അഭയ കേസ്: ഫാ. കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സിസ്റ്റർ അഭയക്കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ ഫാ. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. കേസിലെ ഒന്നാം പ്രതിയാണ് ഫാ. കോട്ടൂർ. സിസ്റ്റർ സെഫി മൂന്നാം പ്രതിയാണ്.

ജസ്റ്റിസുമായ അബ്ദുള്‍ നസീർ, സുഭാഷ് റെഡ്ഡി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. ഏപ്രിൽ ഒമ്പതിലെ ഹൈക്കോടതി വിധിക്കെതിരെ ഇരുവരും നൽകിയ പ്രത്യേകാനുമതി ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു.

2008 നവംബർ 19നാണ് ഫാ. തോമസ് കോട്ടൂർ, ഫാ. പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികൾക്കെതിരെ വിവരങ്ങൾ ലഭ്യമല്ലെന്നു പലതവണ നൽകിയ അന്തിമ റിപ്പോർട്ടുകൾ കോടതി തള്ളിയിരുന്നു.

ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്നു വിധിച്ച ഹൈക്കോടതി രണ്ടാം പ്രതി ഫാ. പുതൃക്കയിലിനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടി ശരിവയ്ക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login