അനൗപചാരിക വിദ്യാഭ്യാസത്തിന് കരിക്കുലം തയാറാകുന്നു

തിരുവനന്തപുരം: ഗവേഷണം അധിഷ്ഠിതമാക്കിയുള്ള ആശയ ഉല്‍പാദനത്തിന് അടിത്തറയിടാന്‍ പാകത്തില്‍ അനൗപചാരിക വിദ്യാഭ്യാസ മേഖലയില്‍ കരിക്കുലം രൂപപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടന്ന അനൗപചാരിക വിദ്യാഭ്യാസ കരിക്കുലം നിര്‍മാണത്തിനായുള്ള ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ആത്യന്തിക ലക്ഷ്യം ആശയോല്‍പാദനം തന്നെയാണ്. സാമൂഹിക അധികാരഘടനയെ മാറ്റുന്ന ചിന്തകള്‍ ഉല്‍പാദിപ്പിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണം.

അനൗപചാരിക വിദ്യാഭ്യാസ കരിക്കുലം സമീപനരേഖയുടെ കരട് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ എ. ഷാജഹാന്റെ നേതൃത്വത്തില്‍ കരട് സമീപനരേഖയില്‍ നടന്ന ചര്‍ച്ചയില്‍ ആസൂത്രണബോര്‍ഡ് അംഗം ഡോ.ബി. ഇക്ബാല്‍, കേരള മഹിള സമഖ്യ സൊസൈറ്റി ഡയറക്ടര്‍ പി.ഇ ഉഷ, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫിസര്‍ ടി.വി വിനീഷ്, ടി.എം.ജെ.എം ഗവ.കോളജ് പ്രിന്‍സിപ്പല്‍ എന്‍. ഷാജി, പാലോട് രവി, ഡോ.കെ. മുഹമ്മദലി, ഡോ. രാമകൃഷ്ണന്‍, എസ്.ഐ.ഇ.ടി ഡയറക്ടര്‍ അബുരാജ്, യൂനി.കോളജ് അസി.പ്രൊഫ.ഡോ.കെ. മുഹമ്മദലി അസ്‌ക്കര്‍, ഹരിതകേരളം മിഷന്‍ കന്‍സല്‍റ്റന്റ് എന്‍. ജഗജീവന്‍, ഡോ.പി.ജെ വിന്‍സന്റ്, ടി.കെ ആനന്ദി, ബാബു എബ്രഹാം പങ്കെടുത്തു.

You must be logged in to post a comment Login