അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.എം എബ്രഹാമിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ ത്വരിത പരിശോധന റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. കേസിലെ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനുളള ആക്ഷേപങ്ങള്‍ ഇന്നറിയിക്കാമെന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതു കൂടി കേട്ടശേഷമായിരിക്കും കോടതിയുടെ വിധിയുണ്ടാകുക.

വീട്ടില്‍ നടത്തിയ റെയ്ഡില്‍ സമ്പാദ്യം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതായും എന്നാല്‍ സംശയകരമായ രീതിയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എതിര്‍വാദം അവതരിപ്പിക്കാന്‍ സമയം വേണമെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന് കോടതി സമയം അനുവദിച്ചതും. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡിജിപി എന്‍.ശങ്കര്‍റെഡ്ഡിക്കെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ബാര്‍കോഴയുമായി ബന്ധപ്പെട്ട് കെ.എം മാണിയെ കുറ്റവിമുക്തനാക്കുവാന്‍ ശങ്കര്‍റെഡ്ഡി ശ്രമിച്ചെന്നായിരുന്നു പരാതി. ഇതില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നല്‍കിയ സമയ പരിധി ഇന്നവസാനിക്കുകയാണ്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.എം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് നേരത്തെ വിവാദമായിരുന്നു. കെ.എം. എബ്രഹാം അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കോടതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം പൂജപ്പുരയിലെ ഫ്‌ളാറ്റില്‍ പരിശോധന. പരിശോധന സമയത്ത് കെ.എം എബ്രഹാമിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്‌ളാറ്റിന്റെ വിസ്തീര്‍ണം അളക്കുകയും മറ്റ് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് വിജിലന്‍സിനെതിരെ പരാതിയുമായി എബ്രഹാം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. സെര്‍ച്ച് വാറണ്ടില്ലാതെയും ചട്ടങ്ങള്‍ പാലിക്കാതെയും കെ.എം എബ്രഹാമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് ഗൗരവമുളളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും പിന്നാലെ വിജിലന്‍സ് എസ്പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ കെ.എം എബ്രഹാം മികച്ച ഉദ്യോഗസ്ഥനാണെന്ന് മുഖ്യമന്ത്രിയും തോമസ് ഐസക്കും അഭിപ്രായപ്പെട്ടിരുന്നു.

You must be logged in to post a comment Login