അന്ധരുടെ ട്വന്റി-20ലോകകപ്പ്; ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: കാഴ്ചപരിമിതരുടെ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ ഒരു കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ചു. സുപ്രീം കോടതി നിയമിച്ച താല്‍ക്കാലിക കമ്മിറ്റിയുടെ യോഗത്തിലാണ് കാഴ്ചപരിമിതരുടെ ടീമിന് ഒരു കോടി രൂപ നല്‍കാന്‍ തീരുമാനമെടുത്തത്. വിനോദ് റായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാമചന്ദ്ര ഗുഹ, വിക്രം ലിമായെ, ഡയാന എഡുല്‍ജി എന്നിവര്‍ പങ്കെടുത്തു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ടീമിലെ പല കളിക്കാര്‍ക്കും ക്രിക്കറ്റ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ശമ്പളം ലഭിക്കാതെയുള്ള ലീവ് എടുത്താണ് പലരും ലോകകപ്പിനെത്തിയത്.അതേസമയം ഇതിനു മുമ്പ് പല തവണ ബിസിസിഐയോട് സഹായവും അംഗീകാരവും ചോദിച്ച് എഴുതിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും അത് പരിഗണിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ഇങ്ങനെയൊരു സമ്മാനവുമായി മുന്നോട്ടു വന്നതില്‍ സന്തോഷമുണ്ടെന്നും ടീമിന്റെ പരിശീലകന്‍ പാട്രിക് രാജ്കുമാര്‍ വ്യക്തമാക്കി.

നേരത്തെ ടീമിന് നല്‍കുന്ന പാരിതോഷികം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. പത്തു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു കായികമന്ത്രി വിജയ് ഗോയലിന്റെ പ്രഖ്യാപനം. ഓരോ താരത്തിനും പത്തു ലക്ഷം രൂപ വീതം ലഭിക്കുമെന്നാണു ടീമംഗങ്ങള്‍ കരുതിയതെങ്കിലും ടീമിന് ആകെ നല്‍കുന്ന തുകയാണിതെന്നു മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെയാണു തര്‍ക്കം ഉടലെടുത്തത്. ഇതേത്തുടര്‍ന്ന് അന്നത്തെ ചടങ്ങില്‍ നിന്ന് താരങ്ങള്‍ ഇറങ്ങിപ്പോകാന്‍ തുനിഞ്ഞു.പിന്നീട് പ്രശ്‌നം വഷളാകുമെന്ന് മനസിലായതോടെ കൂടുതല്‍ തുക പാരിതോഷികം നല്‍കുമെന്ന് ഗോയല്‍ അറിയിക്കുകയായിരുന്നു.

മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തും ടീമിനു സഹായം വാഗ്ധാനം ചെയ്തിരുന്നു. ഒമാന്‍ ജ്വല്ലറി ഉദ്ഘാടത്തിനു ലഭിച്ച വെളിപ്പെടുത്താത്ത തുകയാണ് ശ്രീശാന്ത് ടീമിന് നല്‍കും എന്ന് അറിയിച്ചിരുന്നത്. ബംഗളൂരുവില്‍ നടന്ന ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം കിരീടം നേടിയത്.

You must be logged in to post a comment Login