അഫ്ഗാനിസ്ഥാനില്‍ തിരച്ചില്‍ അവസാനിപ്പിച്ചു;മരണം 2500 കവിയുമെന്ന് സൂചന

കാബൂള്‍:വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍   മണ്ണിടിച്ചിലില്‍ ഭൂമിക്കടിയിലായവരെല്ലാം മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍..  ഇവര്‍ക്കായുള്ള തിരച്ചില്‍   രക്ഷാപ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ഇതോടെ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ടവരുടെ   എണ്ണം   2500 കവിയുമെന്നാണ്   സൂചന.   ഇതുവരെ 350 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി   യുഎന്‍ അധികൃതര്‍ അറിയിച്ചു.

നൂറുമീറ്റര്‍ വരെ കനത്തിലാണ് മണ്ണും  ചെളിയും അടിഞ്ഞിരിക്കുന്നത്.   370 വീടുകള്‍ പൂര്‍ണമായും ഇതിനടിയിലായി. ഇത്രയും ആഴത്തില്‍ കുഴിച്ചുമൂടപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം തന്നെ കൂടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മേഖലയില്‍ നിന്ന് ഒഴിച്ചുമാറ്റപ്പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനാണ് രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.വ്യാഴാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു ദുരന്തം. ഹിന്ദുഖുഷ്, പാമിര്‍ പര്‍വതങ്ങള്‍ക്കു സമീപം ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണു ബദഖ്ഷാന്‍ പ്രവിശ്യ. മണ്ണുനീക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ ഇല്ലാത്തതുമൂലം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരിക്കുകയാണെന്നു പ്രവിശ്യാ ഗവര്‍ണര്‍ ഷാ വാലിയുല്ല അദീബ് അറിയിച്ചു.

You must be logged in to post a comment Login