അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാട്ടില്‍ മദ്യനിരോധനം നടപ്പിലാക്കും: ജയലളിത

jayalalitha1

ചെന്നൈ: തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാട്ടില്‍ മദ്യനിരോധനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത. ഘട്ടംഘട്ടമായി ബാറുകള്‍ പൂട്ടിയായിരിക്കും മദ്യനിരോധനം നടപ്പിലാക്കുകയെന്നും ജയലളിത പറഞ്ഞു. ചെന്നൈയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ജയലളിത.

മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയുടെ മദ്യനിരോധന നിലപാടിനെ ജയലളിത വിമര്‍ശിക്കുച്ചു. മദ്യം തമിഴ്‌നാട്ടില്‍ കൊണ്ടുവന്നയാളാണ് ഇപ്പോള്‍ അത് നിരോധിക്കുമെന്ന് പറയുന്നത്. കരുണാനിധി സര്‍ക്കാരിന്റെ കാലത്താണ് തമിഴ്‌നാട്ടില്‍ മദ്യഉപഭോഗം കുത്തനെ കൂടിയതെന്ന് ജയലളിത ആരോപിച്ചു. അദ്ദേഹത്തിന് മദ്യനിരോധനത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും ജയലളിത പറഞ്ഞു.

മദ്യനിരോധനത്തിന്റെ ഭാഗമായി മദ്യശാലകളുടെ പ്രവര്‍ത്തനസമയം കുറക്കാനും ബാറുകള്‍ പൂട്ടാനും ആലോചനയുണ്ട്. ബിഹാറില്‍ മദ്യനിരോധനം നടപ്പിലാക്കിയ പശ്ചാത്തലത്തിലാണ് തമിഴ്‌നാട്ടിലും മദ്യനിരോധനമെന്ന ആശയം വിവിധ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.

താന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും ജയലളിത പ്രചാരണപരിപാടിയില്‍ പറഞ്ഞു. ചെന്നൈയിലെ ആര്‍ കെ നഗറില്‍ നിന്നാണ് ജയലളിത ഇത്തവണയും മത്സരിക്കുന്നത്.

You must be logged in to post a comment Login