അനാവശ്യ ടാഗിങ്ങ്: ഫെയ്‌സ്ബുക്ക് നിയമക്കുരുക്കില്‍

കാലിഫോര്‍ണിയ: പ്രമുഖ സോഷ്യല്‍ മീഡിയയായ ഫെയ്‌സ്ബുക്ക് നിയമക്കുരുക്കില്‍. സുഹൃത്തുക്കളുടെ നിരന്തരമായുള്ള ടാഗിംഗ് അലോസരപ്പെടുത്തുവെന്ന് കാണിച്ച് ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ഉടനടി പരിഹാരം കാണാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. അനാവശ്യ ടാഗിങ്ങ് തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് കാണിച്ചാണ് ഒരുകൂട്ടം ഉപയോക്താക്കള്‍ കോടതിയില്‍ പരാതി നല്‍കിയത് .

പരാതികള്‍ തള്ളണമെന്ന ഫെയ്‌സ്ബുക്കിന്റെ ആവശ്യം കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി തള്ളിക്കളഞ്ഞു. കേസ് നിയമപരമായി നിലനില്‍ക്കുന്നില്ലെന്ന ഫെയ്‌സ്ബുക്കിന്റെ വാദത്തിന് തിരിച്ചടിയായിരുന്നു കോടതിയുടെ നിലപാട്. ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് തടയുന്ന ഇല്യാനോസ് നിയമപ്രകാരം കേസ് നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.

ഉപയോക്താക്കളുടെ ആവശ്യം എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയാത്ത ഫെയ്‌സ്ബുക്ക്, ടാഗിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

2010 ല്‍ അവതരിപ്പിച്ച ഫോട്ടോ ടാഗിങ്ങ് ടൂള്‍ സംവിധാനമാണ് ഫെയ്‌സ്ബുക്കിനെ ഇപ്പോള്‍ നിയമക്കുരുക്കിലാക്കിയിട്ടുള്ളത്. ഇഷ്ടമനുസരിച്ച് സുഹൃത്തുക്കള്‍ക്ക് യൂസറുടെ ടാഗിങ്ങ് സ്വീകരിക്കാനോ നിരസിക്കാനോ സാധിക്കും. ടാഗ് ചെയ്തതിന് ശേഷം ടാഗ് നീക്കം ചെയ്യാനുള്ള സൗകര്യവും ഫെയ്‌സ്ബുക്ക് നല്‍കുന്നുണ്ട്.

You must be logged in to post a comment Login