അതിരപ്പിള്ളി പദ്ധതി; പ്രാരംഭ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍; വനേതരപ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചു

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കി സംസ്ഥാന സർക്കാർ. പദ്ധതിയുടെ പ്രാരംഭനടപടികൾ ആരംഭിച്ചുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചു. വനേതര പ്രവർത്തനങ്ങൾക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂർത്തീകരിച്ചുവെന്നും അദ്ദേഹം വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎയ്ക്കു രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തികൾ പുരോഗമിക്കുകയാണ്. വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റുആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഉണ്ടായിരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂർത്തീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയും സെൻട്രൽ വാട്ടർ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി സംസ്ഥാനത്തിനു ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്നായിരുന്നു സിപിഐഎം നിലപാട്. പിന്നീട് അധികാരത്തിൽ എത്തിയപ്പോൾ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വ്യക്തമാക്കിയപ്പോൾ വലിയ എതിർപ്പായിരുന്നു ഉയർന്നത്. ഘടകക്ഷിയായ സിപിഐ ഉൾപ്പെടെയുള്ളവർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് നിലപാടിൽ നിന്നും സർക്കാർ പിന്നോട്ടുപോയിരുന്നു. എന്നാൽ, അന്നത്തെ സർക്കാർ വാദം പൊള്ളയായിരുന്നുവെന്നാണ് പുതിയ മറുപടിയിലൂടെ വ്യക്തമാകുന്നത്.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റേത്. 936 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.

പ്രകൃതിക്കും പരിസ്ഥിതിക്കും കനത്ത ദോഷം വരുത്തുന്ന ഈ പദ്ധതി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ നാശത്തിനും വഴിവയ്ക്കുമെന്നാണ് യുഡിഎഫ് നിലപാട്. 140 ഹെക്ടറോളം വനത്തെ വെള്ളത്തിൽ മുക്കുന്ന ഈ പദ്ധതി അത്യപൂർവ്വമായ സസ്യ, ജന്തു സമ്പത്തിനും നാശമുണ്ടാക്കും. അതേസമയം നാമമാത്രമായ വൈദ്യുതി ഉല്പാദനത്തിന് മാത്രമേ ഇത് ഉപകരിക്കുകയുമുള്ളൂ. ഗുണത്തക്കാളേറെ ദോഷം ചെയ്യുന്ന ഈ പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്നാണ് യു.ഡി.എഫിന്റെ നിലപാട്. തുടർ പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിച്ച് പദ്ധതി എന്നന്നേയ്ക്കുമായി ഉപേക്ഷിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളണമെന്ന് രമേശ് ചെന്നിത്തല മുമ്പ് ആവശ്യപ്പെട്ടിരുന്നു.

You must be logged in to post a comment Login