അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമെന്ന് സംവിധായകൻ കമൽ

ഷെയ്ൻ നിഗം വിഷയത്തിൽ അമിത വൈകാരിക പ്രകടനം ഇരുകൂട്ടരുടേയും ഭാഗത്തുനിന്നുമുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. തർക്കം പരിഹരിക്കാൻ ഫെഫ്ക മുൻകൈ എടുക്കണം. സെറ്റുകളിൽ ലഹരി ഉപയോഗമുണ്ടെങ്കിൽ പൊലീസിനെ അറിയിക്കുകയാണ് വേണ്ടിയിരുന്നതെന്നും കമൽ ട്വന്റിഫോറിനോട് പറഞ്ഞു.

ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ വിശേഷങ്ങൾ ട്വന്റിഫോറിനോട് പങ്കുവയ്ക്കുമ്പോഴാണ് സിനിമാ മേഖലയിലെ പുതിയ വിവാദത്തിൽ കമൽ നിലപാട് വ്യക്തമാക്കിയത്. സെറ്റുകളിൽ അച്ചടക്കം കുറഞ്ഞുവരികയാണ്. ഒഴിവാക്കാമായിരുന്ന വിവാദമാണ് ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ടുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സെറ്റിൽ മുൻതൂക്കം സംവിധായകനാകണം. അഭിനേതാക്കളെ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെഫ്കയുടെ ഇടപെടൽ പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമാ മേഖലയിൽ സൗഹൃദത്തിന്റെ അന്തരീക്ഷം തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login