അഭിമന്യു വധം : കൊലയാളി പിടിയില്‍ ; അറസ്റ്റിലായത് കണ്ണൂരില്‍ നിന്നെന്ന് സൂചന  

കൊച്ചി : മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരു പ്രതി പിടിയിലായി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലുവ സ്വദേശിയാണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് ഇയാള്‍. കണ്ണൂരിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് സൂചന. ഇയാളുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കൊലപാതകത്തെ കുറിച്ച് നേരിട്ട് അറിവുണ്ടായിരുന്ന മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയത് 15 അം​ഗ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലയാളി സംഘത്തിലെ ശേഷിക്കുന്ന 12 പേരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.

അഭിമന്യുവിന്റെ കൊലയാളികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിഡണ്ടുള്‍പ്പെടെ 20 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടെ ആലപ്പുഴയില്‍ നിന്നും പൊലീസ് പിടിയിലായി. പ്രതികള്‍ക്കായി എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്.

സംസ്ഥാന വ്യാപകമായി നടന്ന തിരച്ചിലില്‍ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ നിന്നും മാരകായുധങ്ങളുള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകത്തില്‍ എസ്ഡിപിഐയുടെയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെയും പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ ശക്തമാക്കിയത്.

You must be logged in to post a comment Login