‘അത് എന്റെ തെറ്റാണ്, എന്നെ ഓരോ നിമിഷവും കൊന്നുകൊണ്ടിരിക്കുന്ന തെറ്റ്’; ഡേവിഡ് വാര്‍ണറുടെ ഭാര്യ

പന്തു ചുരണ്ടല്‍ വിവാദത്തില്‍ ശിക്ഷിക്കപ്പെട്ട ഓസീസ് മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറുടെ ഇപ്പോഴത്തെ അവസ്ഥ തന്നെ കൊല്ലുകയാണെന്ന് ഭാര്യ കാന്‍ഡിസ്. ‘ഇത് മുഴുവന്‍ എന്റെ തെറ്റാണെന്ന് എനിക്ക് തോന്നുന്നു, ഇത് എന്നെ ഓരോ നിമിഷവും കൊന്നു കൊണ്ടിരിക്കുകയാണ്’, കാന്‍ഡിസ് പറഞ്ഞു.

‘ഡേവ് മത്സരം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ കരയുന്നതാണ് കണ്ടത്. കുട്ടികള്‍ ഞാന്‍ കരയുന്നത് നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. അത് എന്നെ തകര്‍ത്ത് കളഞ്ഞു’, കാന്‍ഡിസ് പറഞ്ഞു. വാര്‍ണറുടെ പ്രവൃത്തിയെ ന്യായീകരിക്കുകയല്ല താനെന്ന് പറഞ്ഞ കാന്‍ഡിസ് അദ്ദേഹം തന്നേയും കുട്ടികളേയും കഴിവിന്റെ പരമാവധി സംരക്ഷണം നല്‍കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ ആരാധകര്‍ ക്ഷമയോടും സഹാനുഭൂതിയോടും കാത്തിരിക്കണമെന്നും ഈ ഘട്ടത്തില്‍ വാര്‍ണര്‍ക്ക് തകര്‍ച്ചയില്‍ നിന്നു തിരികെ വരികയാണ് വേണ്ടതെന്നും കാന്‍ഡിസ് പറഞ്ഞു.

അതേസമയം വാര്‍ണര്‍ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. താന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണ് എന്ന് പറഞ്ഞ മുന്‍ ഓസീസ് നായകന്‍ ഇനി രാജ്യത്തിന് വേണ്ടി കളിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്നലെ പറഞ്ഞിരുന്നു. ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ വാര്‍ണര്‍ എഴുതി തയ്യാറാക്കിയ പത്രക്കുറിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിച്ചുകേള്‍പ്പിക്കുകയായിരുന്നു. ‘ഇനി രാജ്യത്തിന് വേണ്ടി കളിക്കാനാകുമെന്ന വളരെ ചെറിയ പ്രതീക്ഷ മാത്രമേയുളളൂ. ഇനി കളിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഞാന്‍ എത്തി. ഓരോ കളിയിലും രാജ്യത്തിന് കൂടുതല്‍ അഭിമാനം നേടിയെടുക്കാനാണ് ശ്രമിച്ചത്,’ തന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കി വാര്‍ണര്‍ പറഞ്ഞു. ഇത് നാലാം തവണയാണ് കുറ്റം ഏറ്റുപറഞ്ഞ് വാര്‍ണര്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത്.

കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം ഉണ്ടായത്. മത്സരത്തിനിടെ യുവതാരം ബാന്‍ക്രോഫ്റ്റാണ് സാന്റ്‌പേപ്പര്‍ കൊണ്ട് പന്ത് ചുരണ്ടിയത്. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് തങ്ങള്‍ കൂടി അറിഞ്ഞാണ് ബാന്‍ക്രോഫ്റ്റ് ഇക്കാര്യം ചെയ്തതെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞത്. ഐസിസി ഒരു മത്സരത്തില്‍ നിന്ന് സ്മിത്തിനെയും വാര്‍ണറെയും ബാന്‍ക്രോഫ്റ്റിനെയും വിലക്കിയതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിനെയും വാര്‍ണറെയുംഒരു വര്‍ഷത്തേക്കും വിലക്കുകയായിരുന്നു. ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തെ വിലക്കും ലഭിച്ചു.

You must be logged in to post a comment Login