അഭയാര്‍ഥികളോടുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സമീപനം ആശങ്കയുണ്ടാക്കുന്നതായി യുഎന്‍

ജനീവ: അഭയാര്‍ഥി വിഷയത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ഐക്യരാഷ്ട്രസഭയുടെ രൂക്ഷ വിമര്‍ശനം. അഭയാര്‍ഥികളോടുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സമീപനം ആശങ്കയുണ്ടാക്കുന്നതായി യുഎന്‍ വ്യക്തമാക്കി.പാപ്പുവന്യൂഗിനിയയിലുള്ള റീജിയണല്‍ പ്രൊസസിംഗ് സെന്ററില്‍ നിന്ന് അഭയാര്‍ഥികള്‍ പുറത്താക്കപ്പെട്ടതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് യുഎന്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇപ്പോള്‍ ഉണ്ടാകുന്ന നടപടികള്‍ തീര്‍ത്തും മനുഷ്യാവകാശലംഘനമാണെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി ഹൈക്കമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസൈനിയുടെ വക്താവ് റുപര്‍ട്ട് കോള്‍വില്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നും അഭയാര്‍ഥികള്‍ക്ക് ആവശ്യമായ സുരക്ഷ, ഭക്ഷണം, വെള്ളം മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും കോള്‍വിന്‍ അറിയിച്ചു. കടലില്‍ നിന്ന് അഭയാര്‍ഥികളെ രക്ഷിക്കുകയും പിന്നീട് അവരോട് മോശമായി പെരുമാറുകയും അതിനു ശേഷം അവരെ പുറന്തള്ളുകയും ചെയ്യുന്ന ഓസ്‌ട്രേലിയന്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് യുഎന്നിന്റെ അഭയാര്‍ഥി ഏജന്‍സി വക്താവ് ബാബര്‍ ബലൂചും പറഞ്ഞു.

അഭയാര്‍ഥി കേന്ദ്രങ്ങളിലേക്കുള്ള വെള്ളവും മെഡിക്കല്‍ സേവനവും ചൊവ്വാഴ്ചയോടെ നിര്‍ത്തലാക്കിയിരുന്നു. വൈദ്യുതി ബുധനാഴ്ച വിച്ഛേദിക്കപ്പെട്ടു. വെള്ളത്തിനായി ഇവിടെയുള്ളവര്‍ കുഴി കുത്താനുള്ള ശ്രമത്തിലാണ്.

You must be logged in to post a comment Login