കേട്ടാലും കേട്ടാലും മതിവരാത്ത നിരവധി അനശ്വരഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച വയലാര്‍ രാമവര്‍മ്മ ഓര്‍മ്മയായിട്ട് ഇന്ന് 38 വര്‍ഷം. മലയാളത്തിന്റെ മണം മാറാത്തഗാനങ്ങളായിരുന്നു വയലാര്‍ ഗാനങ്ങളുടെ പ്രത്യേകത. അതില്‍ പ്രണയവും വിരഹവും സൗഹൃദവും പ്രകൃതി സൗന്ദര്യവും എല്ലാം സംയോജിപ്പിച്ചിരുന്നു. ഇരുനൂറില്പരം ചിത്രങ്ങളിലൂടെ രണ്ടായിരത്തോളം പാട്ടുകള്‍ മലയാളസിനിമയ്ക്കു നല്കിയ വയലാര്‍ ഗാനങ്ങള്‍ ഇന്നും നാം ഓര്‍ത്തിരിക്കാന്‍ കാരണം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ആ വരികളുടെ സൗന്ദര്യമായിരുന്നു.
1956 ല്‍ ഖദീജാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചിത്രത്തില്‍ തുമ്പീ തുമ്പീ എന്ന ഗാനമെഴുതിക്കൊണ്ട് മലയാള ചലച്ചിത്ര ലോകത്തിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത്. പിന്നീടങ്ങോട്ട് ഗാനലോകത്തെ അവിഭാജ്യ ഘടകമായിത്തീര്‍ന്നു വയലാര്‍ ഗാനങ്ങള്‍. വളളം കളിയുടെ ആവേശം വാരി വിതറുന്ന കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ എന്ന ഗാനവും പ്രണയത്തിന്റെ സ്വര്‍ഗഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന കൊടുങ്ങലൂരമ്മയിലെ മഞ്ജുഭാഷിണി മണിയറവീണയില്‍ വിരഹത്തിന്റെ എല്ലാ ദു:ഖവും ചേര്‍ത്തെഴുതിയ വിവാഹിത എന്ന ചിത്രത്തിലെ സുമംഗലി നീ ഓര്‍മ്മിക്കുമോ എന്ന ഗാനങ്ങളുമൊക്കെ മലയാളിയുടെ ചുണ്ടുകളില്‍ ഇന്നും വിരുന്നു വരാറുണ്ട്. നിരവധി അനശ്വര ഗാനങ്ങളുടെ ആലാപന ചാരുത മലയാളിക്ക് സമ്മാനിച്ച വരപ്രസാദമായിരുന്നു വയലാര്‍.
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മംകൂടി എന്നു ചോദിച്ച അനശ്വരകവിയുടെ ഓര്‍മ്മകള്‍ ഇന്നും മായാതെ നില്‍ക്കുന്നത് ഈ ഗാനങ്ങിലൂടെയാണ്…..അത് എത്ര തലമുറ കടന്നുപോയാലും അങ്ങനെ നിലനില്ക്കുകയും ചെയ്യും….കേരളത്തില്‍ പ്രണയവും വിരഹവും പ്രകൃതിയുമുളളിടത്തോളം കാലം.
You must be logged in to post a comment Login