അപകടക്കെണി: ഗാന്ധിനഗര്‍- മെഡിക്കല്‍ കോളജ് റോഡിലെ അനധികൃത കച്ചവടങ്ങള്‍ നഗരസഭ ഒഴിപ്പിച്ചു

കോട്ടയം: ഗാന്ധിനഗര്‍- മെഡിക്കല്‍ കോളജ്- ഇ.എസ്.ഐ റോഡിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചത്. റോഡിലേക്കിറങ്ങി കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകട ഭീഷണിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരസഭാധികൃതര്‍ ഇടപെട്ട് കടകള്‍ ഒഴിപ്പിച്ചത്.

അതേസമയം നഗരസഭാധികൃതര്‍ കടകള്‍ ഒഴിപ്പിക്കാന്‍ എത്തിയതോടെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തെത്തി. തുടര്‍ന്ന് പോലീസ് സഹായത്തോടെയാണ് നഗരസഭ അനധികൃത കടകള്‍ ഒഴിപ്പിച്ചത്. ഈ റോഡില്‍ കഴിഞ്ഞ ദിവസങ്ങളിലും ഇരുചക്ര വാഹനങ്ങളും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെട്ടിരുന്നു. അനധികൃതമായി നിര്‍മ്മിച്ച കടകള്‍ മൂലം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ആരോഗ്യവിഭാഗം നടപടിയെടുത്തത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ. തങ്കം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്യാം കുമാര്‍, ജീവന്‍ ലാല്‍, രഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനധികൃത കടകള്‍ ഒഴിപ്പിക്കുന്ന നടപടികള്‍.

നേരത്തെ മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിന് സമീപം അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കടകള്‍ ആര്‍പ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നും ഗാന്ധി നഗര്‍ മുതല്‍ ഇഎസ്‌ഐ ആശുപത്രി വരെയുള്ള ഭാഗത്ത് അനധികൃത കടകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനെതിരെയാണ് നഗരസഭാ ആരോഗ്യ വിഭാഗം നടപടിയെടുത്തത്.

You must be logged in to post a comment Login