതുസംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതല്ലെന്നും പദ്ധതി സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ നിന്നും പ്രതിപക്ഷത്തു നിന്നും എതിര്‍പ്പുകള്‍ ശക്തമാകുന്നതിനിടെയാണ് മന്ത്രി നിലപാട് ആവര്‍ത്തിച്ചത്.

You must be logged in to post a comment Login