അന്റോണിയോ ജര്‍മ്മന്‍ ഗോകുലവുമായുള്ള കരാര്‍ അവസാനിപ്പിച്ചു

കൊച്ചി: അന്റോണിയോ ജര്‍മ്മന്‍ ഇന്ത്യയില്‍ കളി അവസാനിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ കുപ്പായത്തിലൂടെ മലയാളി ഫുട്‌ബോള്‍ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ ജര്‍മ്മന്‍ നിലവില്‍ ഐ ലീഗില്‍ ഗോകുലം കേരള എഫ് സി താരമായ ജര്‍മ്മന്‍ കരാര്‍ അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഈ സീസണിലാണ് ജര്‍മ്മന്‍ ഗോകുലത്തില്‍ എത്തുന്നത്.

ഐ ലീഗില്‍ ഗോകുലത്തിനായി ആറ് മത്സരങ്ങള്‍ കളിച്ച ജര്‍മ്മന്‍ രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. താരം തന്നെയാണ് ക്ലബ്ബുമായുള്ള കരാര്‍ അവസാനിപ്പിച്ച് മടങ്ങുകയാണെന്ന കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

‘മൂന്ന് വര്‍ഷത്തെ ഇന്ത്യന്‍ ജീവിതത്തിന് അവസാനം കുറിക്കുന്നു. ഗോകുലം എഫ് സിയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണ്. എനിക്ക് തന്നെ തൃപ്തിയാകുന്നില്ല, പലകാര്യങ്ങളിലും ഞാന്‍ സന്തുഷ്ടനല്ലായിരുന്നു. ക്ലബ്ബിനെ ഞാന്‍ ഒരിക്കലും തെറ്റ് പറയില്ല. ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ നമ്മള്‍ എവിടെയാണോ അവിടെ സന്തോഷം കണ്ടെത്തണം. മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും അത് അത്യവശ്യമാണ്. അതിന് സാധിക്കാത്തതിനാലാണ് ഞാന്‍ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. ക്ലബ്ബിനും ആരാധകര്‍ക്കും നന്ദി. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ക്ലബ്ബിന് എല്ലാവിധ ആശംസകളും,’ ജര്‍മ്മന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2015ലാണ് ജര്‍മ്മന്‍ ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2017ല്‍ ക്ലബ്ബ് വിട്ട ജര്‍മ്മന്‍ എന്നാല്‍ മലയാളക്കര വിട്ടില്ല. ഈ സീസണില്‍ ഐ ലീഗ് കളിക്കാന്‍ ജര്‍മ്മന്‍ ഗോകുലത്തില്‍ എത്തുകയായിരുന്നു.

You must be logged in to post a comment Login