അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; പാക് മോർട്ടർ ഷെൽ നിർവീര്യമാക്കി ഇന്ത്യൻ സൈന്യം; ദൃശ്യങ്ങൾ

ഇന്ത്യൻ അതിർത്തിയിൽ വീണ്ടും പാകിസ്താൻ പ്രകോപനം. ബാലക്കോട് മെന്താർ സെക്ടറുകളിലാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്നലെ അർധരാത്രി ഇന്ത്യൻ അതിർത്തിയിലെ ഗ്രാമങ്ങൾക്ക് നേരെ പാകിസ്താൻ സൈന്യം തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ആളപായത്തെ കുറിച്ചോ നാശനഷ്ടങ്ങളെ കുറിച്ചോ ഇതുവരെ വിവരം ലഭ്യമായിട്ടില്ല.

അതേസമയം, പാക് മോർട്ടർ ഷെൽ നിർവീര്യമാക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാകിസ്താൻ ഫയർ ചെയ്ത 120mm മോർട്ടർ ഷെല്ല് ഇന്നലെയാണ് അതിർത്തിക്ക് സമീപമുള്ള പൂഞ്ച് ജില്ലയിൽ വന്നു പതിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ സൈന്യത്തെ അറിയിക്കുകയും സൈന്യം വന്ന് ഷെൽ നിർവീര്യമാക്കുകയുമായിരുന്നു.

പാകിസ്താൻ നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കെതിരെ ഇന്ത്യ ഇന്നലെ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പാകിസ്താന്റെ പ്രകോപനം. ഈ വർഷം മാത്രം 2,050 തവണയാണ് പ്രകോപനങ്ങളൊന്നും കൂടാതെ പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചതെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ആക്രമണങ്ങളിലായി 21 ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

You must be logged in to post a comment Login