അധിക വരുമാനത്തിന് കൊക്കോ കൃഷി

കൃഷിരീതി
അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.
തനിവിളമറ്റു കൃഷികളുടെ ഇടയില്‍ അല്ലാതെ, കൊക്കോ മാത്രം നടുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. ചെടികള്‍ തമ്മില്‍ പത്തടിയും, രണ്ടു ലൈനുകള്‍ തമ്മില്‍ പത്തടിയും ആയിട്ട് നട്ടാല്‍, ഒരെക്രയില്‍ നാനൂറു ചെടികള്‍ നടാം.

ഇടവിള
മറ്റു സ്ഥിരമായ കൃഷിയുടെ ഇടയില്‍ (തെങ്ങ്, കമുക്, റബര്‍ മുതലായവ) നടുന്ന രീതിയാണ്. ഇങ്ങനെ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ പത്തോ പതിനഞ്ചോ അടി അകലവും, രണ്ടു ലൈനുകള്‍ തമ്മില്‍ ഇരുപതടി അകലവും വേണം.

cocoa 1009_169

നടുന്ന രീതി
ഇപ്പോള്‍ കൊക്കോയുടെ കുരു പാകി മുളപ്പിക്കുവാന്‍ പറ്റിയ സമയമാണ്. ആറോ, ഒന്‍പതോ ഇഞ്ച് നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെങ്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും.ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയതിനു ശേഷം തൈകള്‍ നടുക. ഒരു മാസം കഴിയുമ്പോള്‍ പത്തു ഗ്രാം ഫാക്ടം ഫോസ് ഇട്ടാല്‍ നന്നായിരിക്കും. വളത്തിന്റെ അളവ് കുറച്ചു, മാസം തോറും ഇടുന്നത് നല്ലതാണ്.

ബഡ് തൈകള്‍.
നൂറു ചെടികള്‍ ഉണ്ടെങ്കില്‍, മുപ്പതു ചെടികളില്‍ നിന്ന് എഴുപതു ശതമാനവും, എഴുപതു ചെടികളില്‍ നിന്ന് മുപ്പതു ശതമാനവും ആദായമാണ് കിട്ടുക. പകരം, മുഴുവന്‍ ബഡ് തൈകളാണെങ്കില്‍, നൂറു ചെടികളില്‍ നിന്നും നൂറു ശതമാനം ആദായം കിട്ടും. കായ്ഫലമുള്ള ചെടികളും ബഡ് ചെയ്തു ഫലഭൂയിഷ്ടമാക്കാം.കാഡ്ബറീസിന്റെ ഫാമുകളില്‍ നിന്ന് കൂടത്തൈകള്‍ കിട്ടും. താമരശ്ശേരി ഓഫീസിന്റെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു. 0495 2225103.

You must be logged in to post a comment Login