അത്ഭുതപ്പെടുത്താനെത്തിയ ഐഫോണ്‍ X പണിപറ്റിച്ചു; നാണംകെട്ട് ക്രെയ്ഗ് ഫെഡര്‍ഹിക്

ആരേയും അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായാണ് ഐഫോണ്‍ പുതിയ പതിപ്പുകള്‍ പുറത്തിറക്കിയത്. നിലവിലുള്ള ടെക്‌നോളജിയെ പാടെ പൊളിച്ചടുക്കുന്ന നിരവധി സവിശേഷതകളാണ് പത്താം വാര്‍ഷികത്തിലെ ഐഫോണ്‍ X ലുള്ളത്. ഫെയ്‌സ്‌ഐഡിയാണ് ഇതില്‍ ഏറ്റവും പ്രധാനം.

മുന്‍ ക്യാമറയിലൂടെ മുഖത്തിന്റെ ബയോമെട്രിക് ഫീച്ചറുകള്‍ സ്‌കാന്‍ ചെയ്ത് ഉടമയെ തിരിച്ചറിയുന്ന രീതിയാണിത്. നിലവിലുള്ള അണ്‍ലോക്കിംങ് സിസ്റ്റത്തില്‍ ഏറ്റവും മികച്ചതെന്ന അവകാശവാദത്തോടെയാണ് അധികൃതര്‍ ഇത് അവതരിപ്പിച്ചത്. ഭയാനകമായ ഇരുട്ടില്‍ പോലും ഉടമസ്ഥനെ തിരിച്ചറിയുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്തായാലും ടെക് ലോകത്തെ പ്രധാന ചര്‍ച്ച ഇപ്പോള്‍ ഫെയ്‌സ് ഐഡി തന്നെയാണ്.

പക്ഷെ ഐഫോണ്‍ X ന്റെ പ്രധാന സവിശേഷതയായ ഫെയ്‌സ് ഐഡി കമ്പനിയെ നാണം കെടുത്തിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐഫോണ്‍ ലോഞ്ചിംങിനിടെ X ന്റെ ഫെയ്‌സ് ഐഡി സവിശേഷത അവതരിപ്പിച്ച കമ്പനിയുടെ ക്രെയ്ഗ് ഫെഡറര്‍ഹിക്ക് പണികിട്ടിയെന്നാണ് സംസാരം.

ഫെയ്‌സ് ഐഡി ഫീച്ചര്‍ ആദ്യമായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ക്രെയ്ഗ് ഫെഡറര്‍ഹിക്ക് കിട്ടിയ ആഘാതം കമ്പനിക്ക് ക്ഷീണമായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാണ്. ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ അതിന്റെ നേരെ നോക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് ഫെഡര്‍ഹി ഡെമോ തുടങ്ങിയത്. മുഖം കൊണ്ട് മുകളിലേക്കു സൈ്വപ്പ് ചെയ്താല്‍ ഫോണ്‍ അണ്‍ലോക്കാകുമെന്ന് പറഞ്ഞ് അദ്ദേഹം ശ്രമിച്ചെങ്കിലും ഫോണിന് ഒരു ചലനവുമുണ്ടായിരുന്നില്ല. വീണ്ടും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഫെയ്‌സ് ഐഡി ശരിയായി എന്റര്‍ ചെയ്യാത്തതാണ് നാണക്കേടിന് കാരണമെന്നാണ് അധികൃതരുടെ പക്ഷം. എന്തൊക്കെ വിശദീകരണം നല്‍കിയാലും ടെക് ലോകം ഉറ്റുനോക്കിയ വമ്പന്‍ ലോഞ്ചിംങിനിടെയുണ്ടായ നാണക്കേട് ഇനി ആപ്പിളിന് കുറച്ചു കാലം പേറി നടക്കേണ്ടിവരും.

You must be logged in to post a comment Login