അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് അമ്പത്

  • കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍

മുന്തിയ നിലവാരവും അത്യാധുനിക സൗകര്യങ്ങളുമുള്ള പത്തു പ്രദര്‍ശന ശാലകള്‍, തുറന്ന പ്രദര്‍ശനത്തിനുള്ള വേദികള്‍, ആര്‍ട്ട് പാര്‍ക്കുകള്‍, എക്‌സിബിഷന്‍ കേന്ദ്രങ്ങള്‍, സിനിമയുടെ വിവിധ മേഖലകളെ ആധാരമാക്കി നിര്‍മ്മിച്ച പ്രത്യേക പവലിയനുകള്‍, കുട്ടികളുടെ സിനിമാവില്ലേജ്, നിരത്തുകളുടെ വശങ്ങളില്‍ അലങ്കരിച്ച പ്രദര്‍ശന ശാലകള്‍, വിവിധ തരം ഭക്ഷണശാലകള്‍… ഇത്രയൊക്കെക്കൊണ്ട് തീരുന്നതല്ല ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫസ്റ്റിവലിന്റെ വിശേഷങ്ങള്‍.. വിദേശികളും സ്വദേശികളുമായ സിനിമാപ്രവര്‍ത്തകരുടേയും ചലച്ചിത്രമെന്ന മാധ്യമത്തെ സ്‌നേഹിക്കുന്നവരുടേയും സവിശേഷമായ ഒത്തുചേരല്‍ കൂടിയാണ് ഗോവ ചലച്ചിത്രമേളയുടെ ആഴം. അവിടെ ഡെലിഗേറ്റുകള്‍ സിനിമയെക്കൂറിച്ച്, സംഗീതത്തെ കുറിച്ച്, നൃത്തത്തെ കുറിച്ച്, ചി്രത സംയോജനത്തെ കുറിച്ച് സംസാരിക്കുന്നു. കണ്ടതിനേയും കാണാത്തതിനേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നു. മുതിര്‍ന്ന പ്രവര്‍ത്തകരോട് സംശയങ്ങള്‍ ചോദിക്കുന്നു. സ്‌നേഹിക്കുന്നു. പരിഭവപ്പെടുന്നു. കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തുന്നു.
നല്ലൊരു ശതമാനം ഭാരതീയരും മറ്റെല്ലാ ദൃശ്യ കലകളേയും എന്നപോലെ സിനിമയേയും മനസ്സിലേറ്റിയവരാണ്. അതില്‍ത്തന്നെ ഒരു നല്ല വിഭാഗം ചലച്ചിത്ര പ്രേമികള്‍ക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളിലെ മികച്ച ചിത്രങ്ങള്‍ കാണാനും അതിനേക്കുറിച്ച് കൂടുതല്‍ അറിയാനും കമ്പമുണ്ടെന്ന് തെളിയിക്കുകയാണ് നമ്മുടെ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലായി നടക്കുന്ന ചെറുതും വലുതുമായ ചലച്ചിത്ര മേളകള്‍. കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ. തദ്ദേശീയ ചിത്രങ്ങളും ഭാരതത്തിനു വെളിയില്‍ നിന്നുള്ള ചിത്രങ്ങളും ഇണക്കിച്ചേര്‍ത്ത് പല വിഭാഗങ്ങളിലുമായി ഒരേസമയം വിവിധ ശാലകളിലായി ചിത്രങ്ങള്‍ അവതരിപ്പിക്കുകയും ഒപ്പം ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകരെ പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് മേളകളുടെ പൊതു സ്വഭാവം. ഓപ്പണ്‍ ഫോറം, സംവാദങ്ങള്‍, ലൈവ് ടെലികാസ്റ്റിങ്ങുകള്‍ എന്നിവയെല്ലാം മേളയുടെ പ്രത്യേകതകളാണ്.
ഗോവയും ചലച്ചിത്രോത്സവവും
ചലച്ചിത്ര മേളകള്‍ക്ക് തുടക്കം കുറിച്ചത് 1932 ല്‍ തുടങ്ങിയ വെനീസ് ചലച്ചിത്ര മേളയോടെയാണ് എന്നു കരുതപ്പെടുന്നു. തുടര്‍ന്നുവന്ന മോസ്‌ക്കോ ചലച്ചിത്ര മേളയൊക്കെ വളരെ ശ്രദ്ധനേടുകയുണ്ടായി. 1935 ല്‍ തുടങ്ങിയ മോസ്‌ക്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 1960 മുതല്‍ തുടര്‍ച്ചയായി നടന്നുവരുന്നു. തുടര്‍ച്ചയായി നമ്മള്‍ തീയേറ്ററുകളില്‍ കണ്ടുവരുന്ന തരം വാണിജ്യ സിനിമകളുടെ ഇടയില്‍ പ്രമേയപ്രധാനവും സാമൂഹ്യ സാംസ്‌ക്കാരിക മുന്നേറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നതുമായ ചിത്രങ്ങള്‍ കാണുവാന്‍ അവസരം ലഭിക്കുന്നത് ചലച്ചിത്ര മേളകളെ കൂടുതല്‍ ശ്രദ്ധാകേന്ദ്രമാക്കി. ഭാരതത്തില്‍ 1952 ലാണ് മേള തുടങ്ങുന്നത്. പഴയ ബോംബെയില്‍ ആരംഭിച്ച മേള പിന്നീട് ഓരോ വട്ടവും പല നഗരങ്ങളിലായാണ് നടത്തിയിരുന്നത്. 2004-ല്‍ അന്നത്തെ ഗോവ മുഖ്യമന്ത്രിയുടെ പരിശ്രമ ഫലമായി ഗോവയെ മേളയുടെ സ്ഥിരം വേദിയായി തീരുമാനിക്കപ്പെട്ടു. 2007 മുതല്‍ ഞാന്‍ സ്ഥിരമായി ഗോവയിലെ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഒരോ വര്‍ഷവും പുതുമകളുമായാണ് മേള അണിയിച്ചൊരുക്കുന്നത്. ആദ്യ വര്‍ഷങ്ങളില്‍ ഗോവയിലെ വിവിധ പട്ടണങ്ങളിലെ സിനിമാശാലകളിലായിരുന്നു സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പിന്നീട് പനജിയില്‍ തൊട്ടടുത്തുള്ള സിനിമാശാലകളിലായി പ്രദര്‍ശനം. കഴിഞ്ഞ വര്‍ഷം വരെ, മണ്ഡോവി നദിക്കരയിലെ മനോഹരമായ സ്ഥലത്തുള്ള മക്വിനോസ് പാലസിലെ രണ്ടു സ്‌ക്രീനുകളിലും ഐനോക്‌സിലെ നാലു സ്‌ക്രീനുകളിലും കൂടാതെ അല്പദൂരെയുള്ള കലാ അക്കാദമിയെന്ന വലിയൊരു തീയേറ്ററിലുമായി രുന്നു സിനിമകള്‍ കാണിച്ചിരുന്നുത്.. എന്നാല്‍ അമ്പതാം വര്‍ഷത്തിലെ മേളയില്‍, മണ്ഡോവിയുടെ അങ്ങേക്കരയില്‍ പതിനഞ്ച് -ഇരുപതു മിനിറ്റുകള്‍ കൊണ്ടെത്താവുന്ന പൊര്‍വോരിമിലെ മൂന്ന് ഐനോക്‌സ് സ്‌ക്രീനുകള്‍ കൂടെ പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1952-ല്‍ 23 രാജ്യങ്ങളിലെ ചിത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടു തുടങ്ങിയ മേളയില്‍ ഇന്ന് 65 ല്‍ പരം രാജ്യങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളുണ്ട്. വര്‍ഷംതോറും പ്രതിനിധികളുടെ എണ്ണവും കൂടിവരുന്നു. ഗോവ വിനോദസഞ്ചാരികള്‍ക്ക് പ്രീയപ്പെട്ട സ്ഥലമാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കൗതുകങ്ങള്‍ ഗോവയിലുണ്ട്. അത് മേളയുടെ ഭംഗി ഏറെ വര്‍ദ്ധിപ്പിക്കുന്നു.

ഉദ്ഘാടനച്ചടങ്ങ്
അമ്പതാമത് ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഗംഭീരമായിരുന്നു. അന്തരിച്ച മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനോടുള്ള ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു മേളയുടെ തുടക്കം. ഗോവ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ചടങ്ങില്‍ ഏകദേശം പതിനായിരം പേരെങ്കിലും പങ്കെടുത്തിട്ടുണ്ട്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും കേന്ദ്ര മന്ത്രി പ്രസാദ് ജാവദേക്കറിന്റെയും പേരിലുള്ള പ്രത്യേക ക്ഷണക്കത്തുള്ളവര്‍ക്കു മാത്രമായിരുന്നു ചടങ്ങില്‍ പ്രവേശനം. ഗോവയിലൂള്ള സുഹൃത്ത് ശിവശങ്കരന്‍ വഴി പ്രവേശനം തരമായി. ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രമുഖരായ രണ്ടു വ്യക്തികളെ, അമിതാഭ് ബച്ചനേയും രജനീകാന്തിനേയും ആദരിക്കുകയുണ്ടായി. അമിതാഭച്ചനായിരുന്നു ഈ വര്‍ഷത്തെ ചലച്ചിത്ര മേളയിലെ മുഖ്യാതിഥി. ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌ക്കാരം അമിതാഭ് ബച്ചന്റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് ‘ബച്ചന്‍ എന്റെ ഇന്‍സ്പിരേഷനാണ് എന്നു പറഞ്ഞ രജനീകാന്ത് അദ്ദേഹത്തിനു പുരസ്‌ക്കാരം നല്‍കിയ ഭാരതസര്‍ക്കാരിനോടും തന്റെ കൂടെ പ്രവര്‍ത്തിച്ച സിനിമ സാങ്കേതിക പ്രവര്‍ത്തികരോടും തനിക്കേറ്റവും പ്രീയപ്പെട്ട ആരാധകരോടും നന്ദി പറയുവാനും മറന്നില്ല. രജനിയുടെ ഓരോവാക്കിനും വലിയ പ്രതികരണമാണ് ലഭിച്ചത്. ചലച്ചിത്ര നിര്‍മ്മാണത്തിനായി ഏര്‍പ്പെടുത്തിയ സിങ്കിള്‍ വിന്‍ഡോ സംവിധാനം ആ മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് കേന്ദ്ര, വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ചടങ്ങില്‍ സംസാരിച്ച ഗോവ മുഖ്യമന്ത്രി ഗോവക്കാര്‍ക്ക് മുഖ്യമായ മൂന്നു കാര്യങ്ങള്‍ ഫുഡ്, ഫുട്ട്ബാള്‍, ഫിലിം എന്നിവയാണെന്ന് സൂചിപ്പിച്ചു. ഫ്രഞ്ച് അഭിനേത്രി ഇസബെല്ല ഹെപ്പേര്‍ട്ടിനേയും മേളയില്‍ ആദരിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സംഗീതലോകത്തിന്റെ അഭിമാനമായ സംഗീത സംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവനും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന് പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന കണ്ടാലും കണ്ടാലും തീരാത്ത ചലച്ചിത്രവിസ്മയങ്ങളിലേക്കുള്ള മുന്നറിയിപ്പായിരുന്നു ഉദ്ഘാടനച്ചടങ്ങ്.

ഗോവന്‍ കാഴ്ചകള്‍
രാത്രിയാകുമ്പോഴേക്കും പനജിയില്‍, മേള നടക്കുന്ന മാണ്ഡോവിയുടെ കിനാരങ്ങള്‍ മുഖം മിനുക്കും. മുന്‍വര്‍ഷങ്ങളെ വച്ചു നോക്കിയാല്‍ ഈ വര്‍ഷം കൂടുതല്‍ അലങ്കാരങ്ങളാണ് എവിടെയും. ബിയര്‍പാര്‍ലറുകളില്‍ തിരക്കേറുന്നു. പതിവ് കിങ്ഫിഷര്‍ സ്റ്റാളുകള്‍ ഇത്തവണ കണ്ടില്ല. പകരം മറ്റു ചില ബ്രാന്റുകളുടെ സ്റ്റാളുകള്‍ കണ്ടു. നാടന്‍ ഗോവന്‍ ഭക്ഷണയിനങ്ങള്‍ ഉള്ള നിരവധി സ്റ്റാളുകളുണ്ട്. ഉദ്ദേശിച്ചപോലെ കത്തിവെപ്പില്ല. ഇരുട്ടു പരന്നതോടെ കാര്യങ്ങള്‍ മാറി. തുറന്ന വേദികളില്‍ വലിയ ശബ്ദകോലാഹലങ്ങളോടെ പാട്ടും നൃത്തവും തുടങ്ങി. ഓപ്പണ്‍ തീയേറ്ററുകളും സജീവമായി. അത് ഏറെ വൈകിയെ അവസാനിക്കു. പ്രദര്‍ശന ശാലകള്‍ നിരവധിയുണ്ട്. കൂട്ടത്തില്‍ ലോറന്‍സ് വില്‍സന്റെ ശേഖരത്തിലെ പഴയ പ്രൊജക്റ്ററുകളും ക്യാമറകളും പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുണ്ട്. ഡാന്‍സ്, മിമിക്രി, സിനിമ സൈഡ് ആര്‍ട്ടിസ്ട് എന്നൊക്കെ രേഖപ്പെടുത്തിയ കാര്‍ഡ് അദ്ദേഹത്തിന്റെ കൈയിലുണ്ട്. പണ്ട് മേളകളിലൊക്കെ 16 എം എം പ്രൊജക്ടര്‍ ഉപയോഗിച്ച് സിനിമകള്‍ കാണിച്ച ആളായിരുന്നു. കാല്‍നൂറ്റാണ്ടായി അതു നിലച്ചിട്ട്. നവ സാങ്കേതിക വിദ്യയുടെ ഇരകളായി കൂനിക്കൂടിയിരിക്കുന്നു പല പഴഞ്ചന്‍ പ്രൊജക്റ്ററുകള്‍. ഒരു ഫോട്ടൊ എടുക്കട്ടെ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം കോട്ടിടട്ടെ എന്നു പറഞ്ഞു. കോട്ടിട്ട ലോറന്‍സിനേക്കാള്‍ നല്ലത് കോട്ടിടാത്ത പച്ചയായ ലോറന്‍സാണെന്നു പറഞ്ഞു കുടെനിന്ന് ഫോട്ടൊയെടുത്തു.
ഐനോക്‌സിന്റെ തൊട്ടടുത്താണ് മീന്‍ ചന്ത. അവിടെ കാറ്റില്‍ മീന്‍മണം. ഗോവക്കാര്‍ക്ക് മീനോടുള്ള ഇഷ്ടം പ്രശസ്തമാണ്.
കടല്‍ മീനുകളും പുഴമീനുകളും സുലഭമായി കിട്ടും. എന്നിട്ടും ഹോട്ടല്‍ ആവശ്യങ്ങള്‍ക്കു തികയാത്തതിനാല്‍ തൊട്ടടുത്ത കാര്‍വാറില്‍ നിന്നുമൊക്കെ നിറയെ മീന്‍വണ്ടികള്‍ ഗോവയിലെത്തുന്നു. നിരത്തിന്റെ ഇരുവശത്തും സന്ധ്യയോടെ നല്ല തിരക്കാകും. ഫെസ്റ്റിവലില്‍ ധാരാളം മലയാളികള്‍ ഡെലിഗേറ്റ്‌സായി എത്താറുണ്ട്. അതില്‍ പ്രശക്തരും അല്ലാത്തവരുമായവരുണ്ട്.

സിനിമക്കാരും എഴുത്തുകാരുമുണ്ട്. പണ്ടുമുതല്‍ കാണുന്നതാണ് എഴുത്തുകാരന്‍ സി വി ബാലകൃഷ്ണനെ. പി എഫ് മാത്യൂസ്. സി എസ്സ് വെങ്കിടേശ്വരന്‍ തുടങ്ങിയ പ്രമുഖരുണ്ട്. അതുപോലെ സിനിമാക്കാഴ്ചയ്ക്കായി സ്ഥിരമായി വരുന്ന സൂഹൃത്തുക്കള്‍ ഏറെപ്പേരുണ്ട്. ഗോവന്‍ സുഹൃത്തുളുമുണ്ട് നിരവധി. കാര്‍വാര്‍ ജീവിതകാലം മുതല്‍ പരിചയമുള്ളവരാണു പലരും. പൂണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും ഫിലിം അപ്രീസിയേഷന്‍ പഠനം കഴിഞ്ഞ സിദ്ധാര്‍ത്ഥന്‍ സര്‍, ശിവശങ്കരന്‍, ജോണ്‍സണ്‍, മജീദ്, അനില പകാശ്… അങ്ങനെ എത്രയോപേര്‍..! ഇവരൊക്കെ വളരെ വര്‍ഷങ്ങളായി ഗോവയിലെ താമസ്സക്കാരാണ്. ഈ വര്‍ഷവും ഇവരെയൊക്കെ കണ്ടുമുട്ടി. കണിശമായ സെക്യൂരിറ്റി പരിശോധനകളും ടിക്കറ്റ് ലൈനുകളിലെ തിരക്കും ഓരോവര്‍ഷവും കൂടിവരുന്നതായി തോന്നി. ഈ വര്‍ഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് ശ്രമിച്ചിട്ട് കാര്യമുണ്ടായില്ല. രാത്രി പന്ത്രണ്ടു മണിക്ക് അടുത്ത ദിവസത്തെ ടിക്കറ്റിങ്ങ് തുറന്ന്, മിനിറ്റുകള്‍ക്കകം അവ തീര്‍ന്നു എന്ന സന്ദേശം കിട്ടി.

സ്വദേശ വിദേശ സിനിമകള്‍
കാണാതെപോയ ചിത്രങ്ങളുടെ നഷ്ടബോധമാണ് എനിക്ക് ചലച്ചിത്രമേളകള്‍. മറ്റു ചിത്രങ്ങള്‍ കണ്ടിറങ്ങുന്ന സുഹൃത്തുക്കളുടെ വര്‍ണ്ണനകളിലെ വാചാലതകളില്‍ ചിലപ്പോള്‍ കൊളുത്തിപ്പിടിക്കും. കണ്ടിറങ്ങിയ ചിത്രങ്ങളിലെ ചില രംഗങ്ങള്‍ ചുഴറ്റിവിട്ട അലകളില്‍ നിന്നും മോചനം കിട്ടുന്നതിനു മുമ്പ് അടുത്ത ചിത്രശാലയിലേക്ക് പ്രവേശിക്കേണ്ടി വരും പലപ്പോഴും.. ചിത്രങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് ഒരു സിഗ്‌നേച്ചര്‍ രംഗമുണ്ട്. മയൂരനൃത്തമാണത്. മയൂരങ്ങള്‍ ആകാശപ്പരവതാനിയില്‍ നൃത്തം ചെയ്യുമ്പോള്‍ വിവധ ഭാഷകളിലെ അക്ഷരങ്ങള്‍ ചിതറുന്ന ആ കാഴ്ചവിരുന്ന് ഒരുക്കിയത് ഷാജി എന്‍ കരുണ്‍. കഴിഞ്ഞ മേളയില്‍ സിഗ്‌നേച്ചര്‍ രംഗം മാറ്റി മറ്റൊന്നിറക്കി. അത് ബോറാണെന്നറിഞ്ഞാകും സംഘാടകര്‍ ഈ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ ആ പഴയ മയൂരങ്ങളെ തിരികെ കൊണ്ടുവന്നത്. ശരാശരി അഞ്ചു സിനിമകള്‍ ഒരോ ദിവസവും കാണും. ഈ വര്‍ഷം കണ്ട ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു ഗുജറാത്തി സിനിമയായിരുന്നു. അഭിഷേക് ഷാ സംവിധാനം ചെയ്ത ഹെല്ലാരൊ എന്ന ചിത്രം. 1975 കാലങ്ങളില്‍ റാന്‍ ഓഫ് കച്ചിലുള്ള ഒരു കുഗ്രാമത്തില്‍ സംഭവിക്കുന്ന കഥ അതിമനോഹരമായി പറഞ്ഞു. സംഗീതവും നൃത്തവും എങ്ങനെ സിനിമയില്‍ മുതല്‍ക്കൂട്ടാകുന്നു എന്നതിന് നല്ല ഒരു ഉദാഹരണമാണ് ഈ ചിത്രം. അനവസരത്തില്‍ പാട്ടു കുത്തിക്കേറ്റുന്ന മലയാള സിനിമാശൈലിക്ക് ഇതൊരു പാഠമാണ്. പണിയ ഭാഷയില്‍ മനോജ് കാന ഒരുക്കിയ കെഞ്ചിറയും പ്രമേയത്തിന്റെ ശക്തികൊണ്ട് മികച്ചതായിരുന്നു. പണിയസമുദായത്തിന്റെ നിര്‍ഭാഗ്യങ്ങള്‍ നിറഞ്ഞ ഊരിന്റെ കഥ ഏതൊരു ആദിവാസിക്കോളനിയിലും നടക്കാവുന്നതാണ്. വിനുഷ രവി എന്ന മിടുക്കിയും മോഹിനി എന്ന പണിയസ്ത്രീയും അവരുടെ ഭാഗം ഭംഗിയാക്കി അഭിനയിച്ചത് ചായം വാരിത്തേച്ച് തുള്ളിക്കളിക്കുന്ന മലയാളി നടിരത്‌നങ്ങള്‍ കണ്ടുപഠിക്കണം. ഈ മേളയില്‍ കാണാന്‍ കഴിഞ്ഞ മറ്റൊരു ഇന്ത്യന്‍ സിനിമ ബോംഗ എന്ന മറാത്തിസിനിമയാണ്. ഉച്ചഭാഷിണി എന്നതാണ് ഈ പദത്തിന്റെ അര്‍ത്ഥം. ശിവളി ലോത്തന്‍ പാട്ടീല്‍ എന്ന സംവിധായകന്‍ ഈ സിനിമയ്ക്കായി സ്വീകരിച്ച പ്രമേയം വേറിട്ടതാണ്. പള്ളിയില്‍ ബാങ്ക് വിളിക്കുന്ന ഉച്ചഭാഷിണിയുടെ നേരെയുള്ള വീട്ടില്‍ ഒമ്പതു മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നതില്‍ തുടങ്ങുന്നു സിനിമ. ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസത്തെ ഒട്ടും വ്രണപ്പെടുത്താതെ ഈ പ്രമേയത്തെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിട്ടുണ്ട് സംവിധായകന്‍. ഹിന്ദി, തെലുങ്ക്, ബംഗാളി ഭാഷകളിലെ ചിത്രങ്ങളെ കൂടാതെ മലയാളത്തില്‍ നിന്നും ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ടി കെ രാജീവ്കുമാറിന്റെ കോളാമ്പി, മനു അശോകന്റെ ഉയരെ തുടങ്ങിയ ചിത്രങ്ങളുണ്ടായിരുന്നു ഇന്ത്യന്‍ പനോരമയില്‍.

വേള്‍ഡ് പനോരമ വിഭാഗത്തില്‍ അറുപത്തിനാലു ചിത്രങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ മത്സര വിഭാഗത്തില്‍ കുറേ ചിത്രങ്ങള്‍ വേറെയും. മത്സരവിഭാഗത്തില്‍ കണ്ടതില്‍ സണ്‍ – മദര്‍ എന്ന ഇറാനിയന്‍ ചിത്രവും കാപ്ടീവ് എന്ന ഹംഗറിയന്‍ ചിത്രവും ഏറെ ഇഷ്ടമായി. കാപ്ടീവ് എന്ന ചിത്രം പറയുന്നത് സുരക്ഷാ പോലീസിന്റെ ക്രിയകള്‍ കൊണ്ട് പൊറുതിമുട്ടുന്ന ഒരു സാധാരണ കുടുംബത്തിന്റെയും അവരുടെ സുഹൃത്തുക്കളുടേയും തൊന്തരവുകളാണ്. ആ വീട്ടിലെത്തുന്ന ഓരോരുത്തരും കെണിയില്‍ അകപ്പെടുന്ന കിളികളെ പോലെയാകുന്നത് വളരെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. വേള്‍ഡ് പനോരമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ബ്രസീലിയന്‍ ചിത്രം ‘ഉമ- ലൈറ്റ്‌സ് ഓഫ് ഹിമാലയ’ അണിയിച്ചൊരുക്കിയത് മലയാളിയായ ആനന്ദജ്യോതിയാണ്. സ്വത്വാന്വേഷണത്തിനൊടുവില്‍ പുണ്യനദിയായ ഗംഗയുടെ തീരങ്ങളില്‍ എത്തുന്ന ബ്രസീലിയന്‍ യുവസഞ്ചാരികളിലൂടെ ചിത്രം പുരോഗമിക്കുന്നു. ഫിലിം മേക്കര്‍ ഫോക്കസ്സ് വിഭാഗത്തില്‍ ജാപ്പാനീസ് നിര്‍മ്മാതാവായ തക്കാഷി മൈക്കെയുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. പക്ഷെ എനിക്ക് ചിത്രങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷത്തെ മേളയില്‍ കണ്‍ട്രി ഫൊക്കസ്സില്‍ റഷ്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മാസ്റ്റര്‍ ഫ്രെയിംസ് വിഭാഗത്തില്‍ റോയ് ആന്‍ഡേഴ്‌സണ്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച എബൗട്ട് എന്‍ഡ്‌ലെസ്സ് എന്ന സ്വീഡണ്‍- ജെര്‍മ്മനി ചിത്രം കണ്ടവരെല്ലാം അതൊരു മികച്ച ചിത്രമെന്ന് പറഞ്ഞു.

 

You must be logged in to post a comment Login