അഭിമന്യുവിനെ കുത്തിയത് ആരെന്ന് വെളിപ്പെടുത്തി മുഹമ്മദ്

 

muhammed reveals who stabbed abhimanyuകൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഒന്നാം പ്രതി മുഹമ്മദ് ഒളിവിലുള്ള മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായി സൂചന. ആരാണ് കുത്തിയതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതോടെ മറ്റു പ്രതികളിലേയ്ക്ക് എത്താനുള്ള വഴി തെളിഞ്ഞതായാണ് പോലീസിന്‍റെ പ്രതീക്ഷ.

ജൂലൈ ഒന്ന് രാത്രി എട്ടരയോടെയായിരുന്നു കോളേജ് മതിലിലെ ചുവരെഴുത്ത് സംബന്ധിച്ച് എസ്എഫ്ഐ – ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിൽ തര്‍ക്കമുണ്ടായത്. ഇരുകൂട്ടരും പിരിഞ്ഞു പോയെങ്കലും അര്‍ധരാത്രിയോടെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വീണ്ടും സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി. പിന്നീടുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്.

എറണാകുളം സൗത്തിലുള്ള കൊച്ചിൻ ഹൗസ് എന്ന ലോഡ്ജിൽ തങ്ങിയിരുന്ന അക്രമിസംഘത്തെ മുഹമ്മദാണ് വിളിച്ചുവരുത്തിയെന്നാണ് പോലീസ് കരുതുന്നത്.

കോളേജിനു മുന്നിലെ മതിലുകള്‍ ചുവരെഴുത്തിനായി എസ്എഫ്ഐ ബുക്ക് ചെയ്തിരുന്നെങ്കിലും അവിടെത്തന്നെ എഴുതണമെന്ന തീരുമാനത്തിലായിരുന്നു ക്യാംപസ് ഫ്രണ്ട്. ഇതിനായി ജില്ലാ നേതൃത്വത്തിൽ നിന്ന് അനുമതിയും വാങ്ങിയിരുന്നു. ഏതുസാഹചര്യത്തിലും ഇവിടെ ചുവരെഴുതണമെന്ന് ക്യാംപസ് ഫ്രണ്ട് തീരുമാനിച്ചിരുന്നു. എതിര്‍പ്പുണ്ടായാൽ ആയുധം കൊണ്ട് നേരിടണമെന്നായിരുന്നു തീരുമാനം. ഇതിനു ശേഷമാണ് വിഷയത്തിൽ എസ്എഫ്ഐയുമായി തര്‍ക്കമുണ്ടായത്.

അതേസമയം, ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് വേണ്ടത്ര പ്രകോപനം ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തിനുപിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നുമാണ് പോലീസിന്‍റെ കണ്ടെത്തൽ. പൊക്കം കുറവുള്ള ഒരാളാണ് കുത്തയതെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

You must be logged in to post a comment Login