അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് വി.മുരളീധരന്‍; കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരം

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് വി.മുരളീധരന്‍. അല്‍ഫോന്‍സ് കണ്ണന്താനം പരിഭാഷകനല്ല, ഐഎഎസ് ഉദ്യോഗസ്ഥനാണ്. കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരമാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

‘ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ഈ വലിച്ച് താഴെയിടുമെന്നു പറഞ്ഞാല്‍ എന്താണതിനര്‍ത്ഥം. അത് മലയാളത്തിലെ ഒരു പ്രയോഗമാണ്. അതിനര്‍ത്ഥം കേന്ദ്രം ഇടപെടുമെന്നല്ല. ജനങ്ങള്‍ താഴെയിടുമെന്നാണ്’ എന്നാണു മുരളീധരന്‍ വിശദീകരിച്ചത്.

ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ പറഞ്ഞെന്നായിരുന്നു വി.മുരളീധരന്റെ പരിഭാഷ. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വലിച്ചു താഴെയിടുമെന്നല്ല, ജനങ്ങള്‍ വലിച്ചു താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്നായിരുന്നു കണ്ണന്താനം പറഞ്ഞത്. മുരളീധരന് പരിഭാഷയില്‍ പിഴവുപറ്റിയതാണെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്.

ജനങ്ങുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ വലിച്ച് താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്നും തര്‍ജ്ജമ ചെയ്തപ്പോള്‍ ചില വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയതാണെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്.

ശനിയാഴ്ചയാണ് കണ്ണൂരില്‍ അമിത്ഷാ സര്‍ക്കാറിനെതിരെ ഇത്തരത്തില്‍ പ്രസംഗിച്ചത്. അയ്യപ്പ ഭക്തന്മാരെ അടിച്ചമര്‍ത്തുന്ന ഈ സമീപനം തീക്കളിയാണ്. സുപ്രീം കോടതിയുടെ നിരവധി വിധികളുണ്ട്. ആ വിധികളൊന്നും നടപ്പിലാക്കാന്‍ കാണിക്കാത്ത ആവേശം ശബരിമലയുടെ കാര്യത്തില്‍ കാണിക്കുന്നതെന്തിനാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

You must be logged in to post a comment Login