അഭയത്തണല്‍

  • ഖമറുന്നീസ അന്‍വര്‍/ ശേഖരന്‍ ചെമ്മണ്ണൂര്‍

ഏവരാലും ത്യജിക്കപ്പെട്ട്, ആരാലും ശ്രദ്ധിക്കാനില്ലാതെ, തനിക്കുവേണ്ടി ഒരുതുള്ളി കണ്ണുനീരുപോലും ഒഴുക്കാനില്ലാത്ത നിരാലംബരായ വനിതകളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഇവിടെ സ്‌നേഹവീടുണ്ട്. സ്‌നേഹവീട്ടില്‍ എത്തുന്നവരെ സേവിക്കാന്‍, സ്‌നേഹിക്കാന്‍, അവരെ സമാശ്വസിപ്പിക്കാന്‍ ഖമറുന്നീസയുമുണ്ട്. പതിനാലാം വയസ്സുമുതല്‍ തുടങ്ങിയതാണ് മറ്റുള്ളവരുടെ കണ്ണുനീരൊപ്പാന്‍ തന്നാല്‍ കഴിയുന്നത് ചെയ്യുക എന്നത്. അതുതന്നെയാണ് ഖമറുന്നീസയുടെ വീടിന്റെ അര്‍ത്ഥവും, ‘അഖ്‌ന’ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക എന്നര്‍ത്ഥം വരുന്ന അറബിവാക്ക്. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ അഗതിമന്ദിരത്തിന് പൂട്ട് വീണപ്പോള്‍ അവിടത്തെ അന്തേവാസികളെ താമസിപ്പിക്കാന്‍, അന്ന് സാമൂഹികനീതി വകുപ്പ് അധ്യക്ഷയായിരുന്ന ഖമറുന്നീസ ഒരുക്കിക്കൊടുത്തത് സ്വന്തം വീടുതന്നെയായിരുന്നു. ഇന്നത് തിരൂര്‍ ടൗണില്‍ സ്വന്തം വീടിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്കുള്ള സ്‌നേഹവീടായി മാറി. വനിതകള്‍ക്കായി സുരക്ഷാ സങ്കേതവും ഫാമിലി കൗണ്‍സിലിങ് സെന്ററും അവിടെ ഒരുക്കി കഴിഞ്ഞു. സ്‌നേഹവീടിന്റെ ഡയറക്ടറായ ഖമറുന്നീസ അന്‍വര്‍ സംസാരിക്കുന്നു.

? ജീവിതം സ്വയം അനുഭവിക്കാനുള്ളതല്ല മറ്റുള്ളവരെ സേവിക്കാന്‍കൂടിയുള്ളതാണെന്ന ചിന്ത ഉടലെടുത്തത് എന്റെ പതിനാലാം വയസ്സിലാണ് പാവപ്പെട്ടവരെ സഹായിക്കാമെന്നു കരുതി മുന്നോട്ട് വന്നത്. കണ്ണൂരിലെ ആയിക്കരയില്‍ ഞങ്ങളുടെ തറവാടിന്റെ മുകളില്‍ അനുജത്തിമാര്‍ക്ക് വേണ്ടി ഉമ്മ വെട്ടിത്തന്ന പാവാടയും ബ്ലൗസും അടിക്കുകയായിരുന്നു ഞാന്‍. കാലിന് വയ്യാത്ത ബീവിത്ത എന്ന് പേരായ ഒരു സ്ത്രീ വന്ന് ഉമ്മാനോട് കരഞ്ഞുപറയുന്നു. തലേന്ന് മഴ പെയ്തപ്പോള്‍ വീട് ആകെ ചോര്‍ന്നു. കുട്ടികളൊന്നും ഉറങ്ങിയില്ല. പുരമേയാന്‍ എന്തെങ്കിലും സഹായിക്കണം എന്ന്. ഉമ്മ എന്തോ പൈസകൊടുത്തു. അതുപോര എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ അകത്ത്‌പോയി എന്റെ കാതിലെ കമ്മല്‍ അഴിച്ച് ബീവിത്താക്ക് കൊടുത്ത്, ഇത് വിറ്റ് പുരമേയാന്‍ പറഞ്ഞു. പൊന്നായിട്ട് എന്റെ കയ്യില്‍ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളയും മാലയും ഇടാറില്ല. എന്‍സിസിയില്‍ ഉള്ളതുകൊണ്ട് എല്ലാ ദിവസവും പരേഡും ഫിസിക്കല്‍ ട്രെയിനിങ്ങും ഉണ്ടാകും. സ്വര്‍ണ്ണം ഇടാന്‍ പറ്റില്ല. കാതിലത് ഇടാം. ബീവിത്താ താഴെപോയി ഉമ്മാക്ക് ഈ കാതിലത് കൊടുത്ത്, മോളെ ഒന്നും പറയരുതെന്ന് പറഞ്ഞു. ഉമ്മ എന്നെ നന്നായി ചീത്ത പറഞ്ഞു. അത് പോട്ടെ. ബീവിത്ത എന്റെ തലപിടിച്ച് രണ്ടുകയ്യും മേലെ വെച്ച് മോളെ പടച്ചവന്‍ കാക്കുമെന്ന് പറഞ്ഞ് പ്രാര്‍ത്ഥിച്ചു. എനിക്ക് സമാധാനമായി. തുടക്കം അതായിരുന്നു.

? വളര്‍ന്നു വലുതായപ്പോഴും ഈ സംഭവം ഒരു ഉള്‍വിളിയായി മനസ്സിനെ മദിച്ചുകൊണ്ടിരുന്നോ.
വളര്‍ന്നു വലുതായപ്പോള്‍ മറ്റൊരു സംഭവം എന്റെ മനസ്സിനെ വ്യാകുലപ്പെടുത്തി. നീണ്ട ഒരു ട്രെയിന്‍യാത്രയ്ക്കിടയില്‍ ഞാന്‍ കണ്ടൊരു കാഴ്ച. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ഹോട്ടലിനു പിന്നില്‍, അവിടെ ബാക്കി വരുന്ന ഭക്ഷണത്തിനായി തിക്കിത്തിരക്കുന്ന ഒരുപറ്റം ജനങ്ങളെ കാണാന്‍ ഇടയായി. അതെന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥയാക്കി. അടുത്ത പെരുന്നാള്‍ ദിനത്തില്‍ ബിരിയാണി വെച്ച്, വീടിനടുത്ത് താമസിച്ചിരുന്ന നാടോടികള്‍ക്കെല്ലാം സദ്യ കൊടുത്തു. ഇന്നും ആരെയെങ്കിലും എന്തെങ്കിലും ഞാന്‍ സഹായിച്ചാല്‍ കുറെ കഴിഞ്ഞ് ആലോചിക്കുമ്പോള്‍ മനസ്സിന് എന്തോ സംതൃപ്തി തോന്നും. ആ സംതൃപ്തി പണത്തിനോ പ്രതാപത്തിനോ തരാന്‍ പറ്റാത്തതാണ്. അതാണ് എനിക്ക് മറ്റുള്ളവരോടും പറയാനുള്ളത്.

? സ്‌നേഹവീടിന്റെ തുടക്കം എങ്ങിനെയായിരുന്നു.
എട്ടുവര്‍ഷം മുമ്പായിരുന്നു അത്. മഞ്ചേരിയിലെ അഗതിമന്ദിരത്തിനു അടച്ചുപൂട്ടല്‍ ഭീഷണി വന്നപ്പോള്‍ അതിന്റെ നടത്തിപ്പുകാര്‍ ഓടിവന്നത് എന്റെ അടുത്തേക്കായിരുന്നു. അന്ന് എനിക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അവരെ എന്റെ വീട്ടിലേയ്ക്ക് കൊണ്ടുവരാന്‍ പറഞ്ഞു. അവര്‍ അവിടെ താമസിച്ചിരുന്ന നാലുപേരെയും എന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്റെ ഭര്‍ത്താവ് ഡോ. മുഹമ്മദ് അന്‍വര്‍ രോഗികളെ പരിശോധിച്ചിരുന്ന കെട്ടിടമാണ് ഞാന്‍ അവര്‍ക്കായി ഒഴിഞ്ഞുകൊടുത്തത്. അതില്‍ മൂന്നുപേര്‍ മരിച്ചു. 36 വയസ്സുള്ള സംസാരിക്കാന്‍ പറ്റാത്ത ഫാത്തിമ ഇപ്പോഴും ഉണ്ട്. നൂറിലേറെ പേര്‍ ഇവിടെ വന്ന് താമസിച്ചു. ഇന്നത് ആരോരുമില്ലാത്ത ഒട്ടേറെ പേരുടെ വീടായി നിലകൊള്ളുന്നു.

? സ്വന്തം ആശയത്തെ ഭര്‍ത്താവും മക്കളും എങ്ങിനെ ഉള്‍ക്കൊണ്ടു.
എന്റെ പേരിലായിരുന്നു ഞങ്ങള്‍ താമസിക്കുന്ന വീടും രണ്ടുനിലകെട്ടിടവും ചുറ്റുമുള്ള ഒമ്പതര സെന്റ് സ്ഥലവും. ഞാന്‍ സ്‌നേഹവീടിന് വേണ്ടി സംഭാവന ചെയ്യട്ടെ എന്നെന്റെ ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ സമ്മതം തരികയാണുണ്ടായത്. പിന്നേറ്റ് തന്നെ ചാരിറ്റിക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്ത്, സ്‌നേഹവീടിന് എഴുതികൊടുത്തു. മക്കള്‍ ആരും എതിര്‍പറയില്ല.

? സ്‌നേഹവീട്-ഒരു വനിതാ സങ്കേതം മാത്രമാണോ.
അതെ വനിതകള്‍ക്ക് മാത്രമുള്ളതാണ്.

? എങ്ങിനെയുള്ളവര്‍ക്കാണ് ഇവിടെ അഭയം കൊടുക്കുന്നത്.
ആരും ശ്രദ്ധിക്കാനില്ലാത്ത, എല്ലാവരാലും തഴയപ്പെട്ട വനിതകള്‍ക്കാണ് ഇവിടെ അഭയം നല്‍കുന്നത്. കരഞ്ഞുകൊണ്ടാണ് ഇവിടെ പലരും വരിക. സ്വന്തക്കാര്‍ ഉപേക്ഷിച്ചതിന്റെ തേങ്ങല്‍. ഇവിടെ വന്ന് കുറച്ചുദിവസം കഴിഞ്ഞാല്‍ അവര്‍ അവരുടെ സങ്കടത്തില്‍ നിന്നും വിമുക്തരാകും. പിന്നെ പരിഭവങ്ങളില്ലാതെ ഉള്ളതുകൊണ്ട് ഓണമായി സന്തോഷത്തോടെ എല്ലാവരുമായി ഇഴുകി കഴിയും.

? സ്‌നേഹവീട്ടിലെ അന്തേവാസികളുടെ പരിചരണം, ഭക്ഷണം, ചികിത്സ.
ഇവിടത്തെ അന്തേവാസികളുടെ പരിചരണത്തിന് രണ്ടുപേരെ നിയമിച്ചിട്ടുണ്ട്. ഭക്ഷണം ഞങ്ങള്‍ കഴിക്കുന്നത് തന്നെ എന്റെ വീട്ടില്‍ നിന്നും ഉണ്ടാക്കി അവര്‍ക്ക് നല്‍കുന്നു. ഭര്‍ത്താവും മകനും മകളും ഡോക്ടര്‍മാരാണ്. ഇവര്‍ നോക്കും. വേണ്ടിവന്നാല്‍ പ്രത്യേക വിദഗ്ധന്‍മാരെ കൊണ്ടുവന്ന് ചികിത്സിക്കും. കരുണയുള്ള സന്‍മനസ്സുകള്‍ സഹായവുമായി വരാറുണ്ട്. ആ നല്ല മനസ്സുകളുടെ പ്രാര്‍ത്ഥനയാണ് ഇതുപോലുള്ള വീടുകളുടെ ശക്തിയും ബലവും.

? ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണോ ഇതിന്റെ പ്രവര്‍ത്തനം.
ഞാന്‍ ഡയറക്ടറായി ഒറ്റക്ക് തന്നെ നടത്തുകയായിരുന്നു. എന്റെ ഉമ്മാന്റെ പേരില്‍ 15 വര്‍ഷം മുമ്പ് തുടങ്ങിയ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയുണ്ട്. അതിന്റെ കീഴില്‍ ഒരു ലൈബ്രറിയും ഹോം സയന്‍സ് ക്ലാസും നടത്തുന്നു. ഇപ്പോള്‍ അതിന്റെ കീഴില്‍ തന്നെ സ്‌നേഹവീടും ആക്കി. മനുഷ്യന്റെ സ്ഥിതിയല്ലേ -എനിക്ക് എന്തെങ്കിലും ആയിപ്പോയാല്‍ ഇവരെ നോക്കാന്‍ ആരുമില്ലാതെ ആയി പോകരുത് എന്ന് കരുതിയാണ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ആക്കിയത്.

? ഭാവി പ്രവര്‍ത്തനങ്ങള്‍.
സ്‌നേഹവീടിന്റെ ഭാഗമായി വനിതകള്‍ക്കായി സുരക്ഷാ സങ്കേതം, ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ എന്നിവ തുടങ്ങി. ഇനി രാത്രിയില്‍ നഗരത്തിലെത്തുന്ന വനിതകള്‍ക്ക് താമസിക്കാനായി ജനമിത്ര അഭയകേന്ദ്രം തുടങ്ങാനുള്ള പരിപാടിയുമായി നീങ്ങുന്നു. എല്ലാ ചെലവും ഞാന്‍ തന്നെയാണ് വഹിക്കുന്നത്. ഭര്‍ത്താവിന്റെയും മക്കളുടെയും അനുഗ്രഹത്താല്‍ അള്ളാഹുവിന്റെ കൃപകൊണ്ട്.

? സ്വന്തം വീട്‌ന് ‘അഖ്‌ന’ എന്നാണല്ലോ പേരിട്ടിരിക്കുന്നത്. ഇതിന്റെ സാരാംശം?
‘അഖ്‌ന’ എന്നാണ് എന്റെ വീടിന്റെ പേര്. ഇതിന്റെ അര്‍ത്ഥം ‘ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക’ എന്നാണ്. ഖുര്‍ ആനിലെ ഒരു സൂറത്തില്‍ നിന്നുള്ള വാക്കാണിത്.

? വിവിധ രംഗങ്ങളിലെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയം കണ്ടെത്തുന്നത്.
ആറുകൊല്ലം കേരളസാമൂഹ്യ ക്ഷേമബോര്‍ഡ് ചെയര്‍പേഴ്‌സന്‍ ആയിരുന്നു. 21 വര്‍ഷം സ്റ്റേറ്റ് വനിതാ ലീഗിന്റെ പ്രസിഡന്റായിരുന്നു. ഇത്രയും കാലം സമയക്കുറവ് തന്നെ ആയിരുന്നു. ഇപ്പോള്‍ കുറച്ച് സമയം കിട്ടുന്നുണ്ട്. എല്ലാറ്റിനുള്ള സമയവും അവനവന്‍ തന്നെ ക്രമപ്പെടുത്തി ഉണ്ടാക്കണം. എല്ലാവര്‍ക്കും ഒരു ദിവസം 24 മണിക്കൂര്‍ മാത്രമാണ്. അതിനെ നമ്മള്‍ ഓരോരുത്തരും ക്രമപ്പെടുത്തി എടുക്കണം.

? കുടുംബം.
ഭര്‍ത്താവും നാലു മക്കളും. ‘അഖ്‌ന’ വീട്ടില്‍ ഞാനും ഭര്‍ത്താവും മാത്രം. മക്കള്‍ നാലുപേരും കല്യാണം കഴിച്ച് അവരുടെ കുടുംബങ്ങളുമായി കഴിയുന്നു. ഇളയമകനും ഭാര്യയും ഞങ്ങള്‍ എടുത്തുകൊടുത്ത തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നു. രണ്ടുപേരും തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരാണ്. അത് ഞങ്ങള്‍ക്ക് ഒരനുഗ്രഹമാണ്. ദൈവത്തിന് നന്ദി പറയുന്നു.

 

 

You must be logged in to post a comment Login