അന്വേഷണത്തിൽ വീഴ്ച സമ്മതിച്ച് സർക്കാർ; വാളയാർ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി


തിരുവനന്തപുരം: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ തുടരന്വേഷണവും വിചാരണയും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. പ്രോസിക്യൂട്ടറായിരുന്ന ലത ജയരാജനെ കഴിഞ്ഞ ദിവസം കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടി സർക്കാർ പുറത്താക്കിയിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി സർക്കാർ അപ്പീലിൽ സമ്മതിക്കുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ അപ്പീലിൽ പരാമർശിക്കുന്നു. പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള കേസിന്റെ അന്വേഷണ നടപടികളിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് സർക്കാർ കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നത്.

കേസിന്റെ ഏതെല്ലാം ഘട്ടത്തിൽ വീഴ്ചയുണ്ടായെന്ന് സർക്കാർ അപ്പീലിൽ പറയുന്നു. ഒന്നാമത്തെ പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നുവെന്ന് വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ അതിൽ അന്വേഷണം നടന്നില്ല. രണ്ടാമത്തെ കുട്ടിയുടെ മരണം അസ്വാഭാവികമായിരുന്നെന്ന് കണ്ടെത്തിയെങ്കിലും അന്വേഷണം വേണ്ട രീതിയിൽ മുന്നോട്ട് പോയില്ല. പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയില്ലെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

വാളയാർ സഹോദരിമാരുടെ അമ്മ നേരത്തെ പ്രതികളെ വെറുതെ വിട്ടതിനെതിരെ രംഗത്ത് വന്നിരുന്നു. ആറ് പ്രതികൾക്കെതിരെ പോലീസ് ആറ് കുറ്റപത്രം സമർപ്പിച്ചിരുന്നതിനാൽ ആറ് അപ്പീലുകളാണ് ബന്ധുക്കൾ സമർപ്പിച്ചത്. എന്നാൽ, സംസ്ഥാന സർക്കാർ ഒറ്റ അപ്പീലാണ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. വീഴ്ചയുണ്ടാകാൻ ഇടയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.

You must be logged in to post a comment Login