അപകടമുണ്ടായപ്പോള്‍ സഹോദരനെപ്പോലെ കൂടെ നിന്നു: പ്രകാശ് തമ്പി

 

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അനാവശ്യ വിവാദമാണെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌കറിന്‍റെ സുഹൃത്തുമായ പ്രകാശ് തമ്പി. ബാലഭാസ്‌കറിന്‍റെ മരണം അപകടമരണം തന്നെയാണെന്നും പ്രകാശ് തമ്പി ആവര്‍ത്തിച്ചു പറഞ്ഞു. ഡിആര്‍ഐ കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്യലിനായി കൊണ്ടുവരുന്നതിനിടെയാണ് തന്‍റെ അടുത്തെത്തിയ മാധ്യമങ്ങളോടാണ് പ്രകാശ് തമ്പി ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന്‍റെ മരണത്തിന് യാതൊരു ബന്ധവുമില്ല. അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെ പോലെയാണ് ഞാൻ കൂടെ നിന്നത്. അതാണോ താന്‍ ചെയ്ത തെറ്റെന്നും തമ്പി മാധ്യമങ്ങളോട് ചോദിച്ചു. അപകടം നടന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്നും പ്രകാശ് തമ്പി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരനായാണ് പ്രകാശ് തമ്പി പിടിയിലായിട്ടുള്ളത്. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ഡിആര്‍ഐയുടെ കസ്റ്റഡിയിലാണ് ഇയാളുള്ളത്. രണ്ചു ദിവസം മുമ്പ് അന്വേഷണ സംഘം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബാലഭാസ്‌കറിന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെയാണ് ബാലഭാസ്കറിന്‍റെ മരണത്തിൽ സംശയങ്ങള്‍ ഉടലെടുത്തത്.

You must be logged in to post a comment Login